യേശുദാസിന് പിറന്നാള്‍ മധുരം

By Honey R KFirst Published Jan 9, 2017, 10:51 PM IST
Highlights

വാക്കുകളില്‍ വിശേഷണങ്ങള്‍ ചൊരിഞ്ഞാല്‍ അനൌചിത്യമാവും അത്. യേശുദാസ് എന്ന പേര് മാത്രം മതി നിരവധി പാട്ടുകളുടെ മാധുര്യം മലയാളികളുടെ നാവിന്‍തുമ്പിലെത്താന്‍.  പ്രശസ്ത നടനും ഗായകനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും അഞ്ച് മക്കളില്‍ മൂത്ത പുത്രനായി 1940 ജനുവരി 10 നു ഫോര്‍ട്ട് കൊച്ചിയില്‍ ജനിച്ച കെ ജെ യേശുദാസ് മലയാളികളുടെ സ്വകാര്യഅഹങ്കാരമായി മാറിയിട്ടു വര്‍ഷങ്ങളേറെയാകുന്നു. യേശുദാസിന് asianetnews.tvയുടെ പിറന്നാള്‍ ആശംസകള്‍.

ചെറുപ്രായത്തില്‍ തന്നെ പിതാവിന്റെ ശിക്ഷണത്തില്‍ സംഗീതം അഭ്യസിച്ചു തുടങ്ങിയ യേശുദാസ് എട്ടു വയസ്സുള്ളപ്പോള്‍ പ്രാദേശികാടിസ്ഥാനത്തിലുള്ള ഒരു സംഗീത മത്സരത്തില്‍ പങ്കെടുത്ത് സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കി. 1958ല്‍ സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ ശാസ്‌ത്രീയ സംഗീത മത്സരത്തില്‍ ഒന്നാ സ്ഥാനം ലഭിച്ചു. മകന്റെ പ്രതിഭ തിരിച്ചറിഞ്ഞ അഗസ്റ്റിന്‍ കരുവേലിപ്പടിക്കല്‍ കുഞ്ഞന്‍ വേലു ആശാന്റെയടുത്തു യേശുദാസിനെ സംഗീതമഭ്യസിക്കാന്‍ അയച്ചു.  അദ്ദേഹത്തിന്റെ കീഴില്‍ ഒരു വര്‍ഷത്തെ പഠനത്തിനു ശേഷം പള്ളുരുത്തി രാമന്‍ കുട്ടി ഭാഗവതരുടെ കീഴില്‍ ആറു മാസവും എറണാകുളം ശിവരാമന്‍ ഭാഗവതരുടെ കീഴില്‍ മൂന്നു വര്‍ഷവും സംഗീതം അഭ്യസിച്ചു.


എസ് എസ് എല്‍ സി പാസ്സായതിനു ശേഷമാണ് യേശുദാസ് സംഗീതത്തില്‍ ഔപചാരിക പഠനം നടത്തുന്നത്. ശാസ്‌ത്രീയ സംഗീതാഭ്യസനത്തിനു തൃപ്പൂണിത്തുറ ആര്‍ എല്‍ വി അക്കാദമിയില്‍ ചേര്‍ന്ന യേശുദാസ് 1960 ല്‍ ഗാനഭൂഷണം പരീക്ഷ ഒന്നാം റാങ്കോടെ പാസ്സായി. പ്രശസ്ത സംഗീതഞ്ജനായ ശെമ്മാങ്കുടി പ്രിന്‍സിപ്പലായിരുന്ന കാലത്ത്  സംഗീത ഭൂഷണത്തിന് തിരുവനന്തപുരം സ്വാതി തിരുനാള്‍ അക്കാദമിയില്‍ ചേര്‍ന്നത് യേശുദാസിന്റെ ജീവിതത്തില്‍ വഴിത്തിരിവായി. തന്റെ വിദ്യാര്‍ഥിയിലെ സംഗീത പ്രതിഭ തിരിച്ചറിഞ്ഞ ശെമ്മാങ്കുടി യേശുദാസിനു വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തു. കര്‍ണ്ണാടക സംഗീതത്തിലെ മുടിചൂടാ മന്നനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനാകാന്‍ സാധിച്ചത് യേശുദാസിന്റെ ശബ്ദത്തില്‍ മാധുര്യം പകര്‍ന്നു. ചെമ്പൈയുടെ  കച്ചേരിക്ക് അകമ്പടി പാടാന്‍  അവസരം ലഭിച്ചതും  യേശുദാസിന് അനുഗ്രഹമായി. ഇത് 1974-ല്‍ ചെമ്പൈയുടെ മരണം വരെ തുടര്‍ന്നു.


ചെറുപ്പത്തില്‍ തന്നെ തന്റെ പ്രതിഭ വെളിപ്പെടുത്തിയ യേശുദാസിന്റെ ജീവിതത്തില്‍  ചെറിയ പരാജയങ്ങളുടെ  ചരിത്രവുമുണ്ട്. ഗാനഭൂഷണം പാസായ ശേഷം ആകാശവാണി നടത്തിയ ശബ്ദപരിശോധനയില്‍ പങ്കെടുത്തെങ്കിലും പരാജയപ്പെടുകയായിരുന്നു.സംഗീത പഠനം കഴിഞ്ഞയുടന്‍ 'നല്ലതങ്ക' എന്ന ചിത്രത്തില്‍ പാടാന്‍ യേശുദാസിനെ പരിഗണിച്ചിരുന്നെങ്കിലും നിലവാരമില്ലെന്ന കാരണം പറഞ്ഞ്‌ തഴയുകയായിരുന്നു.


പക്ഷേ നിരാശനാകാതെ യേശുദാസ് പരിശ്രമിച്ചുകൊണ്ടേയിരുന്നു. അതിന്റെ ഫലമായി 1961 നവംബര്‍ 16 ന് പഴയ മദ്രാസിലെ ഭരണി സ്റ്റുഡിയോയില്‍ അദ്ദേഹത്തിന്റെ ആദ്യഗാനം റിക്കോഡ്‌ ചെയ്യപ്പെട്ടു. ശ്രീ നാരായണ ഗുരുദേവന്റെ സന്ദേശത്തെ ആസ്‌പദമാക്കി നമ്പിയത്ത് നിര്‍മ്മിച്ച് കെ എസ് ആന്റണി സംവിധാനം ചെയ്ത  'കാല്‍പാടുകള്‍' എന്ന ചിത്രത്തില്‍ 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് 'എന്ന നാലുവരി ശ്ലോകം ചൊല്ലിയാണ് യേശുദാസ് മലയാളിയുടെ കേള്‍വിയില്‍ സംഗീതമാധുര്യം ചൊരിയാന്‍ തുടങ്ങിയത്.സിനിമയിലെ മുഴുവന്‍ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷംമൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു.ആദ്യമായി പാടിയ ചിത്രം 'കാല്‍പാടുകള്‍' ആണെങ്കിലും  ആദ്യം റിലീസ് ചെയ്ത സിനിമ 'ശ്രീ കോവില്‍' ആയിരുന്നു. പിന്നീടങ്ങോട്ട് യേശുദാസിന്റെ സ്വരമാധുര്യം മലയാളികള്‍ സ്വന്തമാക്കുകയായിരുന്നു.

ദക്ഷിണാമൂര്‍ത്തി, എം എസ്‌ ബാബുരാജ്‌, ദേവരാജന്‍, രവീന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങിയ പ്രതിഭാധനരായ സംഗീതസംവിധായകര്‍ക്കും വയലാര്‍, പി ഭാസ്കരന്‍, ഒ എന്‍  വി തുടങ്ങിയ ഗാനരചയിതാക്കള്‍ക്കുമൊപ്പം യേശുദാസിന്റെ സ്വരമാധുര്യം കൂടി ചേര്‍ന്നപ്പോള്‍ മലയാള സിനിമാഗാന  മേഖലയ്‌ക്കു അതു സുവര്‍ണ്ണ കാലഘട്ടമായിരുന്നു. യേശുദാസിന്റെ താമസമെന്തേ വരുവാന്‍(ഭാര്‍ഗ്ഗവീ നിലയം) ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ(പാടുന്ന പുഴ )ഹരി മുരളീ രവം-ആറാം തമ്പുരാന്‍ നാദ ബ്രഹ്മത്തിന്‍ സാഗരം- കാട്ടു കുരങ്ങ് പ്രാണ സഖീ ഞാന്‍ വെറുമൊരു-(പരീക്ഷ) ദേവാങ്കണങ്ങള്‍ -(ഞാന്‍ ഗന്ധര്‍വന്‍), സന്ന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍(രാജഹംസം)   ചക്രവര്‍ത്തിനീ(ചെമ്പരത്തി) സ്വര്‍ണ്ണച്ചാമരം വീശി ...(യക്ഷി) പാടാത്ത വീണയും-(റസ്റ്റ് ഹൌസ്) കൃഷ്ണ തുളസിക്കതിരുകള്‍(ഉള്‍ക്കടല്‍ )പത്മ തീര്‍ഥമേ ഉണരൂ(ഗായത്രി) മനുഷ്യന്‍ മതങ്ങളെ(അച്ഛനും ബാപ്പയും) തുടങ്ങിയ ഗാനങ്ങള്‍ മൂളാത്ത മലയാളികള്‍ കുറവായിരിക്കും.ചലച്ചിത്രസംഗീതരംഗത്തിനു പുറമേ കര്‍ണ്ണാടകസംഗീത രംഗത്തും ഈ അനുഗ്രഹീത ഗായകന്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്‌. ശബരിമല അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനവും യേശുദാസാണ് ആലപിച്ചിരിക്കുന്നത്.


കശ്‍മീരി, അസാമി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലുമായി  30000ല്‍ പരം ഗാനങ്ങള്‍ ആലപിച്ച യേശുദാസ് സംഗീതസംവിധായകന്‍ എന്ന നിലയിലും അവഗണിക്കാനാവാത്ത സംഭാവന നല്‍കിയിട്ടുണ്ട്. മാരാളികേ, പുഷ്പഗന്ധി, താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പി(അഴകുള്ള സെലീന),ആശ്ചര്യചൂഢാമണി, മാനത്തെ കനലുകെട്ടു(തീക്കനല്‍), റസൂലേ നിന്‍കനിവാലെ (സഞ്ചാരി) ഹൃദയസരോവരമുണര്‍ന്നൂ (മൗനരാഗം) തുടങ്ങിയ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ പിറന്നത്‌ യേശുദാസിന്റെ സംഗീതസംവിധാനത്തിലായിരുന്നു.

യേശുദാസ് ഏതാനും ചിത്രങ്ങളില്‍ പാടി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.കാവ്യ മേള,കായംകുളം കൊച്ചുണ്ണി,അനാര്‍ക്കലി,പഠിച്ച കള്ളന്‍,അച്ചാണി,ഹര്‍ഷ ബാഷ്പം,നിറ കുടം,കതിര്‍ മണ്ഡപം,പാതിരാ സൂര്യന്‍,നന്ദനം തുടങ്ങിയ ചിത്രങ്ങളില്‍ പാടി അഭിനയിച്ച യേശുദാസ്  അവസാനമായി വേഷമിട്ടത് വിനയന്‍ സംവിധാ നം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലാണ്.

ഗായകനെന്ന നിലയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് കേരളത്തില്‍  ഒരു റിക്കോര്‍ഡിംഗ് സ്റ്റുഡിയോ എന്ന ആശയം യേശുദാസിന്റെ മനസ്സിലുദിക്കുന്നത്. മലയാളസിനിമയ്‌ക്ക് റെക്കോര്‍ഡിംഗിന്‌ മദ്രാസിനെ ആശ്രയിക്കേണ്ട അവസ്ഥയ്‌ക്ക് മാറ്റം വേണമെന്ന്‌  ചിന്തയായിരുന്നു അതിനു കാരണം. തുടര്‍ന്ന്  1980 നവംബര്‍ 23ന്‌ തരംഗിണി എന്ന പേരില്‍ യേശുദാസ് ഒരു റിക്കോര്‍ഡിംഗ് സ്റ്റുഡിയോ  തിരുവനന്തപുരത്ത് സ്ഥാപിച്ചു. അന്നത്തെ ഗവര്‍ണറായിരുന്ന ജ്യോതി വെങ്കിടാചലമായിരുന്നു സ്റ്റുഡിയോ  ഉദ്ഘാടനം ചെയ്തത്. 1981ല്‍ സഞ്ചാരി എന്ന ചിത്രത്തിലെ  ഗാനങ്ങള്‍ ആണ് ആദ്യമായി ഇവിടെ റിക്കോര്‍ഡ് ചെയ്തത്. പിന്നീടങ്ങോട്ട് നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ തരംഗണിയില്‍ പിറന്നു. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ തൊഴിലാളികളുടെ അനൈക്യവും കേരളത്തില്‍ ധാരാളം മറ്റു സ്റ്റുഡിയോകള്‍ ഉണ്ടാകുകയും ചെയ്തപ്പോള്‍ യേശുദാസിന് ഈ സംരംഭം ഉപേക്ഷിക്കേണ്ടി വന്നു.

1975 ല്‍ തരംഗ നിസ്വരി സ്കൂള്‍ ഓഫ് മ്യൂസിക് എന്ന പേരില്‍ ഇടപ്പഴഞ്ഞിയില്‍ അദ്ദേഹം ഒരു സംഗീതവിദ്യാലയവും സ്ഥാപിച്ചിട്ടുണ്ട്. എല്ലാ രണ്ടാം ശനിയാഴ്ചയും ഇവിടെ പ്രശസ്ത സംഗീതഞ്ജര്‍ സംഗീത ആസ്വാദന ക്ലാസ്സുകള്‍ നടത്തുന്നുണ്ട്. ഇപ്പോള്‍ ഒരു ട്രസ്ടറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തില്‍ നിന്ന് സംഭാവനയാണ് മോഹന്‍ സിതാരയെ പോലുള്ള നിരവധി പ്രതിഭകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.
അമേരിക്കയില്‍ പച്ചക്കറി ഫാം നടത്തിയും ബിസിനസുകാരനെന്ന നിലയില്‍  യേശുദാസ് തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. കേരളത്തില്‍ നിന്ന് വിത്തുകള്‍ കൊണ്ടുപോയി അവിടെ പാകിമുളപ്പിച്ചു മലയാളികള്‍ക്ക് നല്‍കുന്ന പദ്ധതിയായിരുന്നു അത്. പക്ഷേ പ്രതീക്ഷിച്ച പോലെ വിജയം നേടാനാകാത്തതിനാല്‍ ആ സംരഭവും ഉപേക്ഷിക്കുകയായിരുന്നു.


തന്റെ ആരാധികയായ പ്രഭയെ 1970 ല്‍ യേശുദാസ് ജീവിത പങ്കാളിയായി സ്വീകരിച്ചു. ഈ ദമ്പതികള്‍ക്ക് വിനോദ് , വിജയ്‌ , വിശാല്‍ എന്നീ മൂന്ന് മക്കളാണുള്ളത്. രണ്ടാമത്തെ മകനായ വിജയ്‌ യേശുദാസ് അച്ഛനെ പോലെ തന്നെ സംഗീതവഴിയിലാണ്. മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്ക്കാരം നേടിയ വിജയ്‌ ഇതിനകം തന്നെ ഗായകനെന്ന നിലയില്‍  തന്റെ സ്ഥാനം അടയാളപ്പെടുത്തിക്കഴിഞ്ഞു.


യേശുദാസിനെ തേടിയെത്തിയ അംഗീകാരങ്ങള്‍ എണ്ണത്തില്‍ ഏറെയാണ്‌ .  മികച്ച ഗായകനുള്ള ദേശീയപുരസ്കാരവും സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരവും ഏറ്റവും കൂടുതല്‍ തവണ ലഭിച്ചത് എന്ന നേട്ടം യേശുദാസിനു അവകാശപ്പെട്ടതാണ്. ഏഴു വട്ടം  മികച്ച ചലച്ചിത്ര പിന്നണി ഗായകനുള്ള ദേശീയ പുരസ്ക്കാരം, ഇരുപത്തിയഞ്ചു തവണ കേരള സര്‍ക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകന്‍, എട്ടു തവണ തമിഴ് നാട് സര്‍ക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകന്‍, അഞ്ചു തവണ കര്‍ണാടക സര്‍ക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകന്‍, ആറു തവണ ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകന്‍, ഒരു തവണ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകന്‍ എന്നീ ബഹുമതികള്‍ യേശുദാസിന് ലഭിച്ചിട്ടുണ്ട്.  കേരളത്തിന്റെ ആസ്ഥാന ഗായകന്‍ എന്ന വിശേഷണത്തിനു അര്‍ഹനായ യേശുദാസിന്  ഉഡുപ്പി, ശ്രിംഗേരി, രാഘവേന്ദ്ര മഠങ്ങളില്‍ ആസ്ഥാന വിദ്വാന്‍ സ്ഥാനവും ലഭിച്ചിട്ടുണ്ട്.  1992 ല്‍ സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചു. 1973ല്‍  പത്മശ്രീയും 2002ല്‍  പത്മവിഭൂഷനും നല്‍കി രാഷ്‌ട്രം ഈ അനുഗ്രഹീത ഗായകനെ അനുഗ്രഹിച്ചു. 2011ല്‍ കേരളാ സര്‍ക്കാരിന്റെ സ്വാതി പുരസ്ക്കാരം ലഭിച്ചു. 2003ല്‍ കേരളാ സര്‍വകലാശാല ഡി.ലിറ്റ്  നല്‍കി ആദരിച്ചു.

click me!