
കൊച്ചി: ഈ വർഷം മലയാള സിനിമയുടെ ബിസിനസ് നഷ്ടം മൂന്നൂറ് കോടി രൂപയാണെന്ന് നിർമാതാക്കളുടെ സംഘടന. റിലീസ് ചെയ്ത ചിത്രങ്ങളിൽ സൂപ്പർ ഹിറ്റായത് നാല് സിനിമകൾ മാത്രമാണ്. പന്ത്രണ്ട് സിനിമകൾ ഒടിടി കൂടി റിലീസ് എടുത്തതോടെ രക്ഷപ്പെട്ടുവെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി ബി രാകേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വലിയ സിനിമകൾ ഒഴികെയുള്ള മറ്റ് സിനിമകളോട് തിയറ്റർ പ്രേക്ഷകരുടെ താല്പര്യം മാറിവരിക ആണെന്നും അദ്ദേഹം പറയുന്നു.
"ഈ വർഷം റിലീസ് ചെയ്തതിൽ നാല് സിനിമകളാണ് തിയറ്ററിൽ ഓടി സൂപ്പർ ഹിറ്റായ പടം. കണ്ണൂർ സ്ക്വാഡ്, 2018, ആർഡിഎക്സ്, രോമാഞ്ചം എന്നിവയാണ് അവ. ഇവ നാലും പരിപൂർണ വിജയ ചിത്രങ്ങളാണ്. ഏകദേശം പന്ത്രണ്ടോളം സിനിമകൾ മറ്റ് ബിസിനസുകളിലൂടെ പ്രൊഫിറ്റ് വന്നിട്ടുണ്ട്. മറ്റ് സിനിമകളെല്ലാം തന്നെ വൻ നഷ്ടമാണ്. ഒരുരൂപ പോലും തിരിച്ച് കിട്ടാത്ത സിനിമകൾ വരെ ഇക്കൂട്ടത്തിലുണ്ട്", എന്നാണ് ബി രാകേഷ് പറഞ്ഞത്.
സിനിമകളുടെ എണ്ണം ക്രമാധീതമായിട്ട് കൂടുകയാണ്. ഒരുപാട് പേർ പുതുതായി സിനിമ എടുക്കാൻ വരുന്നുണ്ട്. 90 ശതമാനം പേരും പുതിയ ആൾക്കാരാണ്. അവാർഡ് സിനിമകളുണ്ട്. 10,12 ലക്ഷം രൂപയ്ക്ക് എടുത്ത സിനിമകളുണ്ട്. ആറ് മുതൽ പത്ത് കോടിക്ക് വരെ എടുത്ത സിനിമകളുമുണ്ട് പരാജയപ്പെട്ടവയിൽ. അതെല്ലാം കൂടിച്ചേർത്താൽ മൂന്നൂറ് കോടിക്ക് മുകളിൽ നഷ്ടം വരും. സിനിമ കൊല്ലാം അല്ലെങ്കിൽ ഹിറ്റ് ആണെങ്കിൽ മാത്രമാണ് തിയറ്ററിലേക്ക് ആളുകൾ വരുന്നത്. അത്തരം സിനിമകൾക്ക് ഒത്തിരി ആളുകൾ വരുന്നുണ്ടെന്നും രാകേഷ് വ്യക്തമാക്കുന്നു.
വിജയം ആവർത്തിക്കുമോ ഷാരൂഖ് ? 'ഡങ്കി' രാജ്കുമാർ ഹിരാനിയുടെ മാസ്റ്റർപീസോ ? ആദ്യ റിവ്യു ഇങ്ങനെ
പണ്ടത്തെ കാലത്തൊക്കെ ഇത്രയും പടങ്ങളൊന്നും അല്ല ഹിറ്റ് ആകേണ്ടത്. പരാജയപ്പെട്ട സിനിമകളിൽ തന്നെ നല്ല സിനിമകളും ഉണ്ട്. അതൊന്നും തിയറ്ററിൽ വന്ന് കാണാൻ ആളുകൾക്ക് താല്പര്യം ഇല്ലാത്തത് കൊണ്ട് പരാജയപ്പെട്ട സിനിമകളാണെന്നും ബി രാകേഷ് വ്യക്തമാക്കി. മുൻ വർഷങ്ങളിലും 85 ശതമാനത്തോളം നഷ്ടം മലയാള സിനിമയ്ക്ക് ഉണ്ടായിരുന്നു. കൊവിഡ് സാഹചര്യത്തില്‍ ആയിരുന്നു ഇത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..