
കോമഡിക്ക് പ്രാധാന്യമുള്ള ഒരു ഫെസ്റ്റിവല്‍ സീസണ്‍ പടം, റിലീസിന് മുന്‍പ് ഓടും കുതിര ചാടും കുതിര എന്ന ചിത്രത്തിന് പ്രേക്ഷകശ്രദ്ധ ലഭിക്കാന്‍ പല കാരണങ്ങള്‍ ഉണ്ടായിരുന്നു. സമീപകാലത്ത് നടനായും തിളങ്ങിയ അല്‍ത്താഫ് സലിം, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം, ഫഹദ് ഫാസിലും കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം എന്നിവയായിരുന്നു അതില്‍ പ്രധാനം. ഓണം റിലീസ് ആയി എത്തിയ ചിത്രത്തിന്‍റെ റിലീസ് വെള്ളിയാഴ്ച ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് ചിത്രം കേരളത്തില്‍ നിന്ന് ആദ്യ രണ്ട് ദിനങ്ങളില്‍ നേടിയ ഗ്രോസ് 1.13 കോടിയാണ്. റൊമാന്‍റിക് കോമഡി ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇത്. അല്‍ത്താഫ് സലിമിന്‍റേത് തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ. മലയാളത്തിൽ ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറ്റിൽ ആഷിക് ഉസ്മാൻ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
ഫഹദിനും കല്യാണിക്കും പുറമേ രേവതി പിള്ള, വിനയ് ഫോർട്ട്, ലാൽ, സുരേഷ്കൃഷ്ണ, ബാബു ആൻ്റണി, ജോണി ആൻ്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായിട്ടുണ്ട്. ജസ്റ്റിൻ വർഗീസ് സംഗീതം ഒരുക്കുന്ന ചിത്രത്തിന് ജിന്റോ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് നിധിൻ രാജ് അരോൾ കൈകാര്യം ചെയ്യുന്നു.