
കലാമൂല്യമുള്ള ഒരു ചിത്രം മികച്ച വാണിജ്യ വിജയവും നേടുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ കിഷ്കിന്ധാ കാണ്ഡത്തിന്‍റേത്. കിഷ്കിന്ധാ കാണ്ഡം ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം എന്നതായിരുന്നു ഈ വാരാന്ത്യത്തില്‍ തിയറ്ററുകളില്‍ എത്തിയ എക്കോ എന്ന ചിത്രത്തിന്‍റെ യുഎസ്‍പി. യുവനിരയിലെ ശ്രദ്ധേയ നടന്‍ സന്ദീപ് പ്രദീപ് നായകനാവുന്ന ചിത്രം എന്നതും പ്രേക്ഷകരെ സംബന്ധിച്ച് കൗതുകമായിരുന്നു. പ്രതീക്ഷകള്‍ക്കൊത്ത് ചിത്രം എത്തിയതോടെ തിയറ്ററുകളില്‍ കാര്യമായി ആളെ കൂട്ടുകയാണ് ചിത്രം. ബോക്സ് ഓഫീസില്‍ മികച്ച മുന്നേറ്റവും നടത്തുന്നു.
കേരളത്തില്‍ നിന്ന് ആദ്യ ദിനം ചിത്രം നേടിയത് 73 ലക്ഷം ആയിരുന്നു. എന്നാല്‍ വലിയ രീതിയില്‍ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി വന്നതിനെ തുടര്‍ന്ന് രണ്ടാം ദിനമായ ശനിയാഴ്ചത്തെ കളക്ഷനില്‍ ചിത്രം വലിയ കുതിപ്പ് തന്നെ നടത്തി. ട്രാക്കര്‍മാരുടെ കണക്ക് പ്രകാരം രണ്ടാം ദിനം ചിത്രം കേരളത്തില്‍ നിന്ന് നേടിയത് 1.75 കോടിയാണ്. അങ്ങനെ ആദ്യ രണ്ട് ദിനങ്ങള്‍ കൊണ്ട് കേരളത്തില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് രണ്ടര കോടിക്ക് മുകളിലാണ്. ഇന്നും വമ്പന്‍ ബുക്കിംഗ് ആണ് ചിത്രത്തിന്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയില്‍ നിലവില്‍ 8000 ടിക്കറ്റിന് അടുത്താണ് മണിക്കൂറില്‍ ചിത്രം വിറ്റുകൊണ്ടിരിക്കുന്നത്. ശനിയാഴ്ച നേടിയതിനേക്കാള്‍ ചിത്രം ഞായറാഴ്ച നേടുമെന്ന് ഉറപ്പാണ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്ന് ചിത്രം ഇതുവരെ നേടിയ നെറ്റ് കളക്ഷന്‍ 3.08 കോടിയാണ്.
ബുക്ക് മൈ ഷോയുടെ ശനിയാഴ്ചത്തെ കണക്കുകള്‍ എടുത്താല്‍ ഇന്ത്യയില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ ചിത്രവും എക്കോ ആണ്. 24 മണിക്കൂര്‍ കൊണ്ട് 97,000 ടിക്കറ്റുകളാണ് ചിത്രം പ്ലാറ്റ്‍ഫോമില്‍ വിറ്റിരിക്കുന്നത്. തെലുങ്ക് ചിത്രം രാജു വെഡ്സ് റംബായ് ആണ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത്. 70,000 ടിക്കറ്റുകളാണ് ചിത്രം ശനിയാഴ്ച വിറ്റിരിക്കുന്നത്. ബോളിവുഡ് ചിത്രം ദേ ദേ പ്യാര്‍ ദേ 2 ആണ് മൂന്നാമത്. 69,000 ടിക്കറ്റുകളാണ് ചിത്രം വിറ്റിരിക്കുന്നത്.
കഥാവഴിയിൽ മൃഗങ്ങൾക്കും നിർണ്ണായകമായ സ്ഥാനം നല്കിയൊരുക്കിയ കിഷ്കിന്ധാ കാണ്ഡം, കേരള ക്രൈം ഫയൽസ് സീസൺ 2 എന്നിവയ്ക്ക് ശേഷം വരുന്ന ഈ ചിത്രത്തിലും മൃഗങ്ങൾക്ക് പ്രാധാന്യമുണ്ട്. രചയിതാവായ ബാഹുല്‍ രമേഷിന്‍റെ മൂന്നു ഭാഗങ്ങൾ ഉള്ള ഈ അനിമൽ ട്രൈലജിയിലെ അവസാന ഭാഗമാണ് എക്കോ. പരസ്പരം ബന്ധമില്ലാത്ത മൂന്ന് വ്യത്യസ്ത കഥകളാണ് ഈ ട്രൈലജിയില്‍.