
ഹോളിവുഡ് ചിത്രങ്ങളുടെ മികച്ച മാര്‍ക്കറ്റുകളിലൊന്നാണ് ഇന്ത്യ. വര്‍ഷങ്ങളായി അത് അങ്ങനെയാണ്. ആ മാര്‍ക്കറ്റിലേക്ക് നേരത്തേ തന്നെ ആരാധകരുള്ള ഒരു ഫ്രാഞ്ചൈസിയിലെ പുതിയ ചിത്രം വന്നാലോ? അത്തരത്തിലൊരു ചിത്രം ഭേദപ്പെട്ട അഭിപ്രായം കൂടി നേടിയാല്‍ ബോക്സ് ഓഫീസില്‍ എത്തരത്തില്‍ ചലനമുണ്ടാക്കും എന്നതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഏറ്റവും പുതിയ സ്പൈഡര്‍മാന്‍ ചിത്രം, സ്പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ. ഓപണിംഗില്‍ റെക്കോര്‍ഡ് ഇട്ട ചിത്രമാണ് ഇത്. എന്നാല്‍ ആദ്യ ദിനത്തിന് ശേഷവും ചിത്രം കുതിപ്പ് തുടരുകയാണെന്ന് വ്യക്തമാക്കുകയാണ് ഔദ്യോഗികമായി പുറത്തെത്തിയ ഏറ്റവും പുതിയ കണക്കുകള്‍.
ചിത്രത്തിന്‍റെ വിതരണക്കാരായ സോണി പിക്ചേഴ്സ് ആണ് ഇന്ത്യയില്‍ ചിത്രം നേടിയ കളക്ഷന്‍ പുറത്തുവിട്ടിരിക്കുന്നത്. റിലീസ് ദിനത്തില്‍ ചിത്രം നേടിയ കളക്ഷന്‍ എത്രയെന്ന് ഇവര്‍ നേരത്തേ അറിയിച്ചിരുന്നു. 73 കോടി ആയിരുന്നു റിലീസ് ദിനമായ ജൂലൈ 30 ന് ചിത്രം നേടിയ കളക്ഷന്‍. എന്നാല്‍ ഓപണിംഗിനെയും മറികടക്കുന്ന കളക്ഷനാണ് ചിത്രം പിറ്റേദിവസം നേടിയിരിക്കുന്നതെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. സോണി പിക്ചേഴ്സ് ഇന്ത്യ ഇന്നലെ പുറത്തുവിട്ട കണക്ക് പ്രകാരം ചിത്രത്തിന്‍റെ ഇന്ത്യന്‍ ഗ്രോസ് 131.4 കോടിയില്‍ എത്തിയിട്ടുണ്ട്. ചിത്രത്തിന്‍റെ 73 കോടി ഓപണിംഗ് ഒരു ഹോളിവുഡ് ചിത്രം ഇന്ത്യയില്‍ നേടിയ എക്കാലത്തെയും വലിയ ഓപണിംഗ് ആയിരുന്നു.
ഞായറാഴ്ച കൂടിയായ നാലാം ദിനമായ ഇന്ന് വന്‍ ഒക്കുപ്പന്‍സിയാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയില്‍ നിലവില്‍ മണിക്കൂറില്‍ 60,000 ടിക്കറ്റിന് മുകളിലാണ് ചിത്രം വിറ്റുകൊണ്ടിരിക്കുന്നത്. അതിനാല്‍ത്തന്നെ ആദ്യ വാരാന്ത്യ കളക്ഷന്‍ എത്ര വരുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് നിര്‍മ്മാതാക്കള്‍. കൊളംബിയ പിക്ചേഴ്സും മാര്‍വെല്‍ സ്റ്റുഡിയോസും പാസ്കല്‍ പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഷാങ് ചി ആന്‍ഡ് ദി ലെജന്‍ഡ് ഓഫ് ദി ടെന്‍ റിംഗ്സ് അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ ഡെസ്റ്റിന്‍ ഡാനിയല്‍ ക്രെറ്റണ്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ക്രിസ് മക്കെന്നയും എറിക് സോമേഴ്സും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സ്പൈഡര്‍മാനായി ടോം ഹോളണ്ട് എത്തുന്ന ചിത്രത്തില്‍ സെന്‍ഡയ, സാഡി സിങ്ക്, ജേക്കബ് ബറ്റാലണ്‍, ജോണ്‍ ബേണ്‍താല്‍, ഫ്ലോറന്‍സ് പ്യൂ, ട്രമെല്‍ ടില്‍മാന്‍, മരീസ ടൊമെയ്, മാര്‍ക് റുഫാലോ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.