കട്ടൗട്ട് അഭിഷേകത്തിനായി പാൽ മോഷ്ടിക്കുന്നു; പരാതിയുമായി തമിഴ്നാട്ടിലെ വ്യാപാരികൾ

By Web TeamFirst Published Jan 24, 2019, 1:33 PM IST
Highlights

സൂപ്പർ താര സിനിമകൾ റിലീസാകുന്ന അന്ന് പാൽ പാക്കറ്റുകൾ വ്യാപകമായി മോഷണം പോകുന്നുവെന്ന് വ്യാപാരികളുടെ പരാതി. റിലീസ് ദിനങ്ങളിൽ പാൽ കടകൾക്ക് പ്രത്യേക സംരംക്ഷണം വേണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു

ചെന്നൈ: വിചിത്രമായ ഒരു പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ്നാട്ടിലെ പാൽക്കച്ചവടക്കാർ. സൂപ്പർ താര സിനിമകൾ റിലീസാകുന്ന അന്ന് പാൽ പാക്കറ്റുകൾ വ്യാപകമായി മോഷണം പോകുന്നുവെന്നാണ് പരാതി. വലിയ തോതിൽ മോഷണം നടക്കുന്നത് വലിയ നഷ്ടമാണ് തങ്ങൾക്കുണ്ടാക്കുന്നതെന്ന് വ്യാപാരികൾ പരാതിപ്പെടുന്നു.

കട്ടൗട്ടുകളിൽ പാൽ അഭിഷേകം നടത്തുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചിരിക്കുകയാണ് പാൽക്കച്ചവടക്കാർ ഇപ്പോൾ. ടൺകണക്കിന് പാൽ പാഴാകുന്നത് തടയാൻ നടപടി വേണമെന്നും റിലീസ് ദിനങ്ങളിൽ പാൽ കടകൾക്ക് പ്രത്യേക സംരക്ഷണം വേണമെന്നും ഇവർ ആവശ്യപ്പെടുന്നു. തമിഴ്‍നാട്  പാൽ വിൽപന വിതരണ തൊഴിലാളി ക്ഷേമ സംഘടനയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ഇക്കാര്യത്തിൽ സൂപ്പർ താരങ്ങളോട് തന്നെ ഇടപെടാൻ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടാകാത്തതിനാലാണ് പരാതി നൽകേണ്ടി വന്നതെന്നാണ് പാൽ വിൽപ്പനക്കാർ പറയുന്നത്. 2015 മുതൽ ഇതിനായി പ്രവർത്തിക്കുകയാണെന്നും രജനീകാന്തും അജിത്തുമടക്കം എല്ലാ സൂപ്പർ താരങ്ങളെയും സമീപിച്ചിരുന്നെന്നും ഇവർ അവകാശപ്പെടുന്നു.

അർദ്ധരാത്രിയാണ് പാക്കറ്റ് പാലുകൾ വിതരണത്തിനായി എത്തുന്നത്. അത് കൊണ്ട് തന്നെ കടയ്ക്ക് പുറത്തുള്ള പ്ലാസ്റ്റിക്ക് പെട്ടികളിലാണ് പാൽ പാക്കറ്റുകൾ ഇറക്കി വയ്ക്കാറ്. ഇവിടെ നിന്നാണ് ആരാധകർ പാല് മോഷ്ടിക്കുന്നത്.

തന്‍റെ പുതിയ ചിത്രം വന്ത രാജാവാതാൻ വരുവേന്‍റെ കട്ടൗട്ടുകളിൽ പാലഭിഷേകം  നടത്താൻ നടൻ സിമ്പു ആരാധകരോട്  ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് വീണ്ടും പരാതിയുമായി വിൽപ്പനക്കാർ രംഗത്തെത്തിയത്. പരമാവധി കട്ടൗട്ടുകൾ ഉയർത്തണമെന്നും 'വേറെ ലെവൽ' ആക്കണം റിലീസെന്നുമായിരുന്നു ആരാധകർക്കുള്ള സിമ്പുവിന്‍റെ വീഡിയോ സന്ദേശം.

click me!