Paapaan Box Office : ബോക്സ് ഓഫീസില്‍ സുരേഷ് ഗോപിയുടെ തിരിച്ചുവരവ്; പാപ്പന്‍ ആദ്യദിനം നേടിയത്

By Web TeamFirst Published Jul 31, 2022, 9:32 AM IST
Highlights

കേരളമാകെ ആദ്യദിനം നടന്നത് 1157 പ്രദര്‍ശനങ്ങള്‍

തിയറ്ററുകളില്‍ മുന്‍പത്തേതുപോലെ ആളെത്തുന്നില്ലെന്ന ചലച്ചിത്രമേഖലയുടെ ആശങ്ക്ക്കിടയിലും നിരവധി ചിത്രങ്ങളാണ് പുതുതായി എത്തിക്കൊണ്ടിരിക്കുന്നത്. അക്കൂട്ടത്തില്‍ ചെറിയ ചിത്രങ്ങളും സൂപ്പര്‍താരങ്ങളുടെ വലിയ പ്രോജക്റ്റുകളുമുണ്ട്. അതില്‍ തിയറ്റര്‍ വ്യവസായം കൌതുകത്തോടെ കാത്തിരുന്ന ചിത്രങ്ങളില്‍ ഒന്നായിരുന്നു പാപ്പന്‍ (Paappan). പല കാലങ്ങളിലായി ഒട്ടേറെ വന്‍ ഹിറ്റുകള്‍ സമ്മാനിച്ച ജോഷിയും (Joshiy) സുരേഷ് ഗോപിയും (Suresh Gopi) ഒരിടവേളയ്ക്കു ശേഷം ഒന്നിക്കുന്നു എന്നതായിരുന്നു ആ കാത്തിരിപ്പിന്‍റെ മൂലകാരണം. തിയറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിക്കാന്‍ ആ ഹിറ്റ് കൂട്ടുകെട്ടിന് എത്രത്തോളം സാധിക്കും എന്നതായിരുന്നു ചോദ്യം. ഇപ്പോഴിതാ ആ പരീക്ഷയില്‍ അവര്‍ വിജയിച്ചു എന്നാണ് കളക്ഷന്‍ കണക്കുകള്‍ നല്‍കുന്ന സൂചന. 

ആദ്യദിനം കേരളത്തില്‍ നിന്ന് ചിത്രം 3.16 കോടി നേടിയതായാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. കേരളത്തില്‍ ആകെ ആദ്യദിനം നടന്നത് 1157 പ്രദര്‍ശനങ്ങളാണെന്നും ഇത് സംബന്ധിച്ച് പുറത്തിറക്കപ്പെട്ട പോസ്റ്ററില്‍ പറയുന്നു. വൈഡ് റിലീസിന്‍റെ പുതുകാലത്ത് ആദ്യമായെത്തുന്ന സുരേഷ് ഗോപി ചിത്രമാണ് പാപ്പന്‍. സുരേഷ് ഗോപിയുടെ താരമൂല്യത്തിന്‍റെ പുതുകാലത്തെ വിലയിരുത്തല്‍ കൂടിയാവും പാപ്പന്‍റെ ബോക്സ് ഓഫീസിലെ മുന്നോട്ടുള്ള പ്രയാണമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണിത്. എബ്രഹാം മാത്യു മാത്തന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. 'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രവുമാണിത്. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. പൊറിഞ്ചു മറിയം ജോസിനു ശേഷം ജോഷിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രവുമാണ് പാപ്പന്‍. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രവുമാണിത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

ALSO READ : നമ്മള്‍ ഉദ്ദേശിക്കുന്ന ആളല്ല 'പാപ്പന്‍'; റിവ്യൂ

click me!