
മലയാള സിനിമ ഇന്ന് ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനമായി തല ഉയർത്തി നിൽക്കുകയാണ്. ഒരു കാലത്ത് കോടി ക്ലബ്ബുകളെന്നാൽ ബോളിവുഡ് എന്ന് പറഞ്ഞിരുന്നെങ്കിൽ. ഇന്ന് അവർക്കൊപ്പം കിടപിടിക്കുകയാണ് മലയാള സിനിമ. ഏറെ വിദൂരമായിരുന്ന കോടി ക്ലബ്ബ് സിനിമകളെ കൈവെള്ളയിലാക്കുന്ന മോളിവുഡിന് ഏറ്റവും ഒടുവിൽ 300 കോടി ക്ലബ്ബ് ചിത്രവും സ്വന്തമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇതുവരെയുള്ള കോടി ക്ലബ്ബിലെ മലയാള സിനിമയുടെ നാഴികക്കല്ലുകൾ ഏതൊക്കെ സിനിമകളാണെന്ന് നോക്കാം.
2013ൽ ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം ആണ് ആദ്യത്തെ 50 കോടി ക്ലബ്ബിലെത്തിയ സിനിമയെന്ന് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു. പിന്നാലെ 2016ൽ പുലിമുരുകനിലൂടെ മോഹൻലാൽ തന്നെ 100 കോടി ക്ലബ്ബ് പടവും മലയാള സിനിമയ്ക്ക് സമ്മാനിച്ചു. കേരളം നേരിട്ട മഹാപ്രളയത്തിന്റെ കഥപറഞ്ഞ 2018 ആണ് ആദ്യത്തെ 150 കോടി പടം. മൾട്ടി സ്റ്റാർ ചിത്രമാണിത്.
300 കോടി ക്ലബ്ബിലേക്കുള്ള മോളിവുഡിൻ്റെ യാത്ര
50 കോടി – ദൃശ്യം(2013)
100 കോടി – പുലിമുരുകൻ(2016)
150 കോടി – 2018 സിനിമ(2023)
200 കോടി – മഞ്ഞുമ്മൽ ബോയ്സ്(2024)
250 കോടി – എമ്പുരാൻ(2025)
300 കോടി – ലോക(2025)
ഡൊമനിക് അരുണിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രമാണ് ലോക ചാപ്റ്റർ 1 ചന്ദ്ര. കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം, കള്ളിയങ്കാട്ട് നീലി എന്ന മിത്തിനെ ആസ്പദമാക്കിയാണ് ഒരുക്കിയത്. ദുൽഖർ സൽമാൻ ആയിരുന്നു നിർമാണം. നിലവിൽ ലോക ചാപ്റ്റർ 2 അനൗൺസ് ചെയ്തിട്ടുണ്ട്. ടൊവിനോട് തോമസ് അവതരിപ്പിക്കുന്ന ചാത്തന്റെ കഥയാണ് ചിത്രം പറയുക.