Spider Man No Way Home Box Office: ഇന്ത്യന്‍ ബോക്സ് ഓഫീസ് തൂത്തുവാരി സ്പൈഡര്‍മാന്‍, ആദ്യദിനം നേടിയത്

By Web TeamFirst Published Dec 17, 2021, 7:32 PM IST
Highlights

പ്രീ ബുക്കിംഗിലും ചിത്രം തിയറ്റര്‍ മേഖലയെ അമ്പരപ്പിച്ചിരുന്നു

ഒരു ഹോളിവുഡ് സിനിമയ്ക്ക് ഇന്ത്യയില്‍ ലഭിക്കുന്ന ഏറ്റവും മികച്ച തിയറ്റര്‍ കൗണ്ട് ആണ് മാര്‍വെലിന്‍റെ 'സ്പൈഡര്‍മാന്‍: നോ വേ ഹോ'മിന് (Spider Man No Way Home) ലഭിച്ചത്. ഇംഗ്ലീഷിനൊപ്പം ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകളിലായി 3264 സ്ക്രീനുകള്‍. അവഞ്ചേഴ്സ്: എന്‍ഡ്‍ഗെയിമിലേക്കാള്‍ വലിയ സ്ക്രീന്‍ കൗണ്ട് ആണിത്. ഇന്ത്യയില്‍ 2845 സ്ക്രീനുകളിലായിരുന്നു എന്‍ഡ്‍ഗെയിം എത്തിയത്. എന്നാല്‍ തിയറ്ററുകളുടെ എണ്ണം കൂടുതലെങ്കിലും കൊവിഡ് മുന്‍കരുതല്‍ എന്ന നിലയ്ക്ക് മഹാരാഷ്ട്രയും കേരളവും ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും 50 ശതമാനം സീറ്റുകളില്‍ പ്രവേശനമുള്ളപ്പോഴാണ് സ്പൈഡര്‍മാന്‍ എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ആദ്യദിന കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തുമ്പോള്‍ ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിച്ചിരുന്നതിനും മുകളിലാണ് ചിത്രത്തിന്‍റെ ഇന്ത്യന്‍ കളക്ഷന്‍.

ഇന്ത്യയില്‍ റിലീസ് ചെയ്യപ്പെട്ട നാല് ഭാഷാ പതിപ്പുകളില്‍ നിന്നായി 41.50 കോടി ഗ്രോസും 32.67 കോടി നെറ്റുമാണ് ചിത്രം നേടിയിരിക്കുന്നതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് അറിയിച്ചു. അവഞ്ചേഴ്സ്‍: എന്‍ഡ്‍ഗെയിം ഒഴിവാക്കിനിര്‍ത്തിയാല്‍ ഒരു ഹോളിവുഡ് ചിത്രം ഇന്ത്യയില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷനാണ് ഇത്. 2019ല്‍ എത്തിയ എന്‍ഡ്‍ഗെയിമിന്‍റെ റിലീസ്‍ദിന ഇന്ത്യന്‍ കളക്ഷന്‍ 53.10 കോടി ആയിരുന്നു. സോണി പിക്ചേഴ്സ് ഇന്ത്യയില്‍ വിതരണം ചെയ്‍ത ഹോളിവുഡ് ചിത്രങ്ങളില്‍ ആദ്യദിന കളക്ഷനില്‍ ഒന്നാമതാണ് സ്പൈഡര്‍മാന്‍ നോ വേ ഹോം. എന്‍ഡ്‍ഗെയിമിന്‍റെ ഡിസ്ട്രിബ്യൂഷന്‍ വാള്‍ട്ട് ഡിസ്‍നി സ്റ്റുഡിയോസ് ആയിരുന്നു.

⭐️ Thursday, non-holiday release
⭐️ 50% capacity in Maharashtra
⭐️ Pandemic era
Yet, takes a FANTABULOUS START from East to West, from North to South… MONSTROUS Day 1… Thu ₹ 32.67 cr Nett BOC… Gross BOC: ₹ 41.50 cr. biz. All versions. pic.twitter.com/uPBlR0hASS

— taran adarsh (@taran_adarsh)

ഇന്ത്യയിലെ അഡ്വാന്‍സ് ബുക്കിംഗ് കണക്കുകളിലും തിയറ്റര്‍ വ്യവസായത്തെ സ്പൈഡര്‍മാന്‍ അമ്പരപ്പിച്ചിരുന്നു. എന്‍ഡ്‍ഗെയിം കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും മികച്ച പ്രീ-ബുക്കിംഗ് ലഭിച്ച ചിത്രമാണ് സ്പൈഡര്‍മാന്‍. ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ച് ആദ്യ 24 മണിക്കൂറില്‍ ചിത്രത്തിന്‍റെ അഞ്ച് ലക്ഷത്തിലേറെ ടിക്കറ്റുകളാണ് വിറ്റുപോയത്. പ്രമുഖ മള്‍ട്ടിപ്ലെക്സ് ശൃംഖലയായ പിവിആര്‍ മാത്രം ഒറ്റ ദിവസം കൊണ്ട് 1.6 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. അതേസമയം വ്യാഴാഴ്ച റിലീസ് ചെയ്‍ത ചിത്രമായതിനാല്‍ നാല് ദിവസത്തെ എക്സ്റ്റന്‍ഡഡ് വീക്കെന്‍സ് ആണ് സ്പൈഡര്‍മാന് ലഭിക്കുക. ആദ്യ വാരാന്ത്യ കളക്ഷന്‍ എത്ര വരുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് തിയറ്റര്‍ വ്യവസായം. 

click me!