കര്‍ണന്‍ മാറി മഹാവീര്‍ കര്‍ണനായി; പൃഥിരാജ് പിന്മാറിയതിന് പിന്നില്‍ സംവിധായകന്‍ പറയുന്നു

By Web DeskFirst Published Jan 8, 2018, 11:55 AM IST
Highlights

സി.വി.സിനിയ

ജന്മം കൊണ്ട് ശപിക്കപ്പെട്ടവനായി, ജീവിതത്തിലുടനീളം അവഹേളനവും തിരിച്ചടികളും ഏറ്റുവാങ്ങേണ്ടി വന്ന വില്ലാളി വീരനാണ് കര്‍ണന്‍.  ഏവരുടേയും ശ്രദ്ധ പിടിച്ചു പറ്റിയ അനശ്വരമായ കഥാപാത്രം. ഇത്തരം കഥാപാത്രം അഭ്രപാളിയിലേക്ക് വരുമെന്ന വാര്‍ത്തകള്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഒരേ പേരില്‍ രണ്ടു സിനിമകള്‍ വരെ എത്തുന്നുവെന്ന ചൂടുള്ള വാര്‍ത്തകള്‍ പോലും സിനിമാ ലോകത്ത് നിന്നുണ്ടായി. 

പൃഥിരാജിനെ നായകനാക്കി കര്‍ണന്‍ സംവിധാനം ചെയ്യുന്നുവെന്ന് ആര്‍ എസ് വിമല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതറിഞ്ഞതുമുതല്‍ പൃഥിരാജ് എന്ന കര്‍ണന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. എന്നാല്‍ സിനിമയില്‍ വീണ്ടും ഒരു ചുവട് മാറ്റം സംഭവിച്ചിരിക്കുകയാണ്. അതിനെ കുറിച്ച് സംവിധായകന്‍ ആര്‍ എസ് വിമല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി സംസാരിക്കുന്നു.

ഇവിടെ കര്‍ണനായി അവതരിപ്പിക്കുന്ന പൃഥിരാജ് അല്ല പകരം തെന്നിന്ത്യയുടെ സ്വന്തം ചിയാന്‍ വിക്രമാണ്. പൃഥിരാജിന്റെ തിരക്ക് മൂലമാണ് അദ്ദേഹം ഇതില്‍ നിന്ന് പിന്മാറിയത്. അത് ഞങ്ങള്‍ ഇരുവരും സംസാരിച്ച് ധാരണയില്‍ എത്തിയതിന് ശേഷമാണ് പുതിയ മഹാവീര്‍ കര്‍ണന്‍ എന്ന തീരുമാനത്തിലേക്ക് എത്തിയത്. സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും. വലിയ തയാറെടുപ്പാണ് ചിത്രത്തിനായി നടത്തുന്നത്. ഇതിന്റെ തിരക്കഥ പൂര്‍ത്തിയായി. 

ചിത്രീകരണം ആരംഭിക്കുമ്പോള്‍ തന്നെ വിക്രം സിനിമയ്ക്കായി എത്തും. അതിന് മുന്‍പ് യുദ്ധമുറകളും മറ്റും അഭ്യസിക്കാനായി മൂന്നുമാസത്തെ പരിശീലനം വിക്രമിനുണ്ട്. ഹൈദരാബാദ്, ജയ്പൂര്‍, കാന്നഡ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം. ഹിന്ദി, തമിഴ് എന്നീ ഭാഷകളില്‍ ചിത്രീകരിച്ച്  38 ഭാഷകളിലായി സിനിമ പ്രദര്‍ശനത്തിന് എത്തും. 2019 ഡിസംബറിലാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തില്‍ രണ്ട് നായികമാരാണ്. മലയാളത്തിലെ ചില താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഇന്റര്‍നാഷണല്‍ പ്രൊജക്ടായിട്ടാണ് സിനിമ വരാന്‍ പോകുന്നത്. ബോളിവുഡില്‍ നിന്നും ഹോളിവുഡിലെയും താരങ്ങള്‍ അണിനിരക്കും. 300 കോടി ബജറ്റ് വരുന്ന ചിത്രം നിര്‍മിക്കുന്നത് ന്യൂയോര്‍ക്ക് ആസ്ഥാനമായ യുനൈറ്റഡ് ഫിലിം കിങ്ഡമാണ്.

click me!