
ഹൊറര്‍ ഗണത്തില്‍ പെടുന്ന ചിത്രങ്ങള്‍ക്ക് പുതിയൊരു ഭാവുകത്വം പകര്‍ന്ന സംവിധായകനാണ് രാഹുല്‍ സദാശിവന്‍. പ്രേക്ഷകശ്രദ്ധ നേടിയ ഭൂതകാലം, ഭ്രമയുഗം എന്നീ ചിത്രങ്ങള്‍ക്ക് ശേഷ് അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ എത്തിയ ചിത്രമായിരുന്നു പ്രണവ് മോഹന്‍ലാല്‍ നായകനായ ഡീയസ് ഈറേ. ഹാലോവീന്‍ റിലീസ് ആയി ഒക്ടോബര്‍ 31 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. മലയാള സിനിമയെ സംബന്ധിച്ച് റിലീസ് തലേന്ന് പെയ്ഡ് പ്രീമിയര്‍ നടത്തുക എന്ന പുതുമയും നിര്‍മ്മാതാക്കള്‍ പരീക്ഷിച്ചിരുന്നു. പ്രീമിയര്‍ ഷോകളില്‍ മികച്ച അഭിപ്രായം നേടിയ ചിത്രം റിലീസ് ദിനത്തിലും അത് തുടര്‍ന്നു. ഫലം ബോക്സ് ഓഫീസിലും ചിത്രം ചലനമുണ്ടാക്കി. മലയാളത്തില്‍ ശ്രദ്ധ നേടിയതിന് ശേഷം നവംബര്‍ 7 ന് ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പും തിയറ്ററുകളില്‍ എത്തി. മുന്‍പ് മലയാളത്തില്‍ വിജയിച്ച പല ചിത്രങ്ങളുടെയും തെലുങ്ക് പതിപ്പുകളും ബോക്സ് ഓഫീസില്‍ ചലനമുണ്ടാക്കിയിട്ടുണ്ട്. ഡീയസ് ഈറേയെ ആ കൂട്ടത്തില്‍ പെടുത്താനാവുമോ? ഇപ്പോഴിതാ അത് സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ഡീയസ് ഈറേ തെലുങ്ക് പതിപ്പ് ആദ്യ അഞ്ച് ദിനങ്ങളില്‍ നിന്ന് നേടിയത് 30 ലക്ഷം രൂപയാണ്. ഗ്രോസ് അല്ല, മറിച്ച് നെറ്റ് കളക്ഷനാണ് ഇത്. ആവേശകരമായ പ്രതികരണമല്ല ഇതെന്ന് പറയേണ്ടിവരും. അതേസമയം മലയാളം പതിപ്പ് രണ്ടാഴ്ച പിന്നിടാന്‍ ഒരുങ്ങുമ്പോഴും തിയറ്ററുകളില്‍ നിന്ന് ഭേദപ്പെട്ട കളക്ഷന്‍ നേടുന്നുണ്ട്. 80 ലക്ഷം രൂപയാണ് ബുധനാഴ്ച മലയാളം പതിപ്പ് ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍. ഇന്ത്യയില്‍ നിന്ന് ചിത്രം ഇതുവരെ നേടിയ നെറ്റ് കളക്ഷന്‍ 37.15 കോടിയും ഗ്രോസ് 42.8 കോടിയുമാണ്. വിദേശത്തുനിന്നുള്ള 31.2 കോടി അടക്കം 13 ദിവസത്തെ ആഗോള ഗ്രോസ് 74 കോടിയില്‍ എത്തിയിട്ടുണ്ട്. മലയാളത്തിലെ ഈ വര്‍ഷത്തെ ഹയസ്റ്റ് കളക്റ്റഡ് ചിത്രങ്ങള്‍ക്കൊപ്പമാണ് ഡീയസ് ഈറേയുടെ സ്ഥാനം. അതേസമയം ചിത്രത്തിന് ഇപ്പോഴും ഒക്കുപ്പന്‍സി ഉള്ളതിനാല്‍ ക്ലോസിംഗ് ബോക്സ് ഓഫീസ് ഇപ്പോള്‍ പ്രവചിക്കാനാവില്ല.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സംവിധായകൻ രാഹുൽ സദാശിവൻ തന്നെ തിരക്കഥയും രചിച്ചിരിക്കുന്ന ഈ ഹൊറർ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത് ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ്.