
മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യ 300 കോടി ക്ലബ്ബ് ചിത്രമായിരിക്കുകയാണ് ലോക: ചാപ്റ്റര്‍ 1 ചന്ദ്ര. 41 ദിവസം കൊണ്ടാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ലോക ഈ നേട്ടം സ്വന്തമാക്കിയത്. മലയാള സിനിമാ വ്യവസായത്തിന് മാറിയ കാലത്തിന്‍റേതായ പുതിയ പ്രതീക്ഷകള്‍ പകരുന്ന ഈ വിജയം പുതുകാലത്തെ മോളിവുഡിനെ ഇന്ത്യന്‍ സിനിമയുടെ വിശാലമായ കാന്‍വാസില്‍ വരച്ചിടുന്നുമുണ്ട്. മലയാളത്തിന്‍റെ ആദ്യ 100 കോടി, 200 കോടി ക്ലബ്ബ് ചിത്രങ്ങള്‍ക്കിടയിലുള്ള അകലം നോക്കിയാല്‍ എത്ര വേഗത്തിലാണ് നമ്മുടെ സിനിമ ഒരു വ്യവസായമെന്ന നിലയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന അത്ഭുതകരമായ കാര്യം മനസിലാക്കാനാവും.
മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം പുലിമുരുകന്‍ തിയറ്ററുകളിലെത്തിയത് 2016 ല്‍ ആയിരുന്നു. കൃത്യമായി പറഞ്ഞാല്‍ 2018 ഒക്ടോബര്‍ 7 ന്. ദിവസങ്ങള്‍ക്കുള്ളില്‍ ട്രെന്‍ഡ് സൃഷ്ടിച്ച് തിയറ്ററുകള്‍ അക്ഷരാര്‍ഥത്തില്‍ ജനസമുദ്രങ്ങളാക്കിയ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായി ഔദ്യോഗിക പ്രഖ്യാപനം വന്നത് 2016 നവംബര്‍ 7 ന് ആയിരുന്നു. അതായത് 31 ദിവസം കൊണ്ടാണ് പുലിമുരുകന്‍ ഈ നേട്ടം സ്വന്തമാക്കിയത്.
മഞ്ഞുമ്മല്‍ ബോയ്സ് ആണ് മലയാളത്തിലെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രം. 2024 ഫെബ്രുവരി 22 ന് തിയറ്ററുകളിലെത്തിയ ചിത്രം 200 കോടി ക്ലബ്ബില്‍ എത്തിയതായ ഔദ്യോഗിക പ്രഖ്യാപനം വന്നത് 2024 മാര്‍ച്ച് 19 നാണ്. 26 ദിവസം കൊണ്ടായിരുന്നു ചിത്രത്തിന്‍റെ ചരിത്രനേട്ടം. ആദ്യ 100 കോടി ക്ലബ്ബ് ചിത്രത്തില്‍ നിന്ന് ആദ്യ 200 കോടി ചിത്രത്തിലേക്കുള്ള ദൂരം ഏഴര വര്‍ഷമായിരുന്നു. എന്നാല്‍ ആദ്യ 200 കോടി ക്ലബ്ബ് ചിത്രത്തില്‍ നിന്ന് ആദ്യ 300 കോടി ചിത്രത്തിലേക്കുള്ള ദൂരം കേവലം ഒന്നര വര്‍ഷവും. മോളിവുഡിന്‍റെ ഭാവിയെക്കുറിച്ചുള്ള ദിശാസൂചന ഇതിലുണ്ട്.
മലയാള സിനിമകള്‍ തിയറ്ററുകളിലെത്തി കാണാന്‍ മറുഭാഷാ പ്രേക്ഷകരും താല്‍പര്യം കാട്ടുന്നു എന്നത് കൂടിയാണ് ബോക്സ് ഓഫീസിലെ ഈ വലിയ സംഖ്യകളുടെ പിന്നിലെ ഘടകം. മഞ്ഞുമ്മല്‍ ബോയ്സില്‍ തമിഴ്നാട്ടില്‍ നിന്ന് മാത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ലോകയുടെ തമിഴ് പതിപ്പ് 16.32 കോടിയും തെലുങ്ക് പതിപ്പ് 13.73 കോടിയുമാണ് നേടിയത്. പ്രേമലു, മാര്‍ക്കോ തുടങ്ങിയ ചിത്രങ്ങളും മറുഭാഷാ സിനിമാപ്രേമികളെ തിയറ്ററുകളില്‍ എത്തിച്ചവയാണ്. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഇന്ന് ഏറ്റവും ആത്മവിശ്വാസത്തോടെ പരീക്ഷണങ്ങള്‍ നടത്തുന്ന ഇന്‍ഡസ്ട്രി മോളിവുഡ് ആണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പുവരെ അസാധ്യമെന്ന് കരുതിയിരുന്ന നേട്ടം ലോക സ്വന്തമാക്കുമ്പോള്‍ കീഴടക്കാനുള്ള പുതിയ ഉയരങ്ങള്‍ സ്വപ്നം കാണുകയാണ് മലയാള സിനിമ.