
ഈ വര്‍ഷം തിയറ്ററുകളിലെത്തിയ ചിത്രങ്ങളില്‍ വലിയ വിജയം നേടിയത് പലതും കോമഡിക്ക് പ്രാധാന്യമുള്ള ചിത്രങ്ങള്‍ ആണ്. പ്രകമ്പനവും ആട് 3, വാഴ 3, മോഹിനിയാട്ടം എന്നിവയൊക്കെ അക്കൂട്ടത്തില്‍ പെടും. അതിന് തുടര്‍ച്ചയായി തിയറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു ഷറഫുദ്ദീന്‍ നായകനായ മധുവിധു. ഏപ്രില്‍ 23 ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 22 ന് സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. ഇപ്പോഴിതാ തിയറ്ററുകളില്‍ നിന്ന് ചിത്രം സ്വന്തമാക്കിയ നേട്ടം സംബന്ധിച്ച ഔദ്യോഗിക കണക്ക് പുറത്തെത്തിയിരിക്കുകയാണ്.
റിലീസിന് മുന്‍പ് തന്നെ ഒടിടി ഡീല്‍ സ്വന്തമാക്കിയ ചിത്രമായിരുന്നു മധുവിധു. മലയാള സിനിമയില്‍ ഇന്ന് ഇത്തരം ഡീലുകള്‍ അപൂര്‍വ്വമാണ്. ഒടിടിയിലൂടെത്തന്നെ മികച്ച സാമ്പത്തിക നേട്ടം നിര്‍മ്മാതാക്കള്‍ നേടിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വലിയ ബജറ്റിലല്ലാതെ നിര്‍മ്മിക്കപ്പെട്ട ചിത്രം നിര്‍മ്മാതാക്കളുടെ കണക്ക് പ്രകാരം 19 ദിവസം കൊണ്ട് നേടിയത് 11.4 കോടിയാണ്. ബജറ്റ് പരിഗണിക്കുമ്പോള്‍ വിജയ ചിത്രങ്ങളുടെ പട്ടികയില്‍ ചിത്രം ഇടം പിടിക്കുമെന്നാണ് വിലയിരുത്തല്‍. ചലച്ചിത്ര നിർമ്മാണ രംഗത്തെ നിറസാന്നിധ്യമായ അജിത് വിനായക ഫിലിംസിന് എക്കാലവും അഭിമാനിക്കാവുന്ന മികച്ച വിജയമാണ് നവാഗതനായ വിഷ്ണു അരവിന്ദ് മധുവിധുവിലൂടെ സമ്മാനിച്ചിരിക്കുന്നത്. വിജയ ചിത്രമായ ഷൈലോക്കിന് ശേഷം ബിബിൻ മോഹനും തിയറ്റർ ഹിറ്റുകളായിരുന്ന മധുര മനോഹര മോഹം, ദി പെറ്റ് ഡിറ്റക്ടീവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജയ് വിഷ്ണുവും ചേർന്നാണ് മധുവിധുവിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ബാബുവേട്ടൻ ഫിലിംസ് ആണ് മധുവിധുവിന്റെ സഹ നിർമ്മാണം.
ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തിൽ, സംഗീതം ഹിഷാം അബ്ദുൾ വഹാബ്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ ആൻഡ് എഡിറ്റർ ക്രിസ്റ്റി സെബാസ്റ്റ്യന്‍, പ്രൊജക്റ്റ് ഡിസൈനർ രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈനർ ദിവ്യ ജോർജ്, മേക്കപ്പ് ജിതേഷ് പൊയ്യ, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്ദിരൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അഖിൽ സി തിലകൻ, സ്റ്റിൽസ് റിഷാജ് മുഹമ്മദ്, നൃത്തസംവിധാനം റിഷ്‌ദാൻ അബ്ദുൾ റഷീദ്, വിഎഫ്എക്സ് നോക്ക്റ്റേണൽ ഒക്റ്റേവ്, പബ്ലിസിറ്റി ഡിസൈൻ യെല്ലോടൂത്ത്, മാർക്കറ്റിംഗ് ബ്രിങ്ഫോർത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് ആരോമൽ, പിആർഒ ശബരി.