യുഎസ്, യുകെ, ഓസ്ട്രേലിയ; വിദേശ മാര്‍ക്കറ്റുകളിലും യുദ്ധം ജയിച്ച് 'പൊന്നിയിന്‍ സെല്‍വന്‍'

By Web TeamFirst Published Oct 2, 2022, 4:22 PM IST
Highlights

രണ്ട് ഭാഗങ്ങളിലായി പ്രദര്‍ശനത്തിനെത്തുന്ന ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമാണ് ഇപ്പോള്‍ തിയറ്ററുകളിലുള്ളത്.

ഇന്ത്യന്‍ സിനിമയില്‍ തന്നെ സമീപകാലത്തെ ഏറ്റവും വലിയ സാമ്പത്തിക വിജയമായി മാറുകയാണ് മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍. ലോകമെമ്പാടും വന്‍ സ്ക്രീന്‍ കൌണ്ടോടെ വെള്ളിയാഴ്ച റിലീസ് ചെയ്യപ്പെട്ട ചിത്രം ആദ്യ ദിനം നേടിയത് 80 കോടിയിലേറെ ആയിരുന്നു. നിര്‍മ്മാതാക്കള്‍ തന്നെ പുറത്തുവിട്ട കണക്കാണ് ഇത്. രണ്ടാം ദിനം ചിത്രം 70 കോടിയിലേറെ നേടിയെന്നാണ് അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍. അതായത് ആദ്യ രണ്ട് ദിനങ്ങളില്‍ നിന്ന് 150 കോടിയില്‍ അധികം! ഇപ്പോഴിതാ പ്രധാന വിദേശ മാര്‍ക്കറ്റുകളില്‍ നിന്നുള്ള ചിത്രത്തിന്‍റെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ എത്തുകയാണ്. പലയിടങ്ങളിലും തമിഴ് സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ ഓപണിംഗ് സ്വന്തമാക്കിയിട്ടുണ്ട് മണി രത്നം തന്‍റെ സ്വപ്ന ചിത്രമെന്ന് വിശേഷിപ്പിച്ചിട്ടുള്ള പൊന്നിയിന്‍ സെല്‍വന്‍.

യുകെ ബോക്സ് ഓഫീസില്‍ ആദ്യ രണ്ട് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയത് 5.24 ലക്ഷം പൌണ്ട് ആണെന്ന് ലെറ്റ്സ് സിനിമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ രൂപയില്‍ 4.7 കോടിയാണ് ഈ തുക. യുഎസില്‍ 3 മില്യണ്‍ ഡോളര്‍ (24.5 കോടി രൂപ) ആണ് ചിത്രം നേടിയതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിട്ടുണ്ട്. ഇന്ത്യയ്ക്കൊപ്പം വിദേശ മാര്‍ക്കറ്റുകളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ഇന്നും ലഭിക്കുന്നത്. ഞായറാഴ്ച കളക്ഷന്‍ കൂടി ചേരുമ്പോള്‍ പല വിദേശ മാര്‍ക്കറ്റുകളിലും ചിത്രം ഒരു തമിഴ് ചിത്രം ഇതുവരെ നേടിയിട്ടുള്ള ഏറ്റവും മികച്ച ഇനിഷ്യല്‍ ഗ്രോസിലേക്ക് എത്തുമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്യുന്നു.

ALSO READ : ഇന്ന് ബുക്ക് ചെയ്യുന്നോ? ഹിന്ദി 'ദൃശ്യം 2' പകുതി പൈസയ്ക്ക് കാണാം

is Firing in USA🔥 pic.twitter.com/GXw3wqTtid

— Christopher Kanagaraj (@Chrissuccess)

രണ്ട് ഭാഗങ്ങളിലായി പ്രദര്‍ശനത്തിനെത്തുന്ന ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമാണ് ഇപ്പോള്‍ തിയറ്ററുകളിലുള്ളത്. പ്രശസ്ത തമിഴ് സാഹിത്യകാരൻ കൽക്കിയുടെ ഇതേ പേരിലുള്ള വിഖ്യാത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചി‌രിക്കുന്നത്. ചോള രാജവംശത്തിലെ പ്രധാന ഭരണാധികാരിയായിരുന്ന അരുൺമൊഴിവര്‍മ്മന്‍ എന്ന രാജരാജ ചോഴന്റെ കഥ പറയുന്ന ചിത്രത്തില്‍ ജയം രവിയാണ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്കരനാണ് പൊന്നിയിന്‍ സെല്‍വന്‍റെ നിര്‍മ്മാണം. 500 കോടിയോളം രൂപയാണ് ചിത്രത്തിന്‍റെ ബജറ്റ്. മണിരത്നത്തിന്റെ പ്രൊഡക്ഷൻ ബാനറായ മദ്രാസ് ടാക്കീസിനും ചിത്രത്തിൽ നിർമ്മാണ പങ്കാളിത്തമുണ്ട്. ഐശ്വര്യ റായ്, പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, വിക്രം പ്രഭു തുടങ്ങി വൻ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മലയാളത്തിൽ നിന്ന് ജയറാം, ഐശ്വര്യ ലക്ഷ്മി, ലാൽ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

click me!