മലയാളത്തിന്റെ വാനമ്പാടിക്ക് ഇന്ന് പിറന്നാള്‍

By Web DeskFirst Published Jul 27, 2016, 4:36 AM IST
Highlights

മലയാളത്തിന്റെ വാനമ്പാടി ഗായിക കെ എസ് ചിത്രയ്ക്ക് ഇന്ന് പിറന്നാള്‍. 1963 ജൂലൈ 27ന് സംഗീതജ്ഞനും അധ്യാപകനുമായ കരമന കൃഷ്ണന്‍നായരുടെയും ശാന്തകുമാരിയുടെ മകളായി തിരുവനന്തപുരത്തായിരുന്നു ചിത്രയുടെ ജനനം. പിതാവ് തന്നെയായിരുന്നു സംഗീതത്തിലെ ആദ്യ ഗുരു. പിന്നീട് കെ ഓമനക്കുട്ടിയുടെ കീഴില്‍ കര്‍ണാടക സംഗീതം അഭ്യസിച്ചു. എം ജി രാധാകൃഷ്ണന്‍ ആണ് 1979ല്‍ ആദ്യമായി മലയാള സിനിമയില്‍ പാടാന്‍ ചിത്രയ്‍ക്ക് അവസരം നല്‍കിയത്. എം ജി രാധാകൃഷ്ണന്റെ സംഗീതത്തില്‍ അട്ടഹാസമെന്ന ചിത്രത്തില്‍ 'ചെല്ലം ചെല്ലം' എന്ന ഗാനം പാടി പിന്നണിഗായികയായി അരങ്ങേറി. ഒരു വര്‍ഷത്തിനുശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ആദ്യ ചിത്രം പത്മരാജന്‍ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം ആയിരുന്നു. രാധാകൃഷ്ണന്റെ തന്നെ സംഗീതസംവിധാനത്തില്‍ അരുന്ധതിയുമൊത്ത് പാടിയ 'അരികിലോ അകലെയോ' ആയിരുന്നു ആദ്യം പുറത്തിറങ്ങിയ ഗാനം.

ഞാന്‍ ഏകനാണ് എന്ന ചിത്രത്തിനു വേണ്ടി സത്യന്‍ അന്തിക്കാട് രചിച്ച് എം ജി രാധാകൃഷ്ണന്‍ സംഗീതമൊരുക്കിയ 'രജനീ പറയൂ...' എന്ന ഗാനമാണ് ചിത്രയുടെ ആദ്യ സോളോ ഹിറ്റ്. അടുത്ത വര്‍ഷം മാമാട്ടിക്കുട്ടിയമ്മയ്ക്കു വേണ്ടി ജെറി അമല്‍ദേവ് ഈണമിട്ട 'ആളൊരുങ്ങി അരങ്ങൊരുങ്ങി' എന്ന ഗാനത്തോടെ മലയാള സിനിമാ സംഗീതത്തിലെ ചിത്രപൌര്‍ണമി ഉദിച്ചു. സംഗീത ജീവിതത്തിലെ ആദ്യകാലത്ത് ഗാനഗന്ധര്‍വന്‍ യേശുദാസിനൊപ്പം നടത്തിയ സംഗീതപരിപാടികള്‍ ചിത്രയുടെ ആദ്യകാല സംഗീതജീവിതത്തിലെ വളര്‍ച്ചയ്‍ക്കു സഹായകമായി.

പൂവേ പൂ ചുടവാ എന്ന സിനിമയില്‍ ഇളയരാജയുടെ സംഗീത സംവിധാനത്തില്‍ നീ താനേ അന്തക്കുയില്‍.. എന്ന ഗാനം പാടിക്കൊണ്ടായിരുന്നു തമിഴിലെ ചിത്രയുടെ അരങ്ങേറ്റം. 1986ല്‍ സിന്ധുഭൈരവിയില്‍ 'പാടറിയേന്‍ പഠിപ്പറിയേന്‍..' എന്ന ഗാനം ചിത്രയ്ക്ക് ആദ്യ ദേശീയ അവാര്‍ഡു സമ്മാനിച്ചു. ചിത്രയുടെ വഴിയില്‍ പിന്നെയും അവാര്‍ഡുകള്‍ ഏറെ ചിരി തൂകി നിന്നു. ബോംബെ രവിയുടെ സംഗീതത്തില്‍ നഖക്ഷതങ്ങളിലെ മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി ചിത്രയ്ക്ക് രണ്ടാമത്തെ ദേശീയ അവാര്‍ഡ് നല്‍കി. ബോംബെ രവി തന്നെയാണ് അടുത്ത ദേശീയ അവാര്‍ഡിനും ചിത്രയെ അര്‍ഹയാക്കിയത്. വൈശാലിയിലെ 'ഇന്ദുപുഷ്പം ചൂടി നില്‍ക്കും രാത്രി..' എന്ന ഗാനമാണ് അംഗീകാരം നേടിയത്. എ ആര്‍ റഹ്മാന്റെ സംഗീതത്തില്‍ മീന്‍സാരക്കനവിലെ 'ഊ ല..ല. ല..' നാലാമത്തെ അവാര്‍ഡു നല്‍കി. എസ് പി വെങ്കിടേഷിന്റെ സംഗീതത്തോടെയാണു ഹിന്ദിയിലെത്തിയത്. ഭരതന്‍ സംവിധാനം ചെയ്ത തേവര്‍ മകന്റെ ഹിന്ദി പതിപ്പായ വിരാസത്തിലെ പായലേ ചും ചും എന്ന ഗാനത്തോടെ അഞ്ചാമത്തെ ദേശീയ അവാര്‍ഡും ചിത്ര നേടി.

തമിഴില്‍ എസ് ജാനകി പാടിയ ഇഞ്ചി ഇടുപ്പഴകേ.. എന്ന ഗാനത്തിന്റെ ഹിന്ദിപതിപ്പായിരുന്നു ഇത്. 2004ല്‍ തമിഴകം വീണ്ടും ചിത്രയുടെ ദേശീയ അവാര്‍ഡിന് ഇടമായി. ചേരന്‍ തരംഗമായ ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലെ ഒവൊരുപൂക്കളുമേ.. എന്ന അവാര്‍ഡ് ഗാനത്തിന്റെ വരികള്‍ തമിഴില്‍ അധ്യയന വിഷയം പോലുമായി. 2005ല്‍ രാജ്യം പത്മശ്രീ നല്‍കി ചിത്രയെ ആദരിച്ചു. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാരത്തിനും ചിത്ര അര്‍ഹയായി. ഇതിനിടെ, ഹിന്ദി ആല്‍ബങ്ങളിലും ചിത്ര പ്രത്യക്ഷപ്പെട്ടു. ഉസ്താന്‍ സുല്‍ത്താന്‍ ഖാനൊപ്പം പാടിയ പിയാ ബസന്തീ രേ.. ആണ് ഇതില്‍ ഏറ്റവും ജനപ്രിയം.
Chithra Film

click me!