''ഇന്ത്യ മുട്ടുകുത്തില്ല, നമ്മള്‍ നിശബ്ദരാവില്ല'' ഐഎഫ്എഫ്കെ വേദിയില്‍ മുഖ്യമന്ത്രി

By Web TeamFirst Published Dec 13, 2019, 7:49 PM IST
Highlights

വിമതശബ്ദം ഉയര്‍ത്തിയതിന് വെടിയേറ്റു മരിച്ച ഗൗരി ലങ്കേഷിന്‍റേയും നരേന്ദ്ര ദാബോല്‍ക്കറുടേയും കുല്‍ബര്‍ഗിയുടേയും ശബ്ദം മുഴങ്ങുന്ന ഇന്ത്യന്‍ രാഷ്ട്രീയ അന്തരീക്ഷത്തിലാണ് അദ്ദേഹം ഇപ്പോള്‍ ഉള്ളത്.

തിരുവനന്തപുരം: ഐഐഎഫ്കെ സമാപനവേദിയിലും രാഷ്ട്രീയം പറയാതെ പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ചലച്ചിത്രമേളയുടെ സമാപന ചടങ്ങിലെ മുഖ്യാതിഥിയായ അര്‍ജന്‍റീനിയന്‍ സംവിധായകന്‍ സോളാനസിന്‍റെ ജീവിതം ഉദ്ധരിച്ചാണ് അദ്ദേഹം സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ഓര്‍മ്മപ്പെടുത്തിയത്. 

സര്‍ക്കാരിനെതിരെ പ്രക്ഷോഭം നയിക്കുകയും ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്ത സോളാനസിന് ഒരിക്കല്‍ തെരുവില്‍ വച്ച് വെടിയേറ്റു. വെടി കൊണ്ടു പരിക്കേറ്റ ആംബുലന്‍സിലേക്ക് കയറുമ്പോള്‍ സോളാനസ് വിളിച്ചു പറഞ്ഞത് അര്‍ജന്‍റീന മുട്ടുകുത്തുകയില്ല, താന്‍ നിശബ്ദനാവാനും പോകുന്നില്ല എന്നായിരുന്നു. വെടിയേറ്റു പിടയുമ്പോഴും നിലപാടുകള്‍ ഉയര്‍ത്തി പിടിക്കുന്ന ആ വിപ്ലവകാരിയാണ് ഇപ്പോള്‍ നമ്മുക്കൊപ്പം ഈ വേദിയിലുള്ളത്. 

വിമതശബ്ദം ഉയര്‍ത്തിയതിന് വെടിയേറ്റു മരിച്ച ഗൗരി ലങ്കേഷിന്‍റേയും നരേന്ദ്ര ദാബോല്‍ക്കറുടേയും കുല്‍ബര്‍ഗിയുടേയും ശബ്ദം മുഴങ്ങുന്ന ഇന്ത്യന്‍ രാഷ്ട്രീയ അന്തരീക്ഷത്തിലാണ് അദ്ദേഹം ഇപ്പോള്‍ ഉള്ളത്. രാഷ്ട്രീയബോധമുള്ളവര്‍ക്ക് ആവേശം പകരുന്നതാണ് അദ്ദേഹത്തിന്‍റെ സാന്നിധ്യം. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇന്നത്തെ സാഹചര്യത്തില്‍ നമ്മുക്കും ആവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഇന്ത്യ മുട്ടുകുത്തുകയില്ല.... നമ്മള്‍ നിശബ്ദരാവാനും പോകുന്നില്ല...

ഐഐഎഫ്കെ വേദിയില്‍ മുന്‍വര്‍ഷങ്ങളില്‍ വന്നു പോയ പ്രകാശ് രാജിനെ പോലുള്ളവര്‍ പറഞ്ഞത് സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്ന ഇന്ത്യയിലെ ഒരേ ഒരിടം കേരളമാണ് എന്നാണ്. സമഗ്രാധിപത്യത്തിനും ഫാസിസത്തിനും മുന്നില്‍ മുട്ടുകുത്താതെ വഴങ്ങാതെ നിവര്‍ന്നു നില്‍ക്കാനും അഭിപ്രായം വെട്ടിത്തുറന്നു പറയാനുമുള്ള നിശ്ചദാര്‍ഢ്യം നേടാന്‍ സോളാനസിനെപ്പോലുള്ളവരുടെ സിനിമകള്‍ നമ്മളെ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യ എന്ന രാജ്യം ഇടുങ്ങിയ ചിന്തയുള്ള ഒന്നായി മാറുന്നതിൽ വിഷമം ഉണ്ടെന്ന് ഐഎഫ്എഫ്കെയില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടിയ സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരി പറഞ്ഞു. 

click me!