വിദേശത്ത് ഈ വര്‍ഷം ഏറ്റവും കളക്ഷന്‍ നേടുന്ന തെന്നിന്ത്യന്‍ സിനിമയായി 'ബെത്‍ലഹേം'

Published : Oct 06, 2026, 05:28 PM IST
bethlehem kudumba unit

Synopsis

ആഗോളതലത്തിൽ 330 കോടിയിലധികം രൂപയാണ് ചിത്രം ഇതിനോടകം നേടിയത്.

ഓരോ വര്‍ഷം കടന്നുപോകുന്തോറും മലയാള സിനിമയുടെ മാര്‍ക്കറ്റ് വളരുകയാണ്. പോസിറ്റീവ് അഭിപ്രായം നേടുന്ന ചിത്രങ്ങളുടെ കളക്ഷനില്‍ ഇക്കാര്യം ശരിക്കും പ്രതിഫലിക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍ നിവിന്‍ പോളി- മമിത ബൈജു ചിത്രം ബെത്‍ലഹേം കുടുംബ യൂണിറ്റ് ആണ് ബോക്സ് ഓഫീസില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. മലയാളികള്‍ക്ക് പുറത്തേക്കും പ്രേക്ഷകപ്രീതി നേടി ചര്‍ച്ചയായ ചിത്രം ഒരു ശ്രദ്ധേയ നേട്ടവും കൈവരിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ ഇറങ്ങിയ തെന്നിന്ത്യന്‍ സിനിമകളില്‍ വിദേശത്തു നിന്ന് ഏറ്റവും കളക്ഷന്‍ നേടിയിരിക്കുന്നത് ബെത്‍ലഹേം ആണ്.

ഓണത്തിന് ഒരാഴ്ച മുന്‍പേ, ഓഗസ്റ്റ് 21 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രത്തിന്‍റെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 330.86 കോടിയാണ്. ഇതിന്‍റെ 42 ശതമാനവും വന്നത് വിദേശ മാര്‍ക്കറ്റുകളില്‍ നിന്നാണ്. അതായത് 138.45 കോടി! ഇത് വന്നിരിക്കുന്നത് ഏതെങ്കിലും ഒരു മാര്‍ക്കറ്റില്‍ നിന്നല്ല, മറിച്ച് പല മാര്‍ക്കറ്റുകളില്‍ നിന്നായി ആണ്. നോര്‍ത്ത് അമേരിക്ക, മിഡില്‍ ഈസ്റ്റ്, യുകെ- അയര്‍ലന്‍ഡ്, ഓഷ്യാനിയ എന്നീ മേഖലകളില്‍ നിന്നൊക്കെ ചിത്രം പണം വാരി. ഈ വര്‍ഷത്തെ തെന്നിന്ത്യന്‍ റിലീസുകളില്‍ വിദേശത്തു നിന്ന് ഏറ്റവുമധികം കളക്റ്റ് ചെയ്ത ആദ്യ അഞ്ച് ചിത്രങ്ങളില്‍ മൂന്നും മലയാളത്തില്‍ നിന്നാണ് എന്നതും ശ്രദ്ധേയം.

ബെത്‍ലഹേമിന്‍റെ വിദേശ കളക്ഷന്‍ 138.45 കോടി ആണെങ്കില്‍ രണ്ടാം സ്ഥാനത്തുള്ള ദൃശ്യം 3 (മലയാളം) നേടിയത് 111.70 കോടി ആയിരുന്നു. മൂന്നാം സ്ഥാനത്ത് വിജയ്‍യുടെ അവസാന ചിത്രമായ ജനനായകന്‍ ആണ്. 93.50 കോടി ആണ് ജനനായകന്‍റെ ലൈഫ് ടൈം ഓവര്‍സീസ് ബോക്സ് ഓഫീസ്. നാലാം സ്ഥാനത്ത് മലയാള ചിത്രം വാഴ 2 ആണ്. നേടിയത് 85.55 കോടി. സൂര്യ നായകനായ തമിഴ് ചിത്രം കറുപ്പ് ആണ് ലിസ്റ്റില്‍ അഞ്ചാമത്തെ ചിത്രം. 81.15 കോടിയാണ് കറുപ്പ് വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് നേടിയത്. അതേസമയം ബെത്‌ലഹേമിന്‍റെ ഇന്ത്യന്‍ ഗ്രോസ് 192.41 കോടി ആണ്. നിവിന്‍ പോളിയുടെയും മമിത ബൈജുവിന്‍റെയും സംവിധായകന്‍ ഗിരീഷ് എ ഡിയുടെയും കരിയറുകളിലെ ഏറ്റവും വലിയ വിജയമാണ് ബെത്‍ലഹേം.

PREV
Read more Articles on
click me!

Recommended Stories

ജേസൺ സഞ്ജയ് ചിത്രം സിഗ്‍മ; നാല് ദിവസം കൊണ്ട് ഇന്ത്യയിൽ നിന്നും നേടിയത് 7 കോടി
എന്തൊരു കുതിപ്പ്, ദൃശ്യം 3യുടെ കളക്ഷൻ ഞെട്ടിക്കുന്നത്