തിയറ്ററില്‍ എത്തിയിട്ട് 2 വര്‍ഷം; ആ ചിത്രം യുട്യൂബില്‍ റിലീസ് ചെയ്ത് നിര്‍മ്മാതാക്കള്‍, ഇതുവരെ കണ്ടത് 18 ലക്ഷം

Published : Nov 05, 2025, 04:44 PM IST
Theeppori Benny Full Movie got huge reception on youtube arjun ashokan jagadish

Synopsis

നിര്‍മ്മാതാക്കളുടെ യുട്യൂബ് ചാനലിലൂടെത്തന്നെയാണ് ചിത്രം എത്തിയിരിക്കുന്നത്. രണ്ടാഴ്ച കൊണ്ട് 18 ലക്ഷം കാഴ്ചക്കാരെ നേടിക്കൊണ്ട് ചിത്രം വലിയ ശ്രദ്ധ നേടുകയാണ്

തിയറ്റര്‍ റിലീസിന് പിന്നാലെ സിനിമകള്‍ ഒടിടിയില്‍ കാണാന്‍ കാത്തിരിക്കുന്ന ഒരു വിഭാ​ഗം പ്രേക്ഷകരുണ്ട്. അതിന് ശേഷം ടെലിവിഷനിലും ചിത്രങ്ങള്‍ സംപ്രേഷണം ചെയ്യാറുണ്ട്. ഈ പ്ലാറ്റ്‍ഫോമുകള്‍ക്കെല്ലാം ശേഷം ചില ചിത്രങ്ങള്‍ നിര്‍മ്മാതാക്കള്‍ തന്നെ യുട്യൂബിലും റിലീസ് ചെയ്യാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു മലയാള ചിത്രത്തിന്‍റെ യുട്യൂബ് റിലീസ് ശ്രദ്ധ നേടുകയാണ്. അര്‍ജുന്‍ അശോകന്‍, ജ​ഗദീഷ്, ഫെമിന ജോര്‍ജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജേഷ് ജോജി കഥ, തിരക്കഥ, സംവിധാനം നിര്‍വ്വഹിച്ച തീപ്പൊരി ബെന്നി എന്ന ചിത്രമാണ് അത്. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഷെബിൻ ബക്കര്‍ നിര്‍മ്മിച്ച ചിത്രമാണ് ഇത്. ഷെബിൻ ബക്കര്‍ പ്രൊഡക്ഷന്‍സിന്‍റെ യുട്യൂബ് ചാനലിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്.

ഒക്ടോബര്‍ 19 ന് ആയിരുന്നു ചിത്രത്തിന്‍റെ യുട്യൂബ് പ്രീമിയര്‍. രണ്ടാഴ്ച കൊണ്ട് യുട്യൂബില്‍ ചിത്രം നേടിയിരിക്കുന്നത് 18 ലക്ഷം കാഴ്ചകളാണ്. രണ്ടായിരത്തിലേറെ കമന്‍റുകളും ചിത്രത്തിന് യുട്യൂബില്‍ ലഭിച്ചിട്ടുണ്ട്. കറകളഞ്ഞ സഖാവായ വട്ടക്കുട്ടായിൽ ചേട്ടായിക്ക് പാർട്ടി കഴിഞ്ഞേ മറ്റെന്തും ഉള്ളൂ. എന്നാൽ രാഷ്ട്രീയത്തെ തന്നെ എതിര്‍ക്കുന്നയാളാണ് അയാളുടെ മകൻ ബെന്നി. ബെന്നി ഇഷ്ടപ്പെടുന്ന പൊന്നില എന്ന പെൺകുട്ടിക്കാകട്ടെ രാഷ്ട്രീയം മുഖ്യമാണ്. ഇവരുടെ ജീവിതകഥ പറയുന്ന ചിത്രമാണ് തീപ്പൊരി ബെന്നി. അർജുൻ അശോകനും മിന്നൽ ഫെമിന ജോർജുമാണ് ചിത്രത്തിൽ നായകനും നായികയുമായെത്തുന്നത്. ജഗദീഷാണ് വട്ടക്കുട്ടായിൽ ചേട്ടായി എന്ന സുപ്രധാന കഥാപാത്രമായെത്തുന്നത്.

ഒരു നാട്ടിൻപുറത്തെ അച്ഛന്‍റെയും മകന്‍റെയും ആത്മബന്ധത്തിന്‍റെ കഥ പറയുന്ന ചിത്രമൊരുക്കിയിരിക്കുന്നത് വൻവിജയം നേടിയ വെള്ളിമൂങ്ങ, ജോണി ജോണിയെസ് അപ്പാ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ജോജി തോമസും വെളളിമൂങ്ങയുടെ സഹസംവിധായകനായ രാജേഷ് മോഹനും ചേർന്നാണ്. ഇടതുപക്ഷ രാഷ്ട്രീയക്കാരനാണ് അപ്പനെങ്കിലും മകന്‍ രാഷ്ട്രീയത്തെത്തന്നെ എതിർക്കുന്നയാളാണ്. ഇവരുടെ ഇടയിലെ ഈ വൈരുദ്ധ്യങ്ങള്‍ മൂലമുള്ള സംഘർഷങ്ങളും കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും ബെന്നിയുടെ പ്രണയവും ഒക്കെ ചേർത്ത് നർമ്മത്തിൽ ചാലിച്ചൊരുക്കിയിരിക്കുന്ന ചിത്രമാണ് തീപ്പൊരി ബെന്നി.

ടി ജി രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂർ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, റാഫി, നിഷ സാരംഗ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്. ഛായാഗ്രഹണം അജയ് ഫ്രാൻസിസ് ജോർജ്ജ്, കോ-പ്രൊഡ്യൂസേഴ്സ് റുവൈസ് ഷെബിൻ, ഷിബു ബെക്കർ, ഫൈസൽ ബെക്കർ, സംഗീതം ശ്രീരാഗ് സജി, എഡിറ്റർ സൂരജ് ഇ എസ്, ഗാനരചന വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ മിഥുൻ ചാലിശ്ശേരി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാജേഷ് മോഹൻ, സൗണ്ട് ഡിസൈൻ അരുൺ വർമ എംപിഎസ്ഇ, സൗണ്ട് മിക്സിംഗ് അജിത് എ ജോർജ്, കോസ്റ്റ്യൂം ഡിസൈൻ ഫെമിന ജബ്ബാർ, സ്റ്റണ്ട് മാഫിയ ശശി, മേക്കപ്പ് മനോജ് കിരൺ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ കുടമാളൂർ രാജാജി.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്
'ഷൺമുഖനും' ചെക്ക് ! ജിസിസിയിലും റെക്കോർഡ്; ടിക്കറ്റ് വിൽപ്പനയില്‍ ഞെട്ടിച്ച് കളങ്കാവൽ, ഫീഡ്ബാക്കിനായി കാത്ത് മമ്മൂട്ടി