
ഭാഷാഭേദമന്യെ ഇന്ത്യന്‍ സിനിമാപ്രേമികള്‍ കണ്ട് കൈയടിച്ച ചിത്രമായിരുന്നു 2022 ല്‍ പുറത്തെത്തിയ കാന്താര. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രങ്ങളുടെ ഇരട്ട വേഷത്തില്‍ എത്തിയ ചിത്രം കെജിഎഫ് കഴിഞ്ഞാല്‍ കന്നഡ സിനിമയ്ക്ക് കര്‍ണാടകത്തിന് പുറത്ത് റീച്ച് നേടിക്കൊടുത്ത ചിത്രം കൂടിയാണ്. കാന്താരയുടെ അതിലും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന പ്രീക്വല്‍ എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു കാന്താര ചാപ്റ്റര്‍ 1. ഭൂരിഭാഗം പ്രേക്ഷകരുടെയും പ്രതീക്ഷകള്‍ കാക്കാന്‍ സാധിച്ചതോടെ ബോക്സ് ഓഫീസില്‍ വന്‍ തുടക്കമാണ് ചിത്രം ഇട്ടത്. ഇപ്പോഴിതാ രണ്ടാം വാരം പിന്നിടാന്‍ ഒരുങ്ങുമ്പോഴും മികച്ച ഒക്കുപ്പന്‍സിയോടെ തുടരുകയാണ് ചിത്രം. ഇപ്പോഴിതാ 12 ദിനങ്ങളിലെ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.
ബോക്സ് ഓഫീസില്‍ വലിയ നേട്ടം ഉണ്ടാക്കി തുടരുമ്പോഴും റിലീസിന് ശേഷം കളക്ഷനില്‍ ഏറ്റവും വലിയ ഇടിവാണ് ചിത്രം തിങ്കളാഴ്ച നേരിട്ടത്. 64 ശതമാനം ഇടിവാണ് തിങ്കളാഴ്ചത്തെ കളക്ഷനില്‍ സംഭവിച്ചത്. ഞായറാഴ്ച ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 39.75 കോടി ആയിരുന്നെങ്കില്‍ തിങ്കളാഴ്ച ഇത് 13.50 കോടിയായി ഇടിഞ്ഞു. എന്നാല്‍ രണ്ടാം വാരാന്ത്യത്തില്‍ നടത്തിയ കുതിപ്പ് ചിത്രത്തെ വലിയ അളവില്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് മാത്രം 500 കോടി ഗ്രോസ് മറികടന്നിട്ടുണ്ട് ഇതിനകം ചിത്രം (542 കോടി ഗ്രോസും 451.90 കോടി നെറ്റും). നോര്‍ത്ത് അമേരിക്കന്‍ മാര്‍ക്കറ്റിലെ മികവേറിയ പ്രകടനത്തോടെ വിദേശത്തുനിന്ന് ചിത്രം 11 മില്യണ്‍ ഡോളറും മറികടന്നിട്ടുണ്ട്.
രണ്ടാം വാരാന്ത്യത്തില്‍ നേടിയ 146 കോടി കൂട്ടി 11 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 655 കോടി നേടിയതായാണ് നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് അറിയിച്ചിരുന്നത്. 12 ദിവസം കൊണ്ട് ഇത് 675 കോടിക്കടുത്ത് എത്തിയിട്ടുണ്ടാവും. എന്നാല്‍ ട്രാക്കര്‍മാരുടെ കണക്കനുസരിച്ച് 650 കോടിയോ അതിന് താഴെയോ ആണ് ഇതുവരെയുള്ള ചിത്രത്തിന്‍റെ ആഗോള ഗ്രോസ് ആയി കണക്കാക്കപ്പെട്ടിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ടോപ്പ് 20 കളക്റ്റഡ് ചിത്രങ്ങളുടെ നിരയിലേക്ക് ഇതിനകം കാന്താര എത്തിയിട്ടുണ്ട്. സല്‍മാന്‍ ഖാന്‍റെ സുല്‍ത്താന്‍ (628 കോടി), ബാഹുബലി 1 (650 കോടി) എന്നീ ചിത്രങ്ങളെയൊക്കെ മറികടന്നാണ് കാന്താര ചാപ്റ്റര്‍ 1 ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ കളക്ഷനുമാണ് കാന്താര സ്വന്തമാക്കിയിട്ടുള്ളത്. ബോളിവുഡ് ചിത്രം ഛാവയാണ് ഈ ലിസ്റ്റില്‍ ഒന്നാമത് (808 കോടി).