
മലയാളികള്‍ക്കിടയില്‍ മാത്രമല്ല, ഇതരഭാഷാ പ്രേക്ഷകര്‍ക്കിടയിലും കാത്തിരിപ്പ് ഉയര്‍ത്തി എത്തിയ ചിത്രമായിരുന്നു ദൃശ്യം 3. മലയാളത്തില്‍ ഏറ്റവുമധികം റീമേക്കുകള്‍ നടന്ന ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗം എന്നതായിരുന്നു ഇതിന് കാരണം. ഒരേ തരത്തില്‍ പോസിറ്റീവ് അഭിപ്രായങ്ങള്‍ ലഭിച്ച ആദ്യ രണ്ട് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി സമ്മിശ്ര അഭിപ്രായങ്ങള്‍ ആയിരുന്നു ദൃശ്യം 3 ന് ലഭിച്ചത്. എന്നാല്‍ ചിത്രത്തെ ബോക്സ് ഓഫീസില്‍ തടയാന്‍ അതിനൊന്നും ആയില്ല. നിര്‍മ്മാതാക്കള്‍ അറിയിച്ചത് പ്രകാരം വെറും 7 ദിവസം കൊണ്ടാണ് ചിത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. എന്നാല്‍ രണ്ടാം വാരാന്ത്യം പിന്നിട്ടതോടെ കളക്ഷനില്‍ ഒരു വലിയ ഇടിവ് സംഭവിച്ചിരിക്കുകയാണ് ചിത്രത്തിന്.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ജൂണ്‍ 1 തിങ്കളാഴ്ച ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 2.20 കോടിയാണ്. തലേദിവസമായ ഞായറാഴ്ച നേടിയത് നോക്കുമ്പോള്‍ 58.9 ശതമാനം ഡ്രോപ്പ് ആണ് ഇത്. ചിത്രം ഞായറാഴ്ച നേടിയ ഇന്ത്യന്‍ നെറ്റ് 5.35 കോടി ആയിരുന്നു. അതേസമയം 12 ദിവസം കൊണ്ട് ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ മികച്ച നേട്ടമുണ്ടാക്കിയിട്ടുണ്ട് ചിത്രം. ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയ നെറ്റ് കളക്ഷന്‍ 98.90 കോടിയാണ്. ഗ്രോസ് ആവട്ടെ 114.76 കോടിയും.
12-ാം ദിനം രാജ്യത്തെ 2276 ഷോകള്‍ ട്രാക്ക് ചെയ്തപ്പോഴുള്ള കണക്കാണ് സാക്നില്‍ക് അവതരിപ്പിച്ചത്. പതിവിന് വിപരീതമായി മലയാളം പതിപ്പ് ഇറങ്ങിയ അതേ ദിവസം തന്നെ തമിഴ്, തെലുങ്ക്, കന്നഡ മൊഴിമാറ്റ പതിപ്പുകളും തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു. മലയാള സിനിമയില്‍ ഒരുപക്ഷേ ആദ്യമായാണ് ഇങ്ങനെ ഒരു റിലീസ്. 12-ാം ദിനം ലഭിച്ച 2.20 കോടിയില്‍ സിംഹഭാഗവും വന്നത് മലയാളം പതിപ്പില്‍ നിന്ന് തന്നെയാണ്. 2 കോടിയാണ് തിങ്കളാഴ്ച മലയാളം പതിപ്പ് നേടിയത്. തെലുങ്ക് പതിപ്പ് 12 ലക്ഷവും തമിഴ് പതിപ്പ് 5 ലക്ഷവും കന്നഡ പതിപ്പ് 3 ലക്ഷവും നേടി. എന്നാല്‍ ഇനിയുള്ള ദിവസങ്ങള്‍ കളക്ഷനില്‍ വര്‍ധനവ് ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ട്രാക്കര്‍മാര്‍. കഴിഞ്ഞ തിങ്കളാഴ്ചയും ചിത്രത്തിന് വലിയ ഡ്രോപ്പ് സംഭവിച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള ദിനങ്ങളില്‍ കളക്ഷന്‍ ഉയര്‍ന്നിരുന്നു.