
ഒരു സിനിമയുടെ ആദ്യ പ്രദര്‍ശനം ഏത് സമയത്താണ് എന്നത് പലപ്പോഴും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍റെ താരമൂല്യവുമായി ബന്ധപ്പെടുത്തി സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവാറുണ്ട്. കേരളത്തില്‍ വിജയ് ചിത്രങ്ങള്‍ക്ക് പലപ്പോഴും പുലര്‍ച്ചെ 4 മണിക്ക് ആദ്യ പ്രദര്‍ശനങ്ങള്‍ ലഭിച്ചിട്ടുണ്ട്. രജനികാന്ത്, മോഹന്‍ലാല്‍ ചിത്രങ്ങളും നന്നേ പുലര്‍ച്ചെ ഇവിടെ ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ അധികം താരങ്ങള്‍ക്കൊന്നും ലഭിക്കാത്ത ഒരു അവസരം സ്വന്തമാക്കിയിരിക്കുകയാണ് ഒരു വിദേശ ഭാഷാ ചിത്രം. ജാപ്പനീസ് അനിമെ ചിത്രമായ ഡെമോണ്‍ സ്ലെയര്‍: കിമെത്‍സു നോ യൈബ- ദി മൂവി: ഇന്‍ഫിനിറ്റി കാസില്‍ ആണ് ഇന്ത്യയിലെ പ്രീ ബുക്കിംഗിലും ആദ്യ പ്രദര്‍ശനങ്ങളുടെ ടൈമിംഗിലും വാര്‍ത്ത സൃഷ്ടിക്കുന്നത്.
പുതുതലമുറ സിനിമാപ്രേമികളില്‍ ലോകമാകെ ആരാധകരുള്ള ജോണര്‍ ആണ് ജാപ്പനീസ് അനിമെ. ഇന്ത്യയിലും ഇങ്ങ് കേരളത്തിലും ഇത്തരം ചിത്രങ്ങള്‍ക്ക് ആരാധകരുണ്ട്. പ്രധാന റിലീസുകളൊക്കെ ഇങ്ങ് കേരളത്തിലും എത്താറുണ്ട്. ജാപ്പനീസ് അനിമെ ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് ഇന്‍ഫിനിറ്റി കാസില്‍. ജപ്പാന്‍, സൗത്ത് കൊറിയ, തായ്‍വാന്‍ എന്നിവിടങ്ങളിലൊക്കെ ജൂലൈയില്‍ എത്തിയ ചിത്രം ഇന്ത്യ, യുഎസ് അടക്കമുള്ള രാജ്യങ്ങളിലേക്ക് നാളെയാണ് എത്തുന്നത്. ചിത്രത്തിന് ഇന്ത്യയിലുള്ള ഡിമാന്‍ഡ് മനസിലാക്കി സോണി പിക്ചേഴ്സ് രാജ്യത്ത് 1700 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ ഇന്ത്യയിലെ ഏറ്റവും പുതിയ പ്രീ സെയില്‍സ് കണക്കുകളും പുറത്തെത്തിയിട്ടുണ്ട്.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍ക് ഇന്ന് വൈകിട്ട് പുറത്തുവിട്ട കണക്ക് പ്രകാരം റിലീസ് ദിനമായ വെള്ളിയാഴ്ചയിലേക്ക് മാത്രം ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയത് 12 കോടിയാണ്. ആദ്യ പ്രദര്‍ശനം ആരംഭിക്കാന്‍ ഇനിയും മണിക്കൂറുകള്‍ ശേഷിക്കെ ആദ്യ ദിനത്തിലേക്കുള്ള ഫൈനല്‍ പ്രീ സെയില്‍സ് 14-15 കോടിയില്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം ആദ്യ വാരാന്ത്യത്തിലേക്കുള്ള (വെള്ളി- ഞായര്‍) അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം ഇതിനകം 25 കോടിയില്‍ അധികം നേടിയിട്ടുണ്ട്.
ഇന്ത്യയിലെ ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം ആരംഭിക്കുന്നത് വെള്ളിയാഴ്ച പുലര്‍ച്ചെ 12.01 ന് ആണ്. മുംബൈ ഖട്കോപ്പറിലുള്ള ഐനോക്സിന്‍റെ ഐമാക്സ് സ്ക്രീനിലാണ് ഇത്. കേരളത്തില്‍ കൊച്ചി സിനിപൊളിസ് ഐമാക്സിലെ ആദ്യ ഷോ പുലര്‍ച്ചെ 4.30 ന് ആണ്. അതേസമയം പ്രീ ബുക്കിംഗില്‍ വലിയ സംഖ്യ നേടിയെങ്കിലും ജാപ്പനീസ് അനിമെയുടെ ഇന്ത്യയിലെ ഫാന്‍സ് സിനിമാപ്രേമികളില്‍ ഒരു ചെറിയ ശതമാനമാണ്. അതിനാല്‍ത്തന്നെ ആദ്യ വാരാന്ത്യത്തില്‍ ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തിയാലും തുടര്‍ ദിനങ്ങളില്‍ പ്രേക്ഷകരെ എത്തിക്കുമോ എന്നത് സംശയമാണ്. അതറിയാനുള്ള കാത്തിരിപ്പിലുമാണ് ഇന്ത്യയിലെ തിയറ്റര്‍ വ്യവസായം.