
വിവാദങ്ങളുടെ അകമ്പടിയോടെ തിയറ്ററുകളിലെത്തിയ പരേഷ് റാവൽ പ്രധാന കഥാപാത്രമായി വേഷമിട്ട ദ് താജ് സ്റ്റോറിക്ക് തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണം. ഒക്ടോബർ 31ന് റിലീസായ ചിത്രത്തിന് വേണ്ടത്ര മുന്നേറ്റം നടത്താൻ സാധിച്ചില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആഴ്ചകൾ നീണ്ട നിയമ തടസ്സങ്ങൾക്കും വിവാദങ്ങൾക്കും ശേഷമാണ് ചിത്രം റിലീസ് ചെയ്തത്. തുഷാർ അമരീഷ് ഗോയൽ സംവിധാനം ചെയ്ത ഈ ചിത്രം, ആഗ്ര ആസ്ഥാനമായുള്ള ഒരു ടൂറിസ്റ്റ് ഗൈഡിന്റെ കഥയാണ് പറയുന്നത്. മുഗൾ ചക്രവർത്തി ഷാജഹാൻ താജ്മഹൽ നിർമ്മിച്ചുവെന്ന ചരിത്രത്തെ ചോദ്യം ചെയ്ത് ഹർജി ഫയൽ ചെയ്യുന്നു. സ്കൂൾ പാഠപുസ്തകങ്ങളിൽ പഠിപ്പിക്കുന്ന തെളിവുകളെ അദ്ദേഹത്തിന്റെ കഥാപാത്രം ചോദ്യം ചെയ്യുകയും താജ് മഹലിന് താഴെ യഥാർത്ഥത്തിൽ എന്താണ് കിടക്കുന്നതെന്ന് കണ്ടെത്താൻ ഖനനം ആവശ്യപ്പെടുകയും ചെയ്യുന്നതാണ് ഇതിവൃത്തം. ഇന്ത്യയിലാകെ 800 തിയറ്ററുകളിലാണ് ചിത്രം റിലീസായത്.
കോർട്ട് റൂം ഡ്രാമയായിട്ടാണ് ചിത്രമെടുത്തിരിക്കുന്നത്. എന്നാൽ പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം ചിത്രം ഉണ്ടാക്കുന്നില്ലെന്നാണ് ബോക്സോഫിസിലെ സൂചന. റിലീസ് ദിനം 90 ലക്ഷം രൂപയാണ് കളക്ഷൻ നേടിയത്. ശനിയാഴ്ച 1.80 കോടി രൂപയും കളക്ഷൻ നേടി. ഇതുവരെ 2.70 കോടി രൂപയാണ് ചിത്രത്തിന് ആകെ ലഭിച്ചത്. ഞായറാഴ്ച കൂടുതൽ ആളുകൾ ചിത്രം കാണുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ആദ്യ വാരാന്ത്യം അവസാനിക്കുമ്പോഴേക്കും ചിത്രം മൂന്ന് കോടി രൂപ കടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
രണ്ടാം ദിവസം തിയേറ്ററുകളിലെ ഒക്യുപെൻസി നിരക്കിൽ വർധനവ് രേഖപ്പെടുത്തി. ഹിന്ദിയിൽ നിന്ന് 35.04% പ്രേക്ഷകരാണ് ചിത്രം കണ്ടത്. രാവിലെ ഷോകൾ 14.75 ശതമാനം ഒക്യുപെൻസിയിലാണ് ആരംഭിച്ചത്. ഉച്ചകഴിഞ്ഞ് 30.89% ആയി മെച്ചപ്പെട്ടു, വൈകുന്നേരം 36.91% ആയി, രാത്രി ഷോകളിൽ 57.59% ത്തോടെ മികച്ച നിലയിലെത്തി.
റിലീസിന് തൊട്ടുമുമ്പ്, 'ദി താജ് സ്റ്റോറി' എന്ന ചിത്രം വിവാദമായിരുന്നു. ചിത്രം നിരോധിക്കണമെന്നും അതിന്റെ സർട്ടിഫിക്കേഷൻ പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് രണ്ട് പൊതുതാൽപ്പര്യ ഹർജികൾഫയൽ ചെയ്യപ്പെട്ടു. താജ്മഹലിനെക്കുറിച്ചുള്ള ചരിത്ര വസ്തുതകളെ ചിത്രം വളച്ചൊടിച്ചതായി ഹർജികളിൽ ആരോപിച്ചു. പരേഷ് റാവലിനെ കൂടാതെ 'ദി താജ് സ്റ്റോറി'യിൽ സാക്കിർ ഹുസൈൻ, അമൃത ഖാൻവിൽക്കർ, നമിത് ദാസ്, സ്നേഹ വാഗ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.