
ന്യൂഡല്‍ഹി: പാക്കിസ്ഥാനി സിനിമ താരങ്ങൾ അഭിനയച്ച ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്ന് തിയേറ്റർ ഉടമകളുടെ അസോസിയേഷൻ. പാക് താരം ഫവാദ് ഖാൻ അഭിനയിച്ച കരൺ ജോഹർ ചിത്രം യെ ദിൽ ഹെ മുഷ്കിൽ റിലീസ് അനുമതി അസോസിയേഷൻ നൽകിയില്ല.
ഫവദ് ഖാന്‍ അഭിനയിച്ചതിന്റെ പേരില്‍ ഭീഷണിയുമായി വന്ന മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയ്ക്ക് പിന്നാലെയാണ് ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി സിനി ഓണേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തിയത്.
ഉറി ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കരണ്‍ ജോഹര്‍ ചിത്രത്തിനു പുറമേ ഷാറുഖ് ഖാന്‍ നായകനാകുന്ന റായിസിനും ഇതേ ഭീഷണിയുണ്ട്. ഭീഷണികളും വിലക്കുകളും കൂടിയപ്പോള്‍ റായിസില്‍ നിന്നും പാക് നടി മഹീറാ ഖാന്‍ അഭിനയിച്ച രംഗങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ നീക്കം ചെയ്തു. അപ്പോഴും പിടിച്ചുനിന്ന യെ ദില്‍ ഹെ മുശ്കിലിനെ വെട്ടിലാക്കുന്നതാണ് സിനി ഓണേഴ്‌സ് അസോസിയേഷന്‍റെ നിലപാട്.
പാക് താരങ്ങള്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ രാജ്യത്ത് റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് അസോസിയേഷന്‍ തീരുമാനം. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഊഷ്മളമാകുന്നതുവരെ ഇത് അനുവദിക്കില്ലെന്നും അസോസിയേഷന്‍ വക്താവ് പറഞ്ഞു. യെ ദില്‍ ഹെ മുശ്കിലില്‍ പ്രധാനവേഷത്തിലാണ് ഫവദും അഭിനയിക്കുന്നത്. നേരത്തെ ചിത്രത്തില്‍ നിന്നും പാക് താരത്തിന്റെ രംഗങ്ങള്‍ നീക്കിയില്ലെങ്കില്‍ റിലീസ് തടയുമെന്ന ഭീഷണിയുമായി മഹാരാഷ്ട്ര നവനിര്‍മ്മണ്‍ സേനയും രംഗത്തുവന്നിരുന്നു.
അതേസമയം കരണ്‍ ജോഹറിന് പിന്തുണയുമായി നിര്‍മ്മാതാവ് മുകേഷ് ഭട്ടും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും എത്തി. ചിത്രത്തിന്റെ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് സിനി ഓണേഴ്‌സ് അസോസിയേഷനെ സമീപിക്കാനിരിക്കുകയാണ് ഇരുവരും. ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ തങ്ങള്‍ക്ക് പോലീസ് സംരക്ഷണം തേടേണ്ടിവരുമെന്നും മുകേഷ് ഭട്ട് പറഞ്ഞു.
ഐശ്വര്യ റായ്, റണ്‍ബീര്‍ കപൂര്‍, അനുഷ്‌ക ശര്‍മ്മ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് യെദില്‍ ഹെ മുശ്കില്‍.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ