
പല കാരണങ്ങളാല്‍ റിലീസിന് മുന്‍പേ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു ദുല്‍ഖര്‍ നായകനായ കാന്ത. ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ വീണ്ടും തമിഴില്‍ എത്തുന്നു എന്നതായിരുന്നു അതിന് പ്രധാന കാരണം. അടുത്ത സുഹൃത്ത് കൂടിയായ റാണ ദഗുബാട്ടി സഹനിര്‍മ്മാതാവായും സഹതാരമായും ദുല്‍ഖറിനൊപ്പം എത്തിയതോടെ പ്രോജക്റ്റിന് തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ കൂടി. റിലീസിന് ഒരു ദിവസം മുന്‍പ് ചെന്നൈയില്‍ നടന്ന സ്പെഷല്‍ പ്രിവ്യൂവില്‍ ചിത്രം വന്‍ അഭിപ്രായം നേടിയിരുന്നു. റിലീസ് ദിനമായ ഇന്നലെ ആദ്യ ഷോകള്‍ക്കിപ്പുറവും ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടിയത്. ചിത്രം ഇന്ത്യയില്‍ നേടിയ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ടുകളുമായി വിവിധ ട്രാക്കര്‍മാര്‍ നേരത്തെ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ ദിന ആഗോള ബോക്സ് ഓഫീസ് കണക്കുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച് എത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ദ ഹണ്ട് ഫോർ വീരപ്പൻ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസിലൂടെ ശ്രദ്ധ നേടിയ സെൽവമണി സെൽവരാജിന്‍റെ ആദ്യ ഫീച്ചര്‍ ചിത്രവുമാണ് കാന്ത. നിര്‍മ്മാതാക്കള്‍ പുറത്ത് വിട്ടിരിക്കുന്ന കണക്ക് പ്രകാരം ചിത്രം ആദ്യ ദിനം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 10.5 കോടിയാണ്. ചിത്രത്തിന്‍റെ ജോണര്‍ പരിശോധിക്കുമ്പോള്‍ മികച്ച കളക്ഷനാണ് ഇത്.
1950 കളിലെ തമിഴ് സിനിമാലോകത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടി കെ മഹാദേവന്‍ എന്ന യുവ സൂപ്പര്‍താരമായാണ് ദുല്‍ഖര്‍ വേഷമിട്ടിരിക്കുന്നത്. അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനി വേഷമിടുമ്പോൾ പോലീസ് ഓഫീസർ ആയാണ് റാണ ദഗ്ഗുബതി ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. കുമാരി എന്നാണ് ഭാഗ്യശ്രീ ബോർസെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്. ഒരു പുതുമുഖ നടിയാണ് ചിത്രത്തില്‍ ഈ കഥാപാത്രം. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിൽ എത്തിക്കുന്നത് വേഫെറർ ഫിലിംസ് തന്നെയാണ്. അതേസമയം ചിത്രം ആദ്യ വാരാന്ത്യത്തില്‍ ബോക്സ് ഓഫീസില്‍ നിന്ന് എത്ര നേടുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ചലച്ചിത്രലോകം.