
മമ്മൂട്ടി വീണ്ടും വിസ്‍മയിപ്പിക്കുന്ന ഒരു ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടി നിറഞ്ഞാടുന്ന ഭ്രമയുഗത്തിന്റെ ഓപ്പണിംഗ് കളക്ഷൻ പ്രവചനങ്ങള്‍ വലിയ പ്രതീക്ഷകളാണ് മുന്നോട്ടുവയ്‍ക്കുന്നത്. ഓര്‍മാക്സ് മീഡിയയുടെ പ്രവചനം 3.0 കോടി രൂപ ഭ്രമയുഗം റിലീസിന് കേരളത്തില്‍ നിന്ന് മാത്രമായി നേടും എന്നാണ്. മാസ് സ്വഭാവത്തിലല്ലാത്ത ഒരു ചിത്രമായിരുന്നിട്ടും കളക്ഷനില്‍ നേട്ടമുണ്ടാക്കാൻ ഭ്രമയുഗത്തിനാകുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കൊടുമണ്‍ പോറ്റിയായിട്ടുള്ള മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ച തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. പ്രകടനത്തില്‍ ഞെട്ടിക്കുകയാണ് മമ്മൂട്ടി പുതിയ ചിത്രത്തിലും എന്നാണ് ഭ്രമയുഗം കണ്ടവര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. അക്ഷരാര്‍ഥത്തില്‍ മമ്മൂട്ടിയുടെ വേഷപകര്‍ച്ചയുടെ ഭ്രമാത്മകതയാണ് ചിത്രത്തിന്റെ ആകര്‍ഷകതയായി മാറിയിരിക്കുന്നത്. അര്‍ജുൻ അശോകന്റെ പ്രകടനവും ഭ്രമയുഗം സിനിമയില്‍ അഭിനന്ദിക്കപ്പടേണ്ടതാണ് എന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
മെയ്‍ക്കിംഗിലെ മികവും ഭ്രമയുഗത്തെ വേറിട്ടതാക്കുന്നു. രാഹുല്‍ സദാശിവന്റെ ആഖ്യാനത്തിലെ കൗശലം ചിത്രത്തിന് നിഗൂഢ സ്വഭാവം പകരുന്നു. വെളുപ്പും കറുപ്പും കലര്‍ത്തി ഭ്രമയുഗം സിനിമ അവതരപ്പിക്കാൻ തീരുമാനിച്ചതും രാഹുല്‍ സദാശിവനിലെ സംവിധായകന്റെ സാമര്‍ഥ്യമാണ്. സംഗീതവും ഭ്രമയുഗത്തിന്റെ നിഗൂഢത വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് ചിത്രം കണ്ടവരുടെ അഭിപ്രായങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
കേരള ബോക്സ് ഓഫീസില്‍ ഓപ്പണിംഗ് കളക്ഷനില്‍ റെക്കോര്‍ഡ് ദളപതി വിജയ് നായകനായ ലിയോയ്‍ക്കാണ്. ലിയോ കേരളത്തില്‍ റിലീസിന് 12 കോടി രൂപയില്‍ അധികം നേടിയിരുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. യാഷിന്റെ കെജിഎഫ് 2 7.30 കോടി രൂപയിലധികം നേടി കേരള ബോക്സ് ഓഫീസില്‍ റിലീസ് റെക്കോര്‍ഡില്‍ രണ്ടാം സ്ഥാനത്തുണ്ട്. റിലീസ് റെക്കോര്‍ഡില്‍ മൂന്നാമത് ഏഴ് കോടിയില്‍ അധികം നേടിയ മോഹൻലാലിന്റെ ഒടിയൻ ആണ്.
Read More: കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഷാരൂഖ് ഖാന്റെ ഡങ്കി ഒടിടിയില്‍, തിയറ്ററുകളിലെ നിരാശ മാറുമോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക