'ജനനായകന്' പകരം 'ജില്ല'! വിജയിന്‍റെ പിറന്നാള്‍ തിയറ്ററില്‍ ആഘോഷിച്ചോ ആരാധകര്‍? ആദ്യ 3 ദിവസം നേടിയ കളക്ഷന്‍

Published : Jun 22, 2026, 07:14 PM IST
jilla tamil movie re release 3 days box office thalapathy vijay mohanlal

Synopsis

വിജയിന്റെ പിറന്നാളിനോടനുബന്ധിച്ച് 'ജില്ല' വീണ്ടും തിയറ്ററുകളിൽ എത്തി

തമിഴിലെയും മലയാളത്തിലെയും ഏറ്റവും താരമൂല്യമുള്ള രണ്ട് അഭിനേതാക്കള്‍ ഒരുമിച്ച് എത്തിയതിന്‍റെ പേരില്‍ വന്‍ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ജില്ല. ആര്‍ ടി നേസന്‍റെ സംവിധാനത്തില്‍ 2014 ല്‍ പുറത്തെത്തിയ ചിത്രം ബോക്സ് ഓഫീസിലും വിജയമായിരുന്നു. സൂപ്പര്‍ ഗുഡ് ഫിലിംസിന്‍റെ ബാനറില്‍ ആര്‍ ബി ചൗധരി ആയിരുന്നു നിര്‍മ്മാണം. ഇപ്പോഴിതാ നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രം വീണ്ടും തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. വിജയിന്‍റെയും മോഹന്‍ലാലിന്‍റെയും പല റീ റിലീസുകള്‍ക്കും അതത് സംസ്ഥാനങ്ങളില്‍ മുന്‍പ് മികച്ച വരവേല്‍പ്പ് ലഭിച്ചിരുന്നു. വിജയിന്‍റെ പിറന്നാള്‍ റിലീസ് ആയി എത്തിയിരിക്കുന്ന ജില്ലയ്ക്ക് അത് ലഭിച്ചോ? അത് സംബന്ധിച്ച കണക്കുകള്‍ ട്രാക്കര്‍മാര്‍ പുറത്ത് വിട്ടിട്ടുണ്ട്.

തമിഴ്നാട്ടിലും കര്‍ണാടകയിലുമാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ചതനുസരിച്ചുള്ള റിലീസ് കേരളത്തില്‍ നടന്നിട്ടില്ല. ട്രാക്കര്‍മാരുടെ കണക്ക് പ്രകാരം ആദ്യ 3 ദിനങ്ങള്‍ കൊണ്ട് തമിഴ്നാട്ടില്‍ നിന്ന് ചിത്രത്തിന് നേടാനായത് 32.10 ലക്ഷം രൂപയാണ്. കര്‍ണാടകത്തില്‍ നിന്നാവട്ടെ വെറും 5.40 ലക്ഷവും. ഇതുവരെയുള്ള ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ 16.91 ലക്ഷം രൂപയാണ്. അതേസമയം മൂന്നാം ദിനമായിരുന്ന ഞായറാഴ്ച ചിത്രത്തിന് 67 ശതമാനം വര്‍ധനയാണ് കളക്ഷനില്‍ ഉണ്ടായതെന്ന് ട്രാക്കറായ ജെറിന്‍ ജോര്‍ജുകുട്ടി അറിയിക്കുന്നു. വിജയിന്‍റെയോ മോഹന്‍ലാലിന്‍റെയോ മുന്‍ റീ റിലീസുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ ജില്ലയുടെ കളക്ഷന്‍ പോരെങ്കിലും ലിമിറ്റഡ് റീ റിലീസ് ആയാണ് ചിത്രം എത്തിയിരിക്കുന്നതെന്നത് പരിഗണിക്കുമ്പോള്‍ ഇത് മോശമില്ലാത്ത കളക്ഷനാണ്.

 

ഇന്നാണ് വിജയിന്‍റെ പിറന്നാള്‍. തമിഴ്നാട് മുഖ്യമന്ത്രി കൂടിയായ വിജയ് അവസാനം അഭിനയിച്ച ചിത്രമായ ജനനായകന്‍ ഇനിയും തിയറ്ററുകളില്‍ എത്തിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് സാധിച്ചിട്ടില്ല. സെന്‍സര്‍ പ്രശ്നങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതാണ് കാരണം. പൊങ്കല്‍ റിലീസ് ആയി ജനുവരിയില്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. ഏറ്റവുമൊടുവില്‍ വിജയിന്‍റെ പിറന്നാളിനോട് അനുബന്ധിച്ചെങ്കിലും റിലീസ് ഉണ്ടാവുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. അത് സംഭവിക്കാത്തതാണ് പഴയൊരു വിജയചിത്രം റീ റിലീസിന് എത്തിക്കാനും കാരണം. ആദ്യദിനം തമിഴ്നാട്ടില്‍ തിയറ്ററുകളില്‍ ആവേശകരമായ പ്രതികരണമാണ് ജില്ലയ്ക്ക് ലഭിച്ചത്. ഇതിന്‍റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം കേരളത്തില്‍ ഇനിയും റീ റിലീസ് നടന്നിട്ടില്ല എന്നത് ഇവിടുത്തെ മോഹന്‍ലാലിന്‍റെയും വിജയിന്‍റെയും ആരാധകരെ ഒരേപോലെ നിരാശപ്പെടുത്തുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഒടിടി റിലീസ് പ്രഖ്യാപിച്ചിട്ടും ബോക്സ് ഓഫീസില്‍ കുലുക്കമില്ലാതെ 'ജോര്‍ജുകുട്ടി'; 24-ാം ദിനം കളക്ഷനില്‍ ഞെട്ടിച്ച് 'ദൃശ്യം 3'
'വാഴ'യോ, വാഴയൊക്കെ 'ജോര്‍ജുകുട്ടി' എപ്പോഴേ വീഴ്ത്തി; ആ റെക്കോര്‍ഡ് ബുക്കിലേക്ക് 'ദൃശ്യം 3'