
മികച്ച ഓപണിംഗ് നേടിയ ഒരു ചിത്രം ബോക്സ് ഓഫീസില്‍ നേരിടുന്ന ആദ്യ പരീക്ഷണം റിലീസിന് ശേഷമുള്ള ആദ്യ തിങ്കളാഴ്ചയാണ്. വാരാന്ത്യ അവധിദിനങ്ങള്‍ക്ക് ശേഷം എത്തുന്ന ആദ്യ പ്രവര്‍ത്തിദിനം എന്നതാണ് കാരണം. സിനിമ ശരിക്കും നേടിയിട്ടുള്ള ജനപ്രീതി എത്രയെന്ന് അളക്കാനുള്ള ഒരു മീറ്റര്‍ കൂടിയാണ് അത്. എത്ര ജനപ്രീതി നേടിയ ചിത്രമാണെങ്കിലും മാക്സിമം കളക്ഷന്‍ നേടിയ ആദ്യ ഞായറാഴ്ചയെ അപേക്ഷിച്ച് തിങ്കളാഴ്ച കളക്ഷനില്‍ വലിയ ഇടിവ് ഉണ്ടാവാറുണ്ട്. മണ്‍ഡേ ടെസ്റ്റ് എന്നാണ് പുതിയ റിലീസുകള്‍ നേരിടുന്ന ഈ പരീക്ഷണത്തെ വിശേഷിപ്പിക്കുന്നത്. അടുത്ത വാരാന്ത്യം വരെയുള്ള മറ്റ് പ്രവര്‍ത്തിദിനങ്ങളില്‍ ചിത്രം എത്തരത്തില്‍ കളക്റ്റ് ചെയ്യും എന്ന ഒരു സൂചന കൂടിയാണ് തിങ്കള്‍ കളക്ഷന്‍. ഇപ്പോഴിതാ ആ മണ്‍ഡേ ടെസ്റ്റ് നിഷ്പ്രയാസം പാസ്സായിരിക്കുകയാണ് പുതിയ മലയാള ചിത്രം വാഴ 2.
റിലീസ് ചെയ്തതിന് ശേഷം കേരളത്തില്‍ നേടിയ ഏറ്റവും മികച്ച രണ്ടാമത്തെ കളക്ഷനാണ് വാഴ 2 തിങ്കളാഴ്ചയായ ഇന്നലെ നേടിയത്. 7.40 കോടിയാണ് തിങ്കളാഴ്ചത്തെ നേട്ടം. റിലീസ് ദിനം 5.20 കോടിയില്‍ തുടങ്ങിയ ചിത്രം ഏറ്റവും കളക്ഷന്‍ നേടിയത് ഞായറാഴ്ച ആയിരുന്നു- 8.35 കോടി. കേരളത്തില്‍ റിലീസ് ചെയ്ത എക്കാലത്തെയും ചിത്രങ്ങളില്‍ ഏറ്റവും മികച്ച രണ്ടാമത്തെ തിങ്കളാഴ്ച കളക്ഷനും ഇതോടെ വാഴ 2 സ്വന്തം പേരിലാക്കി. മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ ആണ് ഈ ലിസ്റ്റില്‍ ഒന്നാമത്. 10.52 കോടി ആയിരുന്നു എമ്പുരാന്‍റെ ഫസ്റ്റ് മണ്‍ഡേ കേരള ബോക്സ് ഓഫീസ്. എന്നാല്‍ ഇതൊരു അവധിദിനമായിരുന്നു എന്ന ആനുകൂല്യമുണ്ട്.
ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുള്ള ലിയോയ്ക്കും ഈ അവധി ആനുകൂല്യം ലഭിച്ചിട്ടുണ്ട്. 7.15 കോടിയാണ് ലിയോ റിലീസ് കഴിഞ്ഞുള്ള ആദ്യ തിങ്കളാഴ്ച കേരളത്തില്‍ നിന്ന് നേടിയത്. മോഹന്‍ലാല്‍ ചിത്രം തുടരും ആണ് ലിസ്റ്റില്‍ നാലാം സ്ഥാനത്ത്. കല്യാണി പ്രിയദര്‍ശന്‍ ടൈറ്റില്‍ റോളില്‍ എത്തിയ ലോക ചാപ്റ്റര്‍ 1 ചന്ദ്രയാണ് അഞ്ചാമത്. തുടരും 6.85 കോടിയും ലോക 5.25 കോടിയുമാണ് കേരളത്തില്‍ നിന്ന് റിലീസിന് ശേഷമുള്ള ആദ്യ തിങ്കളാഴ്ച നേടിയത്. വന്‍ താര ചിത്രങ്ങളെ പിന്നിലാക്കി എന്നത് പുതുമുഖ അഭിനേതാക്കളും സംവിധായകനും ഒരുമിച്ച ഒരു ചിത്രത്തെ സംബന്ധിച്ച് വളരെ വലിയ നേട്ടമാണ്. താരങ്ങളേക്കാള്‍ സിനിമകളുടെ ഉള്ളടക്കത്തിനാണ് മലയാളികള്‍ പ്രാധാന്യം കൊടുക്കുന്നത് എന്നതിന്‍റെ മറ്റൊരു ഉദാഹരണവും.