കേരളത്തില്‍ 'കാന്താര 1' ന് കാത്തിരിപ്പുണ്ടോ? അഡ്വാന്‍സ് ബുക്കിം​ഗിന്‍റെ ആദ്യ മണിക്കൂറുകളില്‍ നേടിയത്

Published : Sep 29, 2025, 09:20 AM IST
kantara advance booking day 1 box office Rishab Shetty hombale films

Synopsis

ഒക്ടോബർ 2-ന് റിലീസ് ചെയ്യുന്ന കാന്താര ചാപ്റ്റർ 1 ന്‍റെ അഡ്വാൻസ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് കാന്താര ചാപ്റ്റര്‍ 1 നോളം കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ഒരു ചിത്രം അപൂര്‍വ്വമാണ്. 2022 ല്‍ പുറത്തെത്തിയ കാന്താര ആദ്യ ഭാ​ഗം നേടിയ അഭൂതപൂര്‍വ്വമായ വിജയം തന്നെയാണ് കാണികള്‍ക്കിടയില്‍ പാന്‍ ഇന്ത്യന്‍ തലത്തില്‍ ഈ കാത്തിരിപ്പ് സൃഷ്ടിച്ചിരിക്കുന്നത്. കെജിഎഫിന് ശേഷം കന്നഡ സിനിമയ്ക്ക് ഭാഷാതീതമായി റീച്ച് ഉണ്ടാക്കിക്കൊടുത്ത ചിത്രമായിരുന്നു കാന്താര. ഒക്ടോബര്‍ 2 നാണ് കാന്താര ചാപ്റ്റര്‍ 1 ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിം​ഗ് ആരംഭിച്ചത് ഇന്നലെ ആയിരുന്നു. ഇപ്പോഴിതാ അഡ്വാന്‍സ് ബുക്കിം​ഗിലൂടെ നേടിയ ആദ്യ കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്ന് ആദ്യ ദിനം അഡ്വാന്‍സ് ബിക്കിം​ഗിലൂടെ നേടിയ കളക്ഷന്‍ 4.77 കോടിയാണ്. ബ്ലോക്ക് സീറ്റുകള്‍ കൂട്ടാതെയുള്ള കണക്കാണ് ഇത്. ബ്ലോക്ക് സീറ്റുകള്‍ ചേര്‍ത്ത് ചിത്രം ഇന്ത്യയില്‍ നിന്ന് അഡ്വാന്‍സ് ബുക്കിം​ഗിന്‍റെ ആദ്യ ദിനം നേടിയിരിക്കുന്നത് 8.11 കോടിയുമാണ്. കേരളത്തിലും മികച്ച പ്രതികരണമാണ് അഡ്വാന്‍സ് ബുക്കിം​ഗിലൂടെ ലഭിക്കുന്നത്.

കേരളത്തിലെ ട്രാക്കര്‍മാര്‍ ഇന്നലെ വൈകുന്നേരം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ചിത്രം ആദ്യ മണിക്കൂറുകളില്‍ കേരളത്തില്‍ നിന്ന് നേടിയിട്ടുള്ളത് 60- 70 ലക്ഷമാണ്. പ്രധാന സെന്‍ററുകളിലെ പ്രമുഖ തിയറ്ററുകളിലൊക്കെ ചിത്രത്തിന് ഇതിനകം നിരവധി ഫാസ്റ്റ് ഫില്ലിം​ഗ് ഷോകളും ലഭിച്ചിട്ടുണ്ട്. റിലീസിന് മൂന്ന് ദിനം കൂടി അവശേഷിക്കുന്നതിനാല്‍ അഡ്വാന്‍സ് ബുക്കിം​ഗിലൂടെത്തന്നെ ചിത്രം ഇനിയുമേറെ മുന്നോട്ട് പോകാന്‍ സാധ്യതയുണ്ട്. ആദ്യ ഷോയിലെ ആദ്യ പ്രതികരണങ്ങള്‍ പോസിറ്റീവ് ആകുന്നപക്ഷം വലിയ ഹിറ്റിലേക്കാവും ചിത്രം കുതിക്കുക. അത്തരത്തില്‍ ഒരു പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിക്കുവേണ്ടിയാണ് കന്നഡ സിനിമാലോകം കാത്തിരിക്കുന്നതും.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. കന്നഡത്തിലെ പ്രമുഖ ബാനര്‍ ആയ ഹൊംബാലെ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിലാണ് ആ​ഗോള റിലീസ് ആയി ചിത്രം ഒക്ടോബര്‍ 2 ന് എത്തുന്നത്. മൂന്ന് വർഷത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മോളിവുഡിന്‍റെ സര്‍പ്രൈസ് എന്‍ട്രി! ഈ വര്‍ഷം ഏറ്റവും കളക്ഷന്‍ നേടിയ 10 ചിത്രങ്ങള്‍? കളക്ഷന്‍ കണക്കുകള്‍
ആദ്യ വാരാന്ത്യം നേടിയതെത്ര? 'ഭഭബ'യുടെ 4 ദിവസത്തെ കളക്ഷന്‍ അറിയിച്ച് നിര്‍മ്മാതാക്കള്‍