ഫഹദ് അങ്ങനെയാണ്, നൈസായിട്ട് തകര്‍ക്കും!

By Web DeskFirst Published Jul 21, 2017, 4:34 PM IST
Highlights

വെബ് ഡെസ്ക്

പുതിയ കാലത്തെ മലയാളിയുടെ മുഖമായാണ് ഫഹദ് വെള്ളിത്തിര കീഴടക്കിയത്‍. അടക്കിപ്പറയേണ്ടതെന്ന് സദാചാര പൊതുബോധം തീര്‍പ്പുകല്‍പ്പിച്ചവ ഉറക്കെപ്പറഞ്ഞും അതിവൈകാരികതയെ കടിഞ്ഞാണിട്ടും മൗനത്തിലൊളിപ്പിച്ചും നീങ്ങുന്ന പുതിയ മലയാളിയുടെ പ്രതിനിധി തന്നെയായാണ് ഫഹദ് വെള്ളിത്തിരയില്‍ ചുവടുറപ്പിച്ചത്. മലയാളി വിദേശ ചിത്രങ്ങളിലും അന്യഭാഷാ സിനിമകളിലും കണ്ട അഭിനയശൈലിയുമായി തിരിച്ചുവരവ് നടത്തിയാണ് ഫഹദ് വെള്ളിത്തിരിയില്‍ ഇരിപ്പുറപ്പിച്ചത്. ബുദ്ധിയുപയോഗിച്ച് ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന നടനെന്ന പേരും ഫഹദിനാണ്. ഒരു വര്‍ഷത്തില്‍ പത്ത് ചിത്രങ്ങളില്‍ അഭിനയിച്ചാല്‍ അവ ഒന്നിനൊന്ന് വ്യത്യസ്‍തമാകാന്‍ ഫഹദ് ശ്രദ്ധ കാട്ടിയിരുന്നു. പരീക്ഷണചിത്രങ്ങളുടെ തുടര്‍ച്ചയില്‍ ഇടയ്‍ക്ക് ഒന്ന് കാലിറടറിയെങ്കിലും ഫഹദ് മഹേഷിന്റെ പ്രതികാരത്തിലൂടെ വീണ്ടും മലയാളത്തിലെ മികച്ച നടനെന്ന പ്രേക്ഷകാംഗീകാരം തിരിച്ചുപിടിച്ചു.

ഇപ്പോള്‍ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലും ഫഹദ് വിസ്മയിപ്പിക്കുകയാണ്. പേരില്ലാത്ത കള്ളനെ അത്രമേല്‍ മികവോടെയാണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്. സിനിമയില്‍ ഫഹദിനെ കാട്ടുന്ന ആദ്യ രംഗത്തെ കണ്ണുകള്‍ മാത്രമുള്ള ഷോട്ടില്‍ തന്നെ ആരാണ് കഥാപാത്രം എന്താണ് സ്വഭാവം എന്ന് കൃത്യമായി വെളിപ്പെടുത്തുന്നു. അങ്ങനെ സിനിമയില്‍ എടുത്തുപറയേണ്ട ഒട്ടേറെ രംഗങ്ങളുണ്ട്. വീണ്ടും ഫഹദിന്റെ അഭിനയം ചര്‍ച്ചയാകുമ്പോള്‍, ശ്രദ്ധേയമായ മറ്റ് സിനിമകള്‍ ഒന്നുനോക്കാം.


ഫഹദിന്റെ ചലച്ചിത്രജീവിതത്തിലെ നിര്‍ണ്ണായക സിനിമകള്‍ ഇതാ

കയ്യെത്തും ദൂരത്തെ തുടക്കം

പ്രണയകഥ പലകുറി പറഞ്ഞു പെരുമ നേടിയ ഫാസില്‍ തന്നെയാണ് മകന്‍ ഫഹദിനെ വെള്ളിത്തിരയിലേക്ക് കൈപിടിച്ചുകയറ്റിയത്. 2002ല്‍ കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ. പക്ഷേ അച്ഛനോളം സ്നേഹം മകന് മലയാളി നല്‍കിയില്ല. ചിത്രം വന്‍ പരാജയം. പരാജയത്തിന്റെ പേരില്‍ അച്ഛനെ പഴിക്കരുത്, എന്റെ തെറ്റാണ്. തയ്യാറെടുപ്പില്ലാതെ അഭിനയിക്കാന്‍ വന്നത് എന്നായിരുന്നു ഫഹദിന്റെ പ്രതികരണം. ഈ ചിത്രത്തിന്റെ പരാജയത്തോടെ ഫഹദ് ഉള്‍വലിഞ്ഞു. പക്ഷേ മികച്ച നടനിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടാനായിരുന്നു ആ ഉള്‍വലിയലെന്നു മാത്രം.

തിരിച്ചുവരവിലെ മൃത്യുഞ്ജയഭാവം!

നീണ്ട ഏഴു വര്‍ഷം കഴിഞ്ഞ് 2009ല്‍ ഫഹദ് മടങ്ങിയെത്തി. സിനിമയുടെ മര്‍മ്മമറിഞ്ഞ രഞ്ജിത്തിന്റെ മേല്‍നോട്ടത്തില്‍ സംവിധായക്കൂട്ടായ്മയിലൂടെ ഒരുങ്ങിയ കേരള കഫേയിലെ ഹ്രസ്വചിത്രത്തിലൂടെ. ഉദയ് അനന്തന്‍ സംവിധാനം ചെയ്ത മൃത്യുഞ്ജയം എന്ന ഹൊറര്‍ ചിത്രത്തിലൂടെയുള്ള ആ മടങ്ങിവരവില്‍ ഫഫദ് പ്രതിഭയുടെ മിന്നലാട്ടം കാട്ടി. ഒരു പഴയ മനയില്‍ എത്തുന്ന മാധ്യമപ്രവര്‍ത്തകനായിട്ടായിരുന്നു ഫഹദ് അഭിനയിച്ചത്. ഫഹദില്‍ ഭദ്രമായിരുന്നു ആ കഥാപാത്രം.

തലവര മാറ്റിയ ചാപ്പാകുരിശ്!

കേരള കഫേയ്ക്ക് ശേഷം ചില ചിത്രങ്ങളില്‍ സഹനടന്റെ വേഷങ്ങളിലൂടെ മലയാളസിനിമയില്‍ ഇരുപ്പുറപ്പിക്കാനുള്ള ശ്രമം. പ്രമാണിയും കോക്ടെയിലും കഴിഞ്ഞപ്പോള്‍ ഫഹദ് വീണ്ടും നായകനായി ചാപ്പാകുരിശിലൂടെ. വില്ലനും നായകനുമെല്ലാം മാറിമാറി തെളിയുന്ന കഥാപാത്രമായിരുന്നു ചാപ്പാകുരിശില്‍ ഫഹദ് അവതരിപ്പിച്ച അര്‍ജ്ജുന്‍. ഒരു നടന്‍ അഭിനയിക്കുന്നതിന് പകരും ബിഹേവ് ചെയ്യുന്നത് ചാപ്പാകുരിശിലൂടെ മലയാളി കണ്ടു. ഹോളിവുഡ് ആക്ടിംഗ് സ്റ്റൈല്‍ എന്ന് നിരൂപകര്‍ നിരൂപിച്ചു. ചിത്രത്തിലെ ചുംബനരംഗവും ചര്‍ച്ചയായി, വിവാദമായി. ഫഹദെന്ന, മലയാളിയുടെ പുതിയ നായകന്‍ രൂപപ്പെട്ടു തുടങ്ങുകയായിരുന്നു ചാപ്പാകുരിശില്‍.

അഭിനയത്തിന്റെ ആഴമുള്ള അകം

ചാപ്പാകുരിശിന് ശേഷം ഫഹദ് അഭിനയിച്ച അകമെന്ന ചിത്രം പ്രേക്ഷകര്‍ ഏറെ കണ്ട ഒന്നായിരുന്നില്ല. പക്ഷേ ഫഹദിലെ നടനെ അംഗീകരിക്കാന്‍ നിര്‍ബന്ധപ്പെടുത്തുന്ന ഒന്നായിരുന്ന ഈ ചിത്രത്തിലെ വേഷം. ചിത്രത്തിലെ വിരൂപനായ കഥാപാത്രത്തെ ഫഹദ് അവതരിപ്പിച്ചപ്പോള്‍ ഇമേജ് ഭാരമില്ലാത്ത യുവനടനെ മലയാളി കണ്ടു. സൗന്ദര്യമല്ല അഭിനയമെന്ന് ഫഹദ് തെളിയിച്ചു. ചാപ്പാകുരിശിലേയും അകത്തിലേയും പ്രകടനം രണ്ടാമത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ഫഹദിന് നേടിക്കൊടുത്തു.

ന്യൂജനറേഷന്‍ നായകന്‍

കഥാപാത്രത്തിന്റെ കരുത്തില്‍ മാത്രമായിരുന്നു ഫഹദിന്റെ ശ്രദ്ധ. സ്വന്തം കഥാപാത്രം എല്ലാ ഗുണങ്ങളുമുള്ള നായകന്‍ തന്നെയാകണമെന്നില്ലായിരുന്നു, ഫഹദിന് . ഈ ചിന്താഗതിയാണ് 22 ഫീമെയില്‍ കോട്ടയത്തിലെ സിറിളിനേയും സ്വീകരിക്കാന്‍ ഫഹദിനെ പ്രേരിപ്പിച്ചുണ്ടാകുക. ചിത്രം വിജയം. ഫഹദിന്റെ കഥാപാത്രവും കയ്യടികളോടെ സ്വീകരിക്കപ്പെട്ടു. താന്‍ ചതിച്ച പെണ്‍കുട്ടിയാല്‍ ലിംഗം ഛേദിക്കപ്പെടുന്ന കഥാപാത്രം ഫഹദിന്റെ കരിയറിലെ മികച്ച ഒന്നായി. ന്യൂജനറേഷന്‍ നായകനെന്ന വിളിപ്പേരും ഈ കഥാപാത്രത്തോടെ ഫഹദില്‍ ഉറപ്പിക്കപ്പെട്ടു.


 

അന്നയുടെ സ്വന്തം റസൂല്‍

മലയാളത്തിന്റെ പ്രണയനായകന്‍മാരില്‍ മുന്‍നിരയില്‍ തന്നെ ഫഹദ് ഇരിപ്പുറപ്പിക്കുകയായിരുന്നു, അന്നയും റസൂലുമിലൂടെ. മട്ടാഞ്ചേരിയിലെ സാധാരണക്കാരനായ ടാക്സി ഡ്രൈവറായിട്ടുള്ള ഫഹദിന്റെ അഭിനയം അസാധാരണമായിരുന്നു. റസൂല്‍ പ്രണയിച്ചപ്പോള്‍ പ്രേക്ഷകര്‍ അത് അനുഭവിച്ചു. റസൂല്‍ വിരഹാര്‍ത്തനായപ്പോള്‍ പ്രേക്ഷകര്‍ ദു:ഖിച്ചു. അത്രത്തോളം കഥാപാത്രത്തിലേക്ക് വിസ്‌മയിപ്പിക്കുന്ന ഇഴുകിച്ചേരലായിരുന്നു ഫഹദ് നടത്തിയത്.


മാജിക്കല്‍ സോളമന്‍

ആമേനിലെ സോളമന്‍ - ഫഹദിനെ പ്രേക്ഷകരിലേക്ക് കൂടുതല്‍ അടുപ്പിച്ച കഥാപാത്രം. മുഖത്തില്‍ മാത്രമായിരുന്നില്ല അഭിനയം, ശരീരമാകെ കൊണ്ട് ഫഹദ് സോളമനായി മാറുകയായിരുന്നു. പ്രണയനായകനായി ഫഹദ് നിറഞ്ഞാടി. സോളമന്‍ കയ്യടി വാങ്ങിയപ്പോള്‍ ആമേനും ഹിറ്റ്.
 

യഥാര്‍ഥ കലാകാരന്‍

ചിത്രകാരനായ മൈക്കിള്‍ ആയിരുന്നു ആര്‍ട്ടിസ്റ്റില്‍ ഫഹദിന്റെ കഥാപാത്രം. കാഴ്ചയില്ലാത്ത ആ ചിത്രകാരന്‍ ഫഹദിലെ അഭിനയ പ്രതിഭയെ ജ്വലിപ്പിച്ചു.ചിത്രം ബോക്സ്ഓഫീസില്‍ ഹിറ്റായിരുന്നില്ല. പക്ഷേ കണ്ടവര്‍ ചിത്രം നെഞ്ചോട് ചേര്‍ത്തു. ഫഹദിന്റെ കഥാപാത്രത്തേയും.

വൃത്തി ഒരു രോഗമാണോ?

നോര്‍ത്ത് 24 കാതത്തില്‍ ഫഫദിന്റെ കഥാപാത്രമായ ഹരികൃഷ്ണന്‍ ഒരു വൃത്തിരാക്ഷസനായിരുന്നു. വൃത്തി ഒരു രോഗമായി പിടിപ്പെട്ടിരിക്കുന്ന കഥാപാത്രം. ചിത്രത്തില്‍ ഫഹദിന്റെ ഭാവം മാത്രമല്ല, ശരീരവും അടിമുടി മാറുകയായിരുന്നു ഹരികൃഷ്‍ണനിലേക്ക്. അതുപക്ഷേ മേക്കുപ്പുകൊണ്ടായിരുന്നില്ല, അഭിനയം കൊണ്ടായിരുന്നു. കഥാപാത്രത്തിലേക്കുള്ള പകര്‍ന്നാട്ടം കൊണ്ടായിരുന്നു. ആര്‍ട്ടിസ്റ്റും നോര്‍ത്തു 24 കാതവും ഫഹദിനെ സംസ്ഥാനത്തെ മികച്ച നടനുമാക്കി. 2013ലെ മികച്ച നടനുള്ള സംസ്ഥാനസര്‍ക്കാരിന്റെ പുരസ്‍കാരമാണ് ഫഹദിന് ലഭിച്ചത്.

ജനപ്രിയനായകന്‍

ഒരു ഇന്ത്യന്‍ പ്രണയകഥ ഫഹദിനെ എല്ലാത്തരം പ്രേക്ഷകരിലേക്കും അടുപ്പിച്ചു. ചിത്രത്തിലെ അയ്‌മനം സിദ്ധാര്‍ത്ഥന്‍ എന്ന യുവരാഷ്ട്രീയക്കാരന്‍ പരോപകാരിയും നിഷ്കളങ്കനും രസികനുമാണ് - ഈ പ്രത്യേകതകള്‍ തന്നെ ഫഹദിന്റെ കഥാപാത്രത്തെ ജനപ്രിയമാക്കിയതും. കഥാപാത്രത്തിന്റെ സ്വീകാര്യത ഫഹദ് ഫലപ്രദമായി ഉപയോഗപ്പെടുത്തി ഹാസ്യരംഗങ്ങളിലും ടൈമിംഗോടെ മികവുപുലര്‍ത്താനായി. പഴയ ലാല്‍ കഥാപാത്രത്തെ പോലെയായിരുന്നു ഫഹദിന്റെ അയ്‌മനം സിദ്ധാര്‍ത്ഥനും. നാഗരികനായകനെന്ന പരിവേഷത്തില്‍ നിന്ന് ജനപ്രിയ നായകനെന്ന കൂടുമാറ്റമായിരുന്നു ഈ ചിത്രത്തിലൂടെ ഫഹദ് നടത്തിയത്.


നായകനായി വളരുന്ന ദാസേട്ടന്‍

അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡേയ്‍സ് യുവാക്കളുടെ ആഘോഷ സിനിമയായിരുന്നു. ദുല്‍ഖറും നിവിന്‍ പോളിയും നസ്രിയും ഫഹദുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ജീവിതം ആഘോഷിക്കുന്ന ദുല്‍ഖറിന്റേയും നിവിന്‍ പോളിയുടേയും നസ്രിയയുടെയും കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്‍തമായി അല്‍പ്പം ഉള്‍വലിയുന്ന കഥാപാത്രമാണ് ഫഹദിന്റെ ദാസ്. പക്ഷേ പക്വതയുള്ള അഭിനയം കാഴ്‍ചവച്ച്, വിരസമാകാതെ ആ കഥാപാത്രത്തെ വേറിട്ടതാക്കുകയായിരുന്നു ഫഹദ്.



കമ്മ്യൂണിസ്റ്റായ അലോഷി

അമല്‍ നീരദ് സംവിധാനം ചെയ്‍ത ഇയ്യോബിന്റെ പുസ്‍തകത്തിലെ അലോഷിയും ഫഹദിന്റെ എണ്ണംപറഞ്ഞ കഥാപാത്രം തന്നെയാണ്. പിരീഡ് സിനിമയായ ഇയ്യോബിന്റെ പുസ്‍തകത്തില്‍ വിസ്‍മയിപ്പിക്കുന്ന പ്രകടനമാണ് ഫഹദ് കാഴ്‍ചവച്ചത്. രൂപംകൊണ്ടും ഭാവംകൊണ്ടും ഫഹദ് അന്നോളം ചെയ്‍തവയില്‍ നിന്നു വേറിട്ട നില്‍ക്കുന്നതുമാണ് അലോഷി. ഇയ്യോബിന്റെ പുസ്‍തകത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളുമായിരുന്നു ഫഹദ്.

 


ഒരു പ്രതികാര കഥ!
പരീക്ഷണചിത്രങ്ങളിലൂടെ സഞ്ചരിച്ച ഫഹദ് ഒരു പ്രതീകാരം വീട്ടിയപോലെയാണ് വീണ്ടും പ്രേക്ഷകരുടെ കയ്യടി നേടിയത്. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ പിടിച്ചുപറ്റിയ സിനിമയില്‍ മഹേഷായുള്ള ഫഹദിന്റെ അഭിനയം അത്രത്തോളം സ്വാഭാവികവുമായിരുന്നു. വിവാഹം കഴിഞ്ഞുപോകുന്ന കാമുകിയെ നോക്കിയുള്ള ആ ചിരി മാത്രം മതിയാകും മഹേഷായുള്ള ഫഹദിന്റെ പകര്‍ന്നാട്ടം മനസ്സിലാകാന്‍. ദിലീഷ് പോത്തനാണ് സിനിമ സംവിധാനം ചെയ്‍തത്.


ഫഹദിന്റെ മറ്റു ചിത്രങ്ങളുടെ ഫോട്ടോകള്‍

 

click me!