ഇന്ത്യന്‍ കളക്ഷനില്‍ 'ബെല്‍ബോട്ട'ത്തെ മറികടന്ന് മാര്‍വെലിന്‍റെ 'ഷാങ്-ചി'; റിലീസ് ദിനത്തില്‍ നേടിയത്

By Web TeamFirst Published Sep 4, 2021, 10:57 PM IST
Highlights

അമേരിക്കന്‍ ബോക്സ് ഓഫീസില്‍ ചിത്രം തരംഗം സൃഷ്‍ടിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍

കൊവിഡ് രണ്ടാംതരംഗത്തില്‍ അടച്ചിട്ട തിയറ്ററുകള്‍ പല സംസ്ഥാനങ്ങളിലും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അത്തരത്തില്‍ തുറന്ന തിയറ്ററുകളിലേക്ക് ബോളിവുഡില്‍ നിന്നെത്തിയ ആദ്യ സൂപ്പര്‍താര റിലീസ് ആയിരുന്നു അക്ഷയ് കുമാര്‍ നായകനായ 'ബെല്‍ബോട്ടം'. ഓഗസ്റ്റ് 19ന് റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് ബോക്സ് ഓഫീസില്‍ വലിയ പ്രതികരണമൊന്നും നേടാന്‍ ആയില്ല. അഥവാ നിര്‍മ്മാതാക്കള്‍ തന്നെ ഒരു വലിയ വിജയം പ്രതീക്ഷിച്ചിരുന്നുമില്ല. ബോളിവുഡ് സിനിമകളുടെ ഇന്ത്യയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ ഒന്നായ മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങള്‍ തിയറ്ററുകള്‍ തുറക്കാത്തതായിരുന്നു ഇതിന് ഒരു കാരണം. തിയറ്ററുകള്‍ തുറന്നയിടങ്ങളിലാവട്ടെ 50 ശതമാനം മാത്രമായിരുന്നു പ്രവേശനവും. എന്നാല്‍ ഇപ്പോഴിതാ ഒരു ഹോളിവുഡ് ചിത്രം 'ബെല്‍ബോട്ട'ത്തിന്‍റെ ഇന്ത്യയിലെ ആദ്യദിന കളക്ഷനെ മറികടന്നിരിക്കുകയാണ്.

മാര്‍വെലിന്‍റെ സൂപ്പര്‍ഹീറോ ചിത്രമായ 'ഷാങ്-ചി ആന്‍ഡ് ദ് ലെജെന്‍ഡ് ഓഫ് ദി ടെന്‍ റിംഗ്‍സ്' ആണ് നേട്ടമുണ്ടാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഇന്ത്യയില്‍ നിന്നു നേടിയ നെറ്റ് കളക്ഷന്‍ 3.25 കോടിയാണ്. എല്ലാ ഭാഷാപതിപ്പുകളും ചേര്‍ത്താണിത്. അതേസമയം അക്ഷയ് കുമാര്‍ ചിത്രം റിലീസ് ദിനത്തില്‍ നേടിയത് 2.75 കോടി ആയിരുന്നു. 'ഷാങ് ചി'ക്കു ലഭിച്ച മികച്ച പ്രതികരണം ഈ വാരാന്ത്യത്തില്‍ മികച്ച കളക്ഷനിലേക്ക് നയിക്കുമെന്നാണ് കരുതപ്പെടുന്നത്.

അതേസമയം അമേരിക്കന്‍ ബോക്സ് ഓഫീസില്‍ ചിത്രം തരംഗം സൃഷ്‍ടിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡെസ്റ്റിന്‍ ഡാനിയല്‍ ക്രെറ്റണ്‍ സംവിധാനം ചെയ്‍ത ചിത്രം റിലീസിനു തലേദിവസത്തെ പ്രിവ്യൂ ഷോകളിലൂടെ മാത്രം 8.8 മില്യണ്‍ ഡോളര്‍ (64.2 കോടി രൂപ) നേടിയിട്ടുണ്ടെന്ന് ഡെഡ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്‍തു. പുറത്തെത്തുന്ന കണക്കുകള്‍ പ്രകാരം ചിത്രത്തിന്‍റെ റിലീസ് ദിന യുഎസ് കളക്ഷന്‍ 25 മില്യണ്‍ ഡോളര്‍ (182.4 കോടി രൂപ) ആണ്. കൊവിഡ് കാലത്ത് യുഎസില്‍ ഏറ്റവും വലിയ ഓപണിംഗ് നേടുന്ന മൂന്നാമത്തെ ചിത്രവുമാവും ഷാങ് ചി. 'ബ്ലാക്ക് വിഡോ' (39.5 മില്യണ്‍), 'എഫ് 9' (29.9 മില്യണ്‍) എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ഏഷ്യന്‍ താരനിരയെ മാത്രം വച്ചുകൊണ്ടുള്ള മാര്‍വെലിന്‍റെ ആദ്യചിത്രവുമാണ് ഷാങ് ചി. സിമു ലിയു ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ അവ്‍ക്വാഫിന, ടോണി ലിയൂങ്, മിഷേല്‍ യിഓ, ഫല ചെന്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!