മോഹന്‍ലാല്‍ അല്ലാതെ മറ്റാര്? ഒരാളുണ്ട്! വിദേശത്തെ 10 മില്യണ്‍ ക്ലബ്ബിന് മോഹന്‍ലാലിനൊപ്പം മോളിവുഡില്‍ ഒരേയൊരു ഉടമ

Published : May 28, 2026, 03:37 PM IST
drishyam 3 becomes fourth malayalam movie which crossed 10 million dollars at overseas box office mohanlal

Synopsis

ദൃശ്യം 3-ന്‍റെ വമ്പൻ വിജയത്തോടെ മലയാള സിനിമയുടെ വിദേശ മാർക്കറ്റ് വീണ്ടും ചർച്ചയാവുകയാണ്. 

മലയാള സിനിമയുടെ വിദേശ മാര്‍ക്കറ്റ് ഇന്ന് വളരെ വലുതാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വലിയ അളവില്‍ അത് കൂടിയിട്ടുമുണ്ട്. മറുഭാഷകളിലെ വലിയ ഇന്‍ഡസ്ട്രികളെയും ഞെട്ടിക്കുന്ന രീതിയിലാണ് ഇപ്പോള്‍ മലയാളത്തില്‍ നിന്നുള്ള പ്രധാന ചിത്രങ്ങള്‍ വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് നേടുന്ന കളക്ഷന്‍. ഇപ്പോഴിതാ മോഹന്‍ലാലിന്‍റെ ഏറ്റവും പുതിയ ചിത്രം ദൃശ്യം 3 ന്‍റെ നേട്ടത്തോടെ മലയാളത്തിന്‍റെ ഓവര്‍സീസ് ബോക്സ് ഓഫീസ് വീണ്ടും ചര്‍ച്ചയാവുകയാണ്. മലയാള സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറായ മോഹന്‍ലാല്‍ തന്നെയാണ് വിദേശ ബോക്സ് ഓഫീസിലും മുന്നില്‍.

മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായ മെയ് 21 ന് തിയറ്ററുകളിലെത്തിയ ചിത്രമാണ് ദൃശ്യം 3. ഇന്ത്യയൊട്ടാകെ ആരാധകരുള്ള മോളിവുഡ് ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം എന്ന നിലയില്‍ വന്‍ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമാണിത്. എന്നാല്‍ ആദ്യ രണ്ട് ഭാഗങ്ങള്‍ക്കും ലഭിച്ചതുപോലെയുള്ള ഏകപക്ഷീയമായ പോസിറ്റീവ് അഭിപ്രായങ്ങളല്ല ആദ്യ ദിനം ചിത്രത്തിന് ലഭിച്ചത്. എന്നാല്‍ സമ്മിശ്ര അഭിപ്രായങ്ങളൊന്നും ബോക്സ് ഓഫീസില്‍ ചിത്രത്തെ പിന്നോട്ട് വലിച്ചില്ലെന്ന് മാത്രമല്ല, മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളുടെ നിരയിലാണ് ഇപ്പോള്‍ ദൃശ്യം 3 ന്‍റെ സ്ഥാനം. നിര്‍മ്മാതാക്കള്‍ ഏറ്റവുമൊടുവില്‍ പുറത്തുവിട്ട കണക്ക് പ്രകാരം ഒരാഴ്ച കൊണ്ട് 200 കോടി ക്ലബ്ബില്‍ എത്തിയിട്ടുണ്ട് ചിത്രം. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള കണക്കാണ് ഇത്. ഇതില്‍ പകുതിയോളം വിദേശത്തുനിന്നുള്ള കളക്ഷനാണ് എന്നതാണ് കൗതുകം.

വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 10 മില്യണ്‍ ഡോളറിലധികമാണ് (96 കോടി രൂപ) ചിത്രം ഇതിനകം നേടിയത്. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മലയാള ചിത്രമാണ് ദൃശ്യം 3. ഇതിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയ മൂന്ന് ചിത്രങ്ങളില്‍ രണ്ടിലും മോഹന്‍ലാല്‍ ആയിരുന്നു നായകനെന്ന പ്രത്യേകതയുമുണ്ട്. എമ്പുരാന്‍, തുടരും എന്നിവയാണ് ഇതേ നേട്ടം സ്വന്തമാക്കിയ മറ്റ് മോഹന്‍ലാല്‍ ചിത്രങ്ങള്‍. മോഹന്‍ലാലിന്‍റേതല്ലാത്ത ഒരേയൊരു ചിത്രം മാത്രമേ മോളിവുഡില്‍ നിന്ന് ഇതേ നേട്ടം സ്വന്തമാക്കിയിട്ടുള്ളൂ. കല്യാണി പ്രിയദര്‍ശന്‍ ടൈറ്റില്‍ റോളില്‍ എത്തിയ ലോക: ചാപ്റ്റര്‍ 1 ചന്ദ്രയാണ് അത്. അതേസമയം ദൃശ്യം 3 ന് ഇപ്പോഴും മികച്ച ഒക്കുപ്പന്‍സിയാണ് ലഭിക്കുന്നത്. അതിനാല്‍ത്തന്നെ ചിത്രത്തിന്‍റെ ഫൈനല്‍ ഗ്രോസ് നിലവില്‍ പ്രവചിക്കാനാവാത്ത സ്ഥിതിയാണ്.

PREV
Read more Articles on
click me!

Recommended Stories

14 മാസത്തില്‍ 770 കോടി കളക്ഷന്‍! മോളിവുഡിനെയല്ല, തെന്നിന്ത്യന്‍ സിനിമയെ ആകെ ഞെട്ടിച്ച് മോഹന്‍ലാല്‍
ബോക്സ് ഓഫീസില്‍ കൊടുങ്കാറ്റാവുമോ 'കാട്ടാളന്‍'? അഡ്വാന്‍സ് ബുക്കിം​ഗിലൂടെ ആകെ നേടിയത്, കണക്കുകള്‍