'അമ്മ'യില്‍നിന്ന് രാജിവെച്ച നടിമാര്‍ക്കൊപ്പമെന്ന് സിനിമാ പാരഡീസോ ക്ലബ്ബ്

Web Desk |  
Published : Jun 28, 2018, 03:20 AM ISTUpdated : Oct 02, 2018, 06:47 AM IST
'അമ്മ'യില്‍നിന്ന് രാജിവെച്ച നടിമാര്‍ക്കൊപ്പമെന്ന് സിനിമാ പാരഡീസോ ക്ലബ്ബ്

Synopsis

'ഈ സംഘടനയോടുള്ള ഭൂരിപക്ഷസമൂഹത്തിന്‍റെ നിലപാട് അപക്വവും അബദ്ധധാരണകളില്‍ മുങ്ങിയതുമാണ്'

ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച് പുറത്തുപോന്ന നാല് നടിമാര്‍ക്ക് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. അതേസമയം അവരുടെ സംഘടനയായ ഡബ്ല്യുസിസിയ്ക്ക് ഒരു വിഭാഗത്തില്‍ നിന്ന് എപ്പോഴും ലഭിക്കുന്ന, കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും രാജിക്ക് ശേഷവും തുടര്‍ന്നു. എന്നാല്‍ രാജി വച്ച് നിലപാട് പ്രഖ്യാപിച്ചവര്‍ക്കൊപ്പം തന്നെയാണ് തങ്ങളെന്ന് പറയുകയാണ് ഫേസ്ബുക്കിലെ പ്രധാന സിനിമാ ഗ്രൂപ്പുകളിലൊന്നായ സിനിമാ പാരഡീസോ ക്ലബ്ബ്. എന്തുകൊണ്ട് ഡബ്ല്യുസിസിയും അതിന്‍റെ നിലപാടുകളും പ്രസക്തമാവുന്നു എന്ന തലക്കെട്ടില്‍ എഴുതിയ വിശദമായ കുറിപ്പിലാണ് സിപിസി നാല് നടിമാര്‍ക്കുമുള്ള തങ്ങളുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത്.

സിനിമാ പാരഡീസോ ക്ലബ്ബ് പുറത്തിറക്കിയ കുറിപ്പ്

വിമന്‍ ഇന്‍ സിനിമാ കളക്ടീവും അവരുടെ നിലപാടുകളും ഒരിക്കല്‍ക്കൂടി വാര്‍ത്തകളില്‍ നിറയുകയാണ്. ഒപ്പം സ്ത്രീപക്ഷത്ത് നിന്നുയരുന്ന ഏതൊരു അഭിപ്രായത്തിനുമെതിരെ ഉടനടിയുണ്ടാവുന്ന അബദ്ധധാരണകളിലും സ്ത്രീവിരുദ്ധപരമാര്‍ശങ്ങളിലും മുക്കിയെടുത്ത പ്രതികരണങ്ങളും. സിനിമയും അതിന്‍റെ രാഷ്ട്രീയവും വിമര്‍ശനാത്മകമായി ചര്‍ച്ചചെയ്യപ്പെടുന്ന വേദി എന്ന നിലയില്‍ ഈ അബദ്ധധാരണകളെ, അടിസ്ഥാനമില്ലാത്ത പാട്രിയാര്‍ക്കിയല്‍ പ്രതികരണബഹളങ്ങളെ യുക്തിയുപയോഗിച്ച് വിശകലനം ചെയ്യുക സിപിസിയെപ്പോലൊരു പ്രസ്ഥാനത്തിന്‍റെ ഉത്തരവാദിത്തമാണന്നു വിശ്വസിക്കുന്നു. അതിനാലാണ് ഈ കുറിപ്പ്.

എന്തുകൊണ്ട് ഡബ്ല്യുസിസിയും അതിന്‍റെ നിലപാടുകളും പ്രസക്തമാവുന്നു?

മലയാളസിനിമാ അഭിനേതാക്കളുടെ സംഘടനയായ A.M.M.A ഉദയംകൊള്ളുന്നത് 1995ലാണ്. W.C.C 2017ലും. ഇരുപത്തിരണ്ട് വര്‍ഷങ്ങളുടെ അകലം മാത്രമല്ല ഇവിടെ പ്രസക്തമായിട്ടുള്ളത്. സര്‍വ്വമേഖലകളിലും സ്ത്രീസാന്നിധ്യമുണ്ടായിട്ടുകൂടി പാട്രിയാര്‍ക്കിയല്‍ ചൂഷണം ഒരു സിസ്റ്റം പോലെ മലയാളസിനിമയുടെ ഭാഗമാവുകയും സ്വാഭാവികവല്‍ക്കരിക്കപ്പെടുകയും ചെയ്തപ്പോള്‍ സ്വാഭാവികമായും ഒരു സ്ത്രീപക്ഷപ്രതികരണം വളരെ മുന്‍പുതന്നെ ഉണ്ടാവേണ്ടതായിരുന്നു. പക്ഷെ സംഘടിതമായ ഒരു സ്ത്രീപക്ഷപ്രതികരണത്തിന് സമീപകാല മലയാളസിനിമയിലെ ഒരു പ്രമുഖ സ്ത്രീവ്യക്തിത്വം നേരിടേണ്ടിവന്ന ദുര്യോഗം തന്നെ കാരണമാവേണ്ടിവന്നു. ചെറുതെങ്കിലും പ്രതീക്ഷ നല്‍കുന്ന വസ്തുതയെന്തെന്നാല്‍ മേല്‍പ്പറഞ്ഞ വിഷയതിലൂന്നി തൊഴില്‍സ്ഥലത്തെ സ്ത്രീസുരക്ഷയോടൊപ്പം സിനിമയിലൂടെ ആഘോഷിക്കപ്പെടുന്ന സ്ത്രീവിരുദ്ധതയും അതിന്‍റെ കാരണങ്ങളും ചര്‍ച്ചയ്ക്ക് വെക്കാന്‍ W.C.Cയുടെ വക്താക്കള്‍ക്ക് കഴിഞ്ഞു എന്നതാണ്. ഹോളീവുഡില്‍ ആരംഭിച്ച me too ക്യാമ്പയിന്‍ കെവിന്‍ സ്പേസിയെപ്പോലെ സ്വീകാര്യതയുള്ള വ്യക്തിത്വങ്ങളെവരെ കടപുഴക്കിയെറിഞ്ഞതും ഈ കാലഘട്ടത്തില്‍ തന്നെയാണെന്നത് യാദൃശ്ചികതയല്ല. മനുഷ്യജീവിതത്തിന്‍റെ സര്‍വ്വമേഖലകളും തീവ്രമായിക്കൊണ്ടിരിക്കുന്ന സ്ത്രീപുരുഷമസമത്വ സംബന്ധമായ ചര്‍ച്ചകളുടെ പ്രതിഫലനങ്ങളാണ് മീ ടൂ ക്യാംപയിനും W.C.Cയുമെല്ലാം.

പക്ഷേ പ്രസക്തമായ ഒരു വിഷയത്തിന് പ്രതികരണമായി ആരംഭിച്ച സംഘടനയായിട്ടും നിലപാടുകള്‍ വ്യക്തമായി തന്നെ അവതരിപ്പിച്ചിട്ടും ഈ സംഘടനയോടുള്ള ഭൂരിപക്ഷസമൂഹത്തിന്‍റെ നിലപാട് വളരെ അപക്വവും തുടക്കത്തില്‍ പറഞ്ഞതുപോലെ അബദ്ധധാരണകളില്‍ മുങ്ങിയതുമാണ്.

"അമ്മ മഴവില്ല് "ഷോയുടെ ഭാഗമായ കോമഡി സ്കിറ്റിനെ പരമാര്‍ശിച്ച് റിപ്പോര്‍ട്ടര്‍ ചാനലില്‍ റീമ കല്ലിങ്കല്‍ നടത്തിയ പ്രസ്താവന ഈ വിഷയത്തില്‍ വളരെ പ്രസക്തമാണ് . W.C.C മുന്നോട്ടുവെച്ച നിലപാടുകളെ താറടിക്കാന്‍ ഫാന്‍സ്‌ സാമൂഹമുപയോഗിച്ച ചീഞ്ഞ പരിഹാസവും ആണത്തമേല്‍ക്കോയ്മയുടെ ആഘോഷവും തന്നെയാണ് ഈ സ്കിറ്റിലും ഉണ്ടായിരുന്നത്. ഒരു കോമഡി പരിപാടിയെന്നുപറഞ്ഞ് നിസാരവല്‍ക്കരിക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല ആ സ്കിറ്റ്. പ്രത്യേകിച്ച് അതില്‍ പങ്കെടുത്തത് മലയാളത്തിലെ രണ്ടു മെഗാസ്റ്റാറുകളും ഒപ്പം ദീര്‍ഘകാലമായി A.M.M.A ഭരണസമിതിയിലെ (ഒരേയൊരു) സ്ത്രീസാനിധ്യമായ കുക്കു പരമേശ്വരനുമാണന്നിരിക്കെ, എത്രെയൊക്കെ നിസാരവല്‍ക്കരിച്ചാലും ആ സ്കിറ്റില്‍ കണ്ടത് A.M.M.Aയുടെ ഒരു നിലപാട് തന്നെയാണന്ന് സാരം . A.M.MA അതിന്‍റെ സമീപനരീതി എത്രത്തോളം അയുക്തികവും പരിഹാസ്യവുമാണന്നു വ്യക്തമാക്കിയ സ്ഥിതിക്ക് മീറ്റിങ്ങില്‍ പങ്കെടുത്ത്, ആരോപണവിധേയനായ നടനെ തിരിച്ചെടുത്തതിനെതിരെ പ്രതിഷേധിക്കുക എന്നത് ഒരു പ്രതിവിധിയാവുന്നില്ല. ഈ വിഷയത്തില്‍ പൊതുജനങ്ങളില്‍നിന്നും മാധ്യമങ്ങളില്‍നിന്നും അകലംപാലിക്കാന്‍ A.M.M.Aയുടെ ഭരണസമിതി കാണിച്ച നിഷ്കര്‍ഷയും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ് .

പ്രതികരണങ്ങള്‍ക്ക് വേദിയോ ബഹുമാനമോ ലഭിക്കില്ല എന്ന് വ്യക്തമായ സ്ഥിതിക്ക് W.C.Cക്ക് ചെയ്യാന്‍ കഴിയുക A.M.M.Aക്ക് സമാന്തരമായ ഒരു വേദി സൃഷ്ടിച്ച് തങ്ങളുടെ പ്രതികരണങ്ങളെ വ്യക്തമായും ശക്തമായും അവതരിപ്പിക്കുക എന്നതായിരുന്നു. A.M.M.Aയുടെ ജനറല്‍ ബോഡി മീറ്റിങ്ങിന് ശേഷം വന്ന W.C.C അംഗങ്ങളുടെ രാജിതീരുമാനവും ഫേസ്ബുക്ക് പോസ്റ്റുകളും അവര്‍ ഉന്നയിക്കുന്ന വിഷയത്തെ കൃതമായി അഡ്രസ് ചെയ്യുന്നതും നിലപാടുകളിലെ തീവ്രത വ്യക്തമാക്കുന്നതുമാണ്.

ചൂഷണവും പാട്രിയാര്‍ക്കിയുമൊക്കെ കാലാനുസൃതമായി കേരളസമൂഹത്തിന് കൈവന്ന ബൗദ്ധികനിലവാരത്തെ അവഗണിച്ച് നിലനില്‍ക്കുന്ന ഒരു മേഖലയില്‍ ആര്‍ജവത്തോടെ തങ്ങളുടെ അഭിപ്രായം പറഞ്ഞ് ഇറങ്ങിപ്പോന്നവര്‍ക്കൊപ്പമാണ് സി പി സി നിലകൊള്ളാനുദ്ദേശിക്കുന്നത്. യുക്തിയിലൂന്നിയ ചര്‍ച്ചകളിലൂടെ W.C.C ഉന്നയിക്കുന്ന വിഷയങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കാന്‍ സി പി സി അംഗങ്ങള്‍ക്ക് കഴിയുമെന്ന പ്രത്യാശയും ഇതോടൊപ്പം അറിയിക്കുന്നു.

സിനിമാ പാരഡീസോ ക്ലബ്ബ്

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പന്ത്രണ്ടാം ദിവസം 20 ലക്ഷം, ഭ ഭ ബ കളക്ഷനില്‍ കിതയ്‍ക്കുന്നു
സെയിലിൽ നിവിന്റെ ആധിപത്യം, ഒന്നാമനായത് 1100 കോടി പടത്തെ കടത്തിവെട്ടി ! 24 മണിക്കൂറിലെ ബുക്കിം​ഗ് കണക്ക്