ഇന്ത്യയില്ലാത്ത കാന്‍

By പ്രശാന്ത് രഘുവംശംFirst Published May 27, 2017, 4:27 PM IST
Highlights


ഇന്ത്യയുടെ (അ) സാന്നിധ്യം

കാന്‍ ചലച്ചിത്രമേള അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ ഇന്ത്യയുടെ അസാന്നിധ്യം വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലും ചര്‍ച്ചയാണ്. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തു നിന്ന് കാര്യമായി ഒരു സിനിമയുമില്ല. ഷാജി എന്‍ കരുണിന്റെ ‘സ്വം’ ആണ് മത്സര വിഭാഗത്തില്‍ അവസാനം ഇന്ത്യയില്‍ നിന്ന് പ്രദര്‍ശിപ്പിച്ച ചിത്രം. രണ്ടു പതിറ്റാണ്ടായി ഒരു ചിത്രവും മത്സര വിഭാഗത്തിലില്ല. മറ്റു പ്രധാന വിഭാഗങ്ങളിലും ഇന്ത്യന്‍ ചിത്രങ്ങള്‍ ഇത്തവണ എത്തിയില്ല. ഫിലിം സ്കൂളുകളെ പ്രോത്സാഹിപ്പിക്കാനുള്ള സിനി ഫൗണ്ടേഷന്‍ വിഭാഗത്തില്‍ പൂനെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ പായല്‍ കപാഡിയ ശ്രദ്ധിക്കപ്പെട്ടു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഏറെ നാളുകളായി വിവാദങ്ങളും സമരവും അലട്ടുകയാണ്. എന്നാല്‍ അവിടെ യുവപ്രതിഭകള്‍ക്ക് കുറവില്ലെന്ന് പായലിന്റെ ചിത്രം തെളിയിക്കുന്നു.

പായല്‍ കപാഡിയ ഒരുക്കിയ ‘ആഫ്റ്റര്‍നൂണ്‍ ക്ലൗഡ്സ്' ആണ് പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയത്. മധ്യവയസ്കയായ ഒരു വീട്ടമ്മയും. വീട്ടു ജോലിക്കെത്തുന്ന ഒരു പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. സ്‌ത്രീത്വവും ലൈംഗികതയും മുഖ്യവിഷയമായ 13 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രം ഇറാന്‍, കോസ്റ്റോറിക്ക, ഹംഗറി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കൊപ്പം പ്രദര്‍ശിപ്പിച്ചു. “സ്‌ത്രീകളുടെ എണ്ണം കൂടുതലുള്ള കുടുംബത്തിലാണ് ഞാന്‍ വളര്‍ന്നത്. പ്രത്യേകിച്ചും ധൈര്യശാലികളായ സ്‌ത്രീകള്‍. ആ കഥകളാണ് ഈ ചിത്രം തയ്യാറാക്കാന്‍ പ്രേരിപ്പിച്ചത്. ഒപ്പം ഇന്ത്യന്‍ സ്‌ത്രീകള്‍ ലൈംഗികതയെക്കുറിച്ച് തുറന്നു സംസാരിക്കാന്‍ തയ്യാറല്ല. ഇതും ഇത്തരത്തിലുള്ള ഒരു പ്രമേയത്തിലേക്ക് നയിച്ചു’’ പായല്‍ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു
 

ഇന്ത്യന്‍ മാധ്യമ ‘ഗ്യാംഗ്’
സിനിമ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് പ്രധാന വിഷയമാണ്. എന്നാല്‍ സമാന്തര സിനിമയും ചലച്ചിത്രമേളകളും സാധാരണ വലിയ പ്രാധാന്യം നേടാറില്ല. കേരളമാണ് ഇതിന് അപവാദം. വിദേശമേളകളില്‍ ഇന്ത്യയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ എണ്ണം വിരലില്‍ എണ്ണാവുന്നതാണ്. കാന്‍ മാധ്യമ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ മേളയാണ്. 5000-ത്തിലധികം പേരാണ് ഈ മേളയ്‌ക്കായി അക്രഡിറ്റേഷന്‍ നേടിയിരിക്കുന്നത്. ലോകകപ്പ് ഫുട്ബോള്‍  കഴിഞ്ഞാല്‍ ഏറ്റവുമധികം മാധ്യമസാന്നിധ്യമുള്ളത് കാനിലാണ്. ഒളിംപിക്‌സ് ഇതു കഴിഞ്ഞേ വരൂ. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ എണ്ണം പത്തില്‍ താഴെ മാത്രമാണ്.

ഏറ്റവുമധികം മേള റിപ്പോര്‍ട്ട് ചെയ്തത് ഗൗതമന്‍ ഭാസ്കരനാണ്. കാനില്‍ ഇത് ഗൗതമന്റെ 26-മത് മേളയാണ്. രണ്ടാം സ്ഥാനം സൈബള്‍ ചാറ്റര്‍ജിക്കും. സൈബള്‍ 16 തവണ കാനില്‍ വന്നു. മലയാളിയായ ഫൈസല്‍ ഖാന്‍ യു.എന്‍.ഐക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്നു. ഫൈസലിന് ഇത് ഒമ്പതാം മേളയാണ്. മറാത്തി മാധ്യമപ്രവര്‍ത്തകന്‍ അശോക് റാണെ, ദി ഹിന്ദുവിന്റെ നമ്രതാ ജോഷി, ഇംഗ്ലണ്ടില്‍ നിന്നുള്ള ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തക പ്രഗ്യ മിശ്ര എന്നിവരും ലോകസിനിമയുമായുള്ള ബന്ധം നിലനിറുത്തുന്നു. ഇന്ത്യന്‍ സിനിമകള്‍ കാനില്‍ എത്തിയില്ലെങ്കിലും ഈ സിനിമാപ്രേമികള്‍ ഇവിടെ എങ്ങനെയും എത്താന്‍ അദ്ധ്വാനിക്കുന്നു

 
മേയറുടെ വിരുന്ന്
കാനിലെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് എല്ലാ വര്‍ഷവും നഗരത്തിന്റെ മേയര്‍ ഒരു വിരുന്ന് നല്കും. 5000 മാധ്യമപ്രവര്‍ത്തകര്‍ രജിസ്റ്റ‍ര്‍ ചെയ്ത ഇവിടെ എല്ലാവരെയും ക്ഷണിക്കില്ല. കാനില്‍ കുന്നിന്‍മുകളിലെ ഒരു പഴയ കോട്ടയാണ് ഉച്ചവിരുന്നിന്റെ വേദി. സ്ഥലപരിമിതി കാരണം 1000ത്തില്‍ താഴെ പേര്‍ക്കേ ക്ഷണകത്ത് നല്കാറുള്ളു. ഇന്ത്യയില്‍ നിന്ന് എല്ലാവര്‍ക്കും ഇത്തവണ ക്ഷണം കിട്ടി. മുനിസിപ്പല്‍ പോലീസ്, മേയറുടെ കീഴിലാണ്. അതിനാല്‍ പോലീസുകാരാണ് ഈ വിരുന്നിന്റെ മുഖ്യ നടത്തിപ്പുകാര്‍. ജൂറി അംഗങ്ങളെയും വിരുന്നിന് ക്ഷണിക്കും. ആദ്യം വൈന്‍ കുപ്പികള്‍ മേശയില്‍ നിരത്തും. അതിനു ശേഷം ഭക്ഷണം. മുട്ട, മത്സ്യം, ഉരുളക്കിഴങ്ങ് പുഴുങ്ങിയത്. ഇതാണ് വിഭവങ്ങള്‍. പിന്നീട് ആപ്പിള്‍ പൈ ഉള്‍പ്പടെയുള്ള മധുരവിഭവങ്ങളും.

വിരുന്നില്‍ ജൂറി അംഗമായ ഹോളിവുഡ് നടന്‍ വില്‍സ് സ്മിത്തും ഉണ്ടായിരുന്നു. സ്മിത്തിനൊപ്പം ചിത്രമെടുക്കാന്‍ മാധ്യമ പ്രവര്‍ത്തകരുടെ തിരക്കായിരുന്നു. മടങ്ങുമ്പോള്‍ കാന്‍ ചലചിത്രമേളയുടെ സ്മരണയ്‌ക്ക് ഒലിവ് എണ്ണയുടെ ഒരു മനോഹര കുപ്പിയാണ് മേയറുടെ സമ്മാനം

 
ടിക്കറ്റിന് അഭ്യര്‍ത്ഥന
മേളയില്‍ രണ്ടു മത്സര ചിത്രങ്ങള്‍ ഇന്നലെ ഞാന്‍ കണ്ടു. ഫതെഹ് അകിന്റെ ഇന്‍ ദി ഫെയ്ഡും, ലിന്‍ റാംസേയുടെ യു വെയര്‍ നെവ‍ര്‍ റിയലി ദെയറും. രണ്ടും മികച്ച ചിത്രങ്ങള്‍. ചിത്രങ്ങള്‍ക്കായി ക്യൂ നില്‌ക്കുമ്പോഴും ഇറങ്ങി വരുമ്പോഴും പ്ലക്കാര്‍ഡുമായി ആളുകള്‍ ക്യൂ നില്‌ക്കുന്നത് കാണാം. പ്രതിഷേധമൊന്നുമല്ല. നല്ല സിനിമകള്‍ കാണാന്‍ അവസരത്തിനായുള്ള അഭ്യര്‍ത്ഥനയാണ്. എല്ലാവര്‍ക്കും എല്ലാ ചിത്രവും കാണാന്‍ അവസരമില്ല. മേളയുടെ വേദിയിലുള്ള കംപ്യൂട്ടറില്‍ പ്രത്യേകം നല്കിയ പാസ്കോഡ് ഉപയോഗിച്ച് ചിത്രങ്ങള്‍ക്ക് ടിക്കറ്റിനായി അഭ്യര്‍ത്ഥിക്കണം. നറുക്കെടിപ്പിലൂടെ കുറെ പേര്‍ക്ക് ടിക്കറ്റ് നല്കും. ഇങ്ങനെ കിട്ടിയവര്‍ പോകാന്‍ താല്പര്യമില്ലെങ്കിലോ സമയമില്ലെങ്കിലോ ടിക്കറ്റ് മറ്റുള്ളവര്‍ക്ക് കൈമാറും. ഇവരെ ആകര്‍ഷിക്കാനാണ് ഇഷ്‌ട സിനിമയുടെ പേരെഴുതിയ പോസ്റ്ററും പ്ലക്കാര്‍ഡുമായി ഇവര്‍ കാവല്‍ നില്‌ക്കുന്നത്. 

click me!