
ഹോളിവുഡ് ചിത്രങ്ങളുടെ പ്രധാന മാര്‍ക്കറ്റുകളിലൊന്നാണ് ഇന്ന് ഇന്ത്യ. അതിനാല്‍ത്തന്നെ ഹോളിവുഡ് സ്റ്റുഡിയോകളൊക്കെ ഇന്ത്യന്‍ റിലീസിനെ പ്രാധാന്യത്തോടെയാണ് കാണാറ്. ഏറ്റവും ഒടുവിലെത്തിയ രണ്ട് ചിത്രങ്ങള്‍, ഒഡീസ്സിയും സ്പൈഡര്‍മാര്‍: ബ്രാന്‍ഡ് ന്യൂ ഡേയും മികച്ച പ്രതികരണമാണ് ഇന്ത്യന്‍ പ്രേക്ഷകരില്‍ നിന്ന് നേടിയത്. സ്പൈഡര്‍മാന്‍ ഇന്ത്യയില്‍ നിന്ന് മാത്രം 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. കളക്ഷന്‍ ഇന്ത്യയില്‍ അത്രത്തോളം ഇല്ലെങ്കിലും ഇവിടെ മറ്റൊരു ശ്രദ്ധേയ നേട്ടം സ്വന്തമാക്കിയിട്ടുണ്ട് ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം. ഐമാക്സ് കളക്ഷനിലാണ് അത്.
ഇന്ത്യയില്‍ ഇതുവരെ ഉണ്ടായ ഐമാക്സ് റിലീസുകളില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ എന്ന നേട്ടമാണ് ഒഡീസ്സി സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ 34 ഐമാക്സ് സ്ക്രീനുകളില്‍ നിന്നായി 63 കോടിയാണ് ഒഡീസ്സി നേടിയിരിക്കുന്നത്. ക്രിസ്റ്റഫര്‍ നോളന്‍റെ തന്നെ ഓപണ്‍ഹെയ്മറിന്‍റെ ഇന്ത്യയിലെ ഐമാക്സ് റിലീസിലെ ലൈഫ് ടൈം കളക്ഷനെയാണ് വെറും 17 ദിവസം കൊണ്ട് ഒഡീസ്സി മറികടന്നത്. 50 കോടി ആയിരുന്നു ഓപണ്‍ഹെയ്‍മറിന്‍റെ ഇന്ത്യയിലെ ഐമാക്സ് കളക്ഷന്‍. ഒരേ സംവിധായകന്‍റെ രണ്ട് ചിത്രങ്ങളാണ് ഇന്ത്യയിലെ ഐമാക്സ് ബോക്സ് ഓഫീസിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എന്നത് കൗതുകകരമാണ്.
ഈ വര്‍ഷം ലോകസിനിമയില്‍ത്തന്നെ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തി എത്തിയ ചിത്രമായിരുന്നു ദി ഒഡീസ്സി. ജൂലൈ 6 ന് പ്രീമിയര്‍ നടന്ന ചിത്രത്തിന്‍റെ തിയട്രിക്കല്‍ റിലീസ് ജൂലൈ 17 ന് ആയിരുന്നു. ലോകമെങ്ങും ആരാധകരുള്ള സംവിധായകന്‍ പ്രശസ്തമായ ഗ്രീക്ക് ഇതിഹാസത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് സ്വാഭാവികമായും വന്‍ പ്രീ റിലീസ് ഹൈപ്പ് ഉണ്ടായിരുന്നു. പൂര്‍ണ്ണമായും ഐമാക്സ് ക്യാമറകളില്‍ ചിത്രീകരിച്ച ആദ്യ ഫീച്ചര്‍ ചിത്രം എന്ന റെക്കോര്‍ഡോടെയാണ് ഒഡീസ്സി തിയറ്ററുകളില്‍ എത്തിയത്. ഹൈപ്പിനോളം പോന്ന റിപ്പോര്‍ട്ടുകളുമാണ് ആദ്യ ദിനം മുതല്‍ ചിത്രത്തിന് ലഭിച്ചത്.
ആഗോള തലത്തില്‍ വമ്പന്‍ ഓപണിംഗ് ആണ് ചിത്രത്തിന് ലഭിച്ചത്. 250 മില്യണ്‍ ഡോളര്‍ (2411 കോടി രൂപ) ബജറ്റില്‍ എത്തിയ ചിത്രമാണ് ഇത്. ആദ്യ വാരാന്ത്യം കൊണ്ടു തന്നെ ബജറ്റ് റിക്കവറി നടന്നു എന്നതാണ് വിസ്മയകരം. നിര്‍മ്മാതാക്കളായ യൂണിവേഴ്സല്‍ പിക്ചേഴ്സ് അറിയിച്ചത് പ്രകാരം 264 മില്യണ്‍ ഡോളര്‍ ആയിരുന്നു ചിത്രത്തിന്‍റെ ആദ്യ വാരാന്ത്യ കളക്ഷന്‍. അതായത് 2546 കോടി രൂപ!