300 കോടി കടന്ന് 'ബെത്‍ലഹേം കുടുംബ യൂണിറ്റ്'; 'ലോക'യ്ക്ക് പിന്നാലെ എലൈറ്റ് ക്ലബ്ബിലേക്ക് ആദ്യ എന്‍ട്രി

Published : Sep 13, 2026, 02:30 PM IST
Bethlehem Kudumba Unit

Synopsis

നിവിൻ പോളി നായകനായ ബെത്‍ലഹേം കുടുംബ യൂണിറ്റ് 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ്

പ്രേക്ഷകപ്രീതിയില്‍ ഉയരങ്ങള്‍ കീഴടക്കിയ മലയാള ചിത്രം ബെത്‍ലഹേം കുടുംബ യൂണിറ്റ് 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ 300 കോടി ക്ലബ്ബ് ചിത്രമായിരിക്കുകയാണ് ഇതോടെ ബെത്‍ലഹേം. കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ലോക: ചാപ്റ്റര്‍ 1 ചന്ദ്രയാണ് ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയ മലയാള ചിത്രം. എന്നാല്‍ ലോകയെ അപേക്ഷിച്ച് അതിവേഗമായിരുന്നു ബെത്‍ലഹേമിന്‍റെ ബോക്സ് ഓഫീസ് കുതിപ്പ്. ലോകയുടെ ലൈഫ് ടൈം കളക്ഷന്‍ 302- 304 കോടി റേഞ്ചില്‍ ആയിരുന്നുവെങ്കില്‍ ബെത്‍ലഹേം 300 കോടി ക്ലബ്ബില്‍ എത്തിയിരിക്കുന്നത് വെറും 23 ദിവസം കൊണ്ടാണ്. അതിനാല്‍ത്തന്നെ ചിത്രത്തിന്‍റെ ഫൈനല്‍ ഗ്രോസ് നിലവില്‍ പ്രെഡിക്റ്റ് ചെയ്യാന്‍ സാധിക്കില്ല.

ചിത്രം 300 കോടി ക്ലബ്ബില്‍ എത്തിയതായി ട്രാക്കര്‍മാര്‍ അറിയിക്കുന്ന സമയത്തും ബുക്ക് മൈ ഷോയില്‍ നിലവില്‍ മണിക്കൂറില്‍ 8600 ല്‍ അധികം ടിക്കറ്റുകളാണ് ചിത്രം വിറ്റുകൊണ്ടിരിക്കുന്നത്. ചെന്നൈയിലും ഹൈദരാബാദിലുമൊക്കെ ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ക്ക് ഇന്നും ഫാസ്റ്റ് ഫില്ലിംഗ് ഷോസ് ഉണ്ട്. വാഴ 2 നെ മറികടന്ന് കഴിഞ്ഞ ദിവസം തന്നെ ചിത്രം കേരളത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന മലയാള ചിത്രമായി മാറിയിരുന്നു. ഗിരീഷ് എ ഡിയുടെയും ഭാവന സ്റ്റുഡിയോസിന്‍റെയും നിവിന്‍ പോളിയുടെയും ഫിലിമോഗ്രഫിയിലെ ഏറ്റവും വലിയ പണംവാരിപ്പടമാണ് ബെത്‍ലഹേം കുടുംബ യൂണിറ്റ്.

വര്‍ഷങ്ങളുടെ ബോക്സ് ഓഫീസ് വരള്‍ച്ചയ്ക്ക് ശേഷം അടുത്തടുത്ത രണ്ട് ഹിറ്റുകള്‍ ലഭിച്ചു എന്നത് നിവിന്‍ പോളിക്ക് വലിയ ആശ്വാസമാവും പകരുക. അദ്ദേഹത്തിന്‍റെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം കഴിഞ്ഞ വര്‍ഷം ക്രിസ്മസ് റിലീസ് ആയി എത്തിയ സര്‍വ്വം മായ ആയിരുന്നു. ഇപ്പോഴിതാ മാസങ്ങളുടെ ഇടവേളയ്ക്കിപ്പുറം കരിയറിലെ ആദ്യ 300 കോടി ചിത്രവും സ്വന്തമാക്കിയിരിക്കുകയാണ് നിവിന്‍.

നായികാ കഥാപാത്രമായി എത്തിയ മമിത ബൈജുവിനെ സംബന്ധിച്ചും തിളക്കമേറിയതാണ് ഈ വിജയം. വെറും രണ്ട് മാസങ്ങളുടെ ഇടവേളയില്‍ മമിത അഭിനയിച്ച മൂന്നാമത്തെ ചിത്രമാണ് ബോക്സ് ഓഫീസില്‍ വമ്പന്‍ കളക്ഷന്‍ നേടുന്നത്. വിജയ് നായകനായ ജനനായകനില്‍ ഒരു പ്രധാന കഥാപാത്രത്തെ മമിത അവതരിപ്പിച്ചിരുന്നു. ചിത്രം 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ഓഗസ്റ്റില്‍ എത്തിയ സൂര്യ ചിത്രം വിശ്വനാഥ് ആന്‍ഡ് സണ്‍സില്‍ നായികയായിരുന്നു മമിത. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമായ ചിത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ ബെത്‍ലഹേമിലൂടെ താന്‍ നായികയായ ആദ്യ ചിത്രം 300 കോടി കടക്കുന്നതിനും സാക്ഷ്യം വഹിക്കുകയാണ് മമിത.

PREV
Read more Articles on
click me!

Recommended Stories

തിയറ്ററില്‍ നിന്ന് ആകെ എത്ര? 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' ഫൈനല്‍ കളക്ഷന്‍ കണക്കുകള്‍
ഇപ്പോഴും തിയറ്ററുകളില്‍ ആളെ കൂട്ടി 'ഇരുമുടി'; രവി തേജ ചിത്രം ഇതുവരെ നേടിയത്