
മുംബൈ: ഹോളിവുഡിന്റെ ജനപ്രിയ ഫ്രഞ്ചെസിയില്‍ പെടുന്ന ജുറാസിക് വേൾഡ്: റീബർത്ത് ഇന്ത്യൻ ബോക്സ് ഓഫീസിൽ ശക്തമായ പ്രകടനം കാഴ്ചവയ്ക്കുന്നു. ജൂലൈ 4-ന് തിയേറ്ററുകളിൽ എത്തിയ ഈ ചിത്രം ആദ്യ മൂന്ന് ദിവസങ്ങളിൽ ഗ്രോസ് കളക്ഷന്‍ 47 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് നേടിയത്.
ജുറാസിക് വേൾഡ്: റീബർത്ത് ഇന്ത്യയിൽ ശക്തമായ തുടക്കമാണ് നേടിയത്. റിലീസിന്റെ ആദ്യ ദിനമായ ജൂലൈ 4-ന് 9 കോടി രൂപയും, ശനിയാഴ്ച 13.5 കോടി രൂപയും, ഞായറാഴ്ച 15.7 കോടി രൂപയും നേടിയ മൊത്തം 38.2 കോടി രൂപയുടെ നെറ്റ് കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. 3D ചാർജുകൾ ഉൾപ്പെടുത്തുമ്പോൾ, ഇന്ത്യയിലെ മൊത്തം കളക്ഷൻ 47 കോടി രൂപയാണ്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്ത ഈ ചിത്രം ഇംഗ്ലീഷ് 3ഡി, എംഎക്സ്4D പതിപ്പുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.
ഈ ചിത്രം 2022-ൽ പുറത്തിറങ്ങിയ ജുറാസിക് വേൾഡ്: ഡൊമിനിയൻ എന്ന ചിത്രത്തിന്റെ 44 കോടി രൂപയുടെ ആദ്യ വാരാന്ത്യ കളക്ഷനെ മറികടന്ന് ഇന്ത്യയിൽ ജുറാസിക് പരമ്പരയിലെ ഏറ്റവും വലിയ ഓപ്പണിംഗ് വാരാന്ത്യ കളക്ഷനായി മാറിയിരിക്കുകയാണ്. ജുറാസിക് സിനിമകളോടുള്ള ഇന്ത്യന്‍ പ്രേക്ഷകരുടെ അഭിരുചി ഒന്നുകൂടി ഊട്ടിഉറപ്പിക്കുന്നതാണ് ഈ മികച്ച കളക്ഷന്‍.
ആഗോളതലത്തിൽ ജുറാസിക് വേൾഡ്: റീബർത്ത് 318 മില്യൺ ഡോളറിന്റെ (ഏകദേശം 2,700 കോടി രൂപ) തകർപ്പൻ ഓപ്പണിംഗ് വാരാന്ത്യ കളക്ഷനാണ് നേടിയതായാണ് വിവരം. ഇതിൽ 147 മില്യൺ ഡോളർ വടക്കേ അമേരിക്കയിൽ നിന്നും, 171 മില്യൺ ഡോളർ വിദേശ രാജ്യങ്ങളിൽ നിന്നുമാണ്. ചൈന (41.5 മില്യൺ ഡോളർ), യുകെ (16.6 മില്യൺ ഡോളർ), മെക്സിക്കോ (13.9 മില്യൺ ഡോളർ) എന്നിവയാണ് ചിത്രം മികച്ച പ്രകടനം നടത്തിയ പ്രധാന വിദേശ ബോക്സോഫീസുകള്‍.
ജുറാസിക് വേൾഡ്: റീബർത്തിന്‍റെ വിജയം, നായിക സ്കാർലറ്റ് ജോഹൻസന്റെ കരിയറിൽ ഒരു സുപ്രധാന നാഴികക്കല്ലായി. ഈ ചിത്രം, അവരുടെ ആഗോള ബോക്സ് ഓഫീസ് വരുമാനത്തിലേക്ക് 300 മില്യൺ ഡോളർ കൂടി ചേർത്തതോടെ 15 ബില്യൺ ഡോളറിലധികം (ഏകദേശം 1.26 ലക്ഷം കോടി രൂപ) വരുമാനമുള്ള ഹോളിവുഡിലെ ഏറ്റവും കളക്ഷന്‍ ചിത്രങ്ങള്‍ സ്വന്തമായുള്ള നടിയായി ഇവര്‍.
ഗാരെത് എഡ്വാർഡ്സ് സംവിധാനം ചെയ്ത ജുറാസിക് വേൾഡ്: റീബർത്ത് ജുറാസിക് വേൾഡ് പരമ്പരയിലെ നാലാമത്തെ ചിത്രവും ജുറാസിക് പാർക്ക് ഫ്രാഞ്ചൈസിയിലെ ഏഴാമത്തെ ചിത്രവുമാണ്. സ്കാർലറ്റ് ജോഹൻസനൊപ്പം മഹർഷല അലി, ജോനാഥൻ ബെയ്‌ലി, റൂപർട്ട് ഫ്രണ്ട്, മാനുവൽ ഗാർസിയ-റുൾഫോ, എഡ് സ്ക്രീൻ, ലൂണ ബ്ലെയ്സ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
ജുറാസിക് വേൾഡ്: ഡൊമിനിയന്‍റെ സംഭവങ്ങളിൽ നിന്ന് അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ചിത്രത്തിന്‍റെ കഥ നടക്കുന്നത്. ഒരു മെഡിക്കല്‍ പരീക്ഷണത്തിനായി ദിനോസര്‍ ഡിഎൻഎ ശേഖരിക്കാൻ ഒരു ടീം ഒരു ദ്വീപിലേക്ക് പോകുന്നതാണ് കഥയുടെ ഇതിവൃത്തം.