
മലയാള സിനിമയ്ക്ക് പുത്തൻ ഹിറ്റ് സമ്മാനിച്ചിരിക്കുകയാണ് വാഴ 2. ഹാഷിർ അടക്കമുള്ള സോഷ്യൽ മീഡിയ താരങ്ങൾക്കൊപ്പം സീനിയർ താരങ്ങളും ഒന്നിച്ചെത്തിയ ചിത്രം ബോക്സ് ഓഫീസിൽ 100 കോടി രൂപയും നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ബുക്കിങ്ങിൽ ബോളിവുഡിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ ധുരന്ധർ 2നെ കടത്തിവെട്ടിയിരിക്കുകയാണ് വാഴ 2. റിലീസ് ചെയ്ത് ഒൻപതാം ദിവസത്തെ ബുക്കിങ്ങിലാണ് വാഴയുടെ ഈ നേട്ടം.
കഴിഞ്ഞ 24 മണിക്കൂറിലെ ബുക്ക് മൈ ഷോയിലെ ബുക്കിംഗ് വിവരമാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് പങ്കുവച്ചിരിക്കുന്നത്. എട്ട് സിനിമകളാണ് ലിസ്റ്റിലുള്ളത്. ഇതിൽ ഒന്നാം സ്ഥാനത്താണ് സാവിൻ സായുടെ വാഴ 2 ഇടംപിടിച്ചിരിക്കുന്നത്. ഇരുപത്തി നാല് മണിക്കൂറിൽ മൂന്ന് ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റാണ് വാഴ 2 ഈ സ്ഥാനത്ത് എത്തിയിരിക്കുന്നത്. അതേസമയം, ധുരന്ധർ 2ന്റെ ടിക്കറ്റ് വിൽപ്പന ഒരു ലക്ഷത്തി അറുപത്തി ഏഴായിരം ആണ്. സൈജു കുറുപ്പ് നായകനായി കഴിഞ്ഞ ദിവസം റിലീസ് ചെയ്ത മോഹിനിയാട്ടവും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
വാഴ 2 - 306K(9-ാം ദിവസം)
ധുരന്ധർ 2 - 167K (23-ാം ദിനം)
ലൈക്ക് - 155K(ഒന്നാം ദിനം)
ഡെക്കോയിറ്റ് - 150K(ഒന്നാം ദിനം)
പ്രൊജക്റ്റ് ഹെയിൽ മേരി - 50K(16-ാം ദിവസം)
മോഹിനിയാട്ടം - 19K(ഒന്നാം ദിനം)
രാകാശ - 7K (8-ാം ദിനം)
ബൈക്കർ - 6K(8-ാം ദിനം)
അതേസമയം, റിലീസ് ചെയ്ത് ഇതുവരെ വാഴ 2 നേടിയ കളക്ഷൻ വിവരങ്ങളും പുറത്തുവരുന്നുണ്ട്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം 117.4 കോടി രൂപയാണ് വാഴ 2 ഇതിനോടകം നേടിയിരിക്കുന്നത്. കേരളത്തിൽ നിന്നും 57.30 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. മറ്റിടങ്ങളിൽ നിന്നും 7 കോടിയും ഓവർസീസിൽ നിന്നും 53.10 കോടി രൂപയും ചിത്രം നേടിയെന്നാണ് റിപ്പോർട്ട്. വരും ദിവസങ്ങളിലും വാഴയ്ക്ക് ഭേദപ്പെട്ട കളക്ഷൻ തന്നെ ലഭിക്കുമെന്നാണ് വിലയിരുത്തലുകൾ.