ദംഗലിനെതിരെ ചൈനയിലെ ഫെമിനിസ്റ്റുകള്‍

By Web DeskFirst Published May 19, 2017, 3:47 AM IST
Highlights

ആമീര്‍ ഖാന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രം ദംഗല്‍ ചൈനീസ് ബോക്സ് ഓഫീസില്‍ തകര്‍ത്തോടുകയാണ്. പക്ഷേ ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ചൈനയിലെ സ്ത്രീപക്ഷ വാദികള്‍. ദംഗലിലെ അച്ഛന്‍റെ മൂല്യങ്ങള്‍ അറപ്പുളവാക്കുന്നതാണെന്ന് ആരോപണവുമായിട്ടാണ് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്. ചൈനയിലെ പ്രമുഖ പത്രമായ ഗ്ലോബല്‍ ടൈംസ് പ്രസിദ്ധീകരിച്ച അഭിപ്രായ സര്‍വ്വെയിലാണ് ദംഗലിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.

ദംഗലിലെ അച്ഛന്‍ മ്യൂല്യങ്ങള്‍ ഞങ്ങളില്‍ അറപ്പുളവാക്കുന്നുവെന്നും സ്വന്തം പെണ്‍മക്കളെ അയാളുടെ ആഗ്രഹങ്ങള്‍ക്ക് വേണ്ടി ബലികഴിച്ചിരിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. ലിംഗ സമത്വത്തെക്കുറിച്ച് ദംഗല്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് ചോദിക്കുന്ന ഇവര്‍ പുരുഷമേധാവിത്തം തന്നെയാണ് ഈ ചിത്രത്തിലും പ്രകടമായി കാണാന്‍ കഴിയുന്നതെന്നും പറയുന്നു. കുട്ടികള്‍ക്ക് സ്വന്തം കരിയര്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യം അയാള്‍ നല്‍കുന്നില്ല. അവര്‍ ചാമ്പ്യന്‍മാരായി തീരുന്നത് അതിനുള്ള ന്യായീകരണമല്ല- ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ ഗുസ്‍തി താരം മഹാവീര്‍ ഫോഗട്ടിന്റെയും മക്കളായ ഗീത ഫോഗട്ട്, ബബിത കുമാരി എന്നിവരുടെയും ജീവിതത്തെ ആസ്പദമാക്കിയാണ് ദംഗല്‍ ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയ്ക്ക് വേണ്ടി ഗുസ്തിയില്‍ മെഡലുകള്‍ വാരിക്കൂട്ടിയവരാണ് ഗീത-ബബിത സഹോദരിമാര്‍. 1173 കോടിയാണ് ദംഗല്‍ ആഗോള തലത്തില്‍ നേടിയത്. ചൈനീസ് ബോക്സ് ഓഫീസില്‍ നിന്ന് മാത്രം 450 കോടി രൂപയാണ് ഇതുവരെ സ്വന്തമാക്കിയത്. നിതേഷ് തിവാരിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍.

click me!