
ചില സിനിമകൾ അങ്ങനെയാണ്, റിലീസിന് മുൻപുള്ള റിവ്യൂകളെ എല്ലാം മാറ്റി മറിച്ച് വൻ കുതിപ്പ് നടത്തും. അത്തരത്തിലൊരു സിനിമയാണ് രൺവീർ സിംഗ് നായകനായി എത്തിയ ധുരന്ദർ. ദുരന്തമെന്ന് വിധിയെഴുതിയവരെ കൊണ്ട് കയ്യടിപ്പിച്ച് ബോക്സ് ഓഫീസിൽ വൻ കുതിപ്പ് നടത്തിയ ചിത്രമിതാ ബോളിവുഡ് സിനിമയിൽ പുതു ചരിത്രം കുറിച്ചിരിക്കുകയാണ്. ഇന്ത്യൻ ബോക്സ് ഓഫീസിൽ 1000 കോടി നേടുന്ന ആദ്യ ഹിന്ദി ചിത്രം എന്ന ഖ്യാതിയാണ് ധുരന്ദർ നേടിയിരിക്കുന്നത്.
ബാഹുബലി 2, കെജിഎഫ് 2, പുഷ്പ 2 എന്നീ സിനിമകൾ മാത്രമാണ് ഇതുവരെ 1000 കോടി ഗ്രോസ് ഇന്ത്യയിൽ നിന്നും നേടിയിരുന്നത്. റിലീസ് ചെയ്ത് എട്ട് ആഴ്ച പിന്നിടുമ്പോഴാണ് ധുരന്ദറിന്റെ ഈ നേട്ടം. പ്രമുഖ ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 1297.9 കോടിയാണ് ധുരന്ദറിന്റെ ഇതുവരെയുള്ള ആഗോള ബോക്സ് ഓഫീസ് കളക്ഷൻ. ഇന്ത്യ നെറ്റായി 835.15 കോടി നേടിയപ്പോൾ 1001.9 കോടിയാണ് ഇന്ത്യ ഗ്രോസ് കളക്ഷൻ. ഓവർസീസിൽ നിന്നും 296 കോടിയാണ് ചിത്രത്തിൽ നിന്നും നേടിയിരിക്കുന്നത്.
ഡിസംബർ 5ന് ആയിരുന്നു ധുരന്ദർ റിലീസ് ചെയ്തത്. 140 കോടിയാണ് ആദിത്യ ധർ രചനയും സംവിധാനവും നിർവഹിച്ച പടത്തിന്റെ ബജറ്റെന്നാണ് റിപ്പോർട്ട്. സ്പൈ ആക്ഷൻ ത്രില്ലർ ജോണറിലെത്തിയ ചിത്രത്തിൽ രൺവീർ സിംഗ്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, സാറാ അർജുൻ, രാകേഷ് ബേദി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കഥയുടെ ബാക്കി ഭാഗം പറയുന്ന 'ധുരന്ധർ 2' മാർച്ചിൽ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.