
തമിഴ് സിനിമയില്‍ ഏറെ ആരാധകരുള്ള താരമാണ് സൂര്യ ശിവകുമാര്‍. എന്നാല്‍ സിനിമകളുടെ കാര്യമെടുത്താല്‍ ബോക്സ് ഓഫീസില്‍ സമീപകാലത്ത് ഏറ്റവും ദൗര്‍ഭാഗ്യം പിന്തുടര്‍ന്ന നടന്‍ കൂടിയാണ് അദ്ദേഹം. ഒന്നും രണ്ടുമല്ല കഴിഞ്ഞ 10 വര്‍ഷങ്ങളായി അദ്ദേഹത്തിന് പറയാന്‍ കാര്യമായ ഹിറ്റുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. അതേസമയം അത് അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്ന് പരിശ്രമം കുറഞ്ഞതുകൊണ്ട് ആയിരുന്നില്ല, വലിയ ബജറ്റിലും കാന്‍വാസിലുമൊക്കെ സൂര്യയുടെ താരമൂല്യം ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ള ചിത്രങ്ങള്‍ ഇക്കാലയളവില്‍ ഇറങ്ങി. എന്നാല്‍ ഒന്നും തിയറ്ററുകളില്‍ പല്ല തൊട്ടില്ല. എന്നാല്‍ ഇപ്പോഴിതാ വര്‍ഷങ്ങളുടെ കാത്തിരിപ്പിനിപ്പുറം ഒരു സൂര്യ ചിത്രം തിയറ്ററുകളെ ഇളക്കി മറിക്കുകയാണ്. അദ്ദേഹത്തിന്‍റെ കരിയറിലെ ബിഗസ്റ്റ് ഹിറ്റ് ആയി മാറിയ ചിത്രം ഇപ്പോഴിതാ ഒരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്.
ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ് എന്ന ചിത്രമാണ് അത്. ഡിവോഷണല്‍ ഫാന്‍റസി ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെട്ട ചിത്രത്തിന്‍റെ റിലീസ് മെയ് 15 ന് ആയിരുന്നു. സൂര്യ ആരാധകര്‍ക്ക് പോലും റിലീസിന് മുന്‍പ് വലിയ പ്രതീക്ഷ ഇല്ലാതിരുന്ന ചിത്രം പക്ഷേ ആദ്യ ഷോകള്‍ക്കപ്പുറം തലവര മാറ്റി. പോസിറ്റീവ് അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതിന് പിന്നാലെ ബോക്സ് ഓഫീസില്‍ ചിത്രം കുതിച്ചു. ഏറ്റവുമൊടുവില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 200 കോടി ഗ്രോസ് പിന്നിട്ടിരിക്കുകയാണ് ചിത്രം. നിര്‍മ്മാതാക്കള്‍ തന്നെ അറിയിച്ചിരിക്കുന്നതാണ് ഇത്. സൂര്യയുടെ കരിയറിലെ ആദ്യ 200 കോടി ചിത്രവുമാണ് കറുപ്പ്. കൃത്യമായി പറഞ്ഞാല്‍ 207 കോടിയാണ് ചിത്രം ഇതിനകം നേടിയിരിക്കുന്നത്.
മാസ് ഘടകങ്ങളാൽ സമ്പന്നമായ സമ്പൂര്‍ണ ആക്ഷൻ എന്റർടെയ്‍നറായി പ്രേക്ഷകർക്ക് വലിയ ആഘോഷാനുഭവം കറുപ്പ് തിയേറ്ററിൽ സമ്മാനിക്കുകയാണ്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു ആകർഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പിൽ എത്തുന്നത്. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായാ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.