
പ്രേക്ഷകാഭിപ്രായങ്ങളാണ് അണിയറക്കാര്‍ നല്‍കുന്ന പബ്ലിസിറ്റിയേക്കാള്‍ സിനിമകളുടെ ജയപരാജയങ്ങളെ നിശ്ചയിക്കുക. മുന്‍കാലങ്ങളിലും അത് അങ്ങനെതന്നെ ആയിരുന്നെങ്കിലും പുതിയ കാലത്ത് ചില വ്യത്യാസങ്ങള്‍ കൂടി അക്കാര്യത്തില്‍ വന്നിട്ടുണ്ട്. ഒരു ചിത്രം മസ്റ്റ് വാച്ച് എന്ന് അഭിപ്രായം നേടിയാല്‍ അങ്ങോളമിങ്ങോളമുള്ള തിയറ്ററുകളില്‍ വന്‍ ഒക്കുപ്പന്‍സിയും കളക്ഷനുമാവും ചിത്രങ്ങള്‍ക്ക് ലഭിക്കുക. ഇനി നെഗറ്റീവ് അഭിപ്രായങ്ങളാണ് ആദ്യ ദിനങ്ങളില്‍ ലഭിക്കുന്നതെങ്കില്‍ ചിത്രം ഒരാഴ്ച കൊണ്ടുതന്നെ ഏറെക്കുറെ വാഷ് ഔട്ട് ആവുകയും ചെയ്യും. പോസിറ്റീവ് അഭിപ്രായത്തിന്‍റെ പവര്‍ ഏറ്റവുമൊടുവില്‍ തെളിയിച്ചിരിക്കുന്നത് കിഷ്കിന്ധാ കാണ്ഡം ടീം ഒന്നിച്ച എക്കോ എന്ന ചിത്രമാണ്. താരമൂല്യത്തേക്കാള്‍ മലയാളി പ്രേക്ഷകര്‍ മതിപ്പ് കൊടുക്കുന്നത് ഉള്ളടക്കത്തിനാണ് എന്നതിന് ഒരു തെളിവ് കൂടിയാവുന്നു ഈ ചിത്രത്തിന്‍റെ വിജയം. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഏറ്റവും പുതിയ കളക്ഷന്‍ കണക്കുകളും പുറത്തെത്തിയിട്ടുണ്ട്.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം 8 ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 13.1 കോടിയാണ്. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 7.25 കോടിയും. അങ്ങനെ എട്ട് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയ ഗ്രോസ് 22.75 കോടിയാണ്. രണ്ടാം വാരത്തിലും മികച്ച തുടക്കമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് എന്നാണ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍. റിലീസിന് ശേഷം ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഷോ കൗണ്ട് ഇന്നായിരിക്കുമെന്നും അവര്‍ അറിയിക്കുന്നുണ്ട്. ഈ വാരാന്ത്യത്തിലും ചിത്രം മികച്ച നേട്ടം ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ശനി, ഞായര്‍ ദിനങ്ങളില്‍ ചിത്രം നേടുന്ന കളക്ഷന്‍ എത്രയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് അനലിസ്റ്റുകള്‍.
ബാഹുല്‍ രമേശിന്‍റെ രചന തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത അനുഭവം പകരുന്ന ഒന്നാണ്. കിഷ്കിന്ധാ കാണ്ഡത്തിനും ജിയോ ഹോട്ട്സ്റ്റാറിന്‍റെ വെബ് സിരീസ് ആയ കേരള ക്രൈം ഫയല്‍സ് രണ്ടാം സീസണിനും (സെര്‍ച്ച് ഫോര്‍ സിപിഒ അമ്പിളി രാജു) ശേഷം ബാഹുല്‍ രമേശിന്‍റെ അനിമല്‍ ട്രൈലജിയിലെ മൂന്നാമത്തെ ഭാഗമായുമാണ് എക്കോ ഒരുക്കിയിരിക്കുന്നത്. യുവനായക നിരയിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്ന സന്ദീപ് പ്രദീപിനും വലിയ നേട്ടമാണ് ഈ ചിത്രം. വിനീത്, നരെയ്ന്‍, ബിനു പപ്പു, സൗരഭ് സച്ച്ദേവ, ബിയാന മോമിന് തുടങ്ങി ശ്രദ്ധേയ കാസ്റ്റിംഗ് ആണ് ചിത്രത്തിലേത്. ബാഹുല്‍ രമേശ് തന്നെയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്.