നാദിര്‍ഷ പൊലീസിന് മുന്നില്‍ ഹാജരാവണം; അറസ്റ്റ് പാടില്ലെന്ന് കോടതി

By Web DeskFirst Published Sep 13, 2017, 3:52 PM IST
Highlights

നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 18ലേക്ക് മാറ്റി. ജാമ്യാപേക്ഷയിൽ തീർപ്പുണ്ടാകും വരെ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ നാദിർഷ മറ്റന്നാൾ രാവിലെ 10 മണിക്ക് പൊലീസിന് മുന്നിൽ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. നേരത്തെ അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നെങ്കിലും അസുഖം ചൂണ്ടിക്കാട്ടി നാദിര്‍ഷ ഹാജരായിരുന്നില്ല. 

ജാമ്യാപേക്ഷ പരിഗണിക്കവെ കോടതി പൊലീസിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. കേസന്വേഷണം സിനിമാ തിരക്കഥ പോലെയാണോയെന്നും അന്വേഷണം എന്നുതീരുമെന്നും ഹൈക്കോടതി ചോദിച്ചു. ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോയെന്നും ആരെയെങ്കിലും തൃപ്തിപ്പെടുത്താനാകരുത് ചോദ്യം ചെയ്യലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. സുനിലിനെ ചോദ്യം ചെയ്യുന്നത് വാര്‍ത്ത ഉണ്ടാക്കാനാണോ എന്നും കോടതി ചോദിച്ചു. നാദിര്‍ഷയെ ഇതുവരെ പ്രതിയാക്കിയിട്ടില്ലെന്നും എന്നാല്‍ മാധ്യമങ്ങളിലൂടെ ഒരുപാടുകാര്യങ്ങള്‍ പുറത്ത് വരുന്നുവെന്ന് നാദിര്‍ഷയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. പല കഥകള്‍ മാധ്യമങ്ങളിലൂടെ വരുന്നുവെന്നും നാദിര്‍ഷയുടെ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. അപ്പോഴാണ് പോലീസ് അന്വേഷണത്തെ വിമര്‍ശിക്കുന്ന തരത്തില്‍ കോടതി ചോദ്യങ്ങളുന്നയിച്ചത്.

എന്നാല്‍ നാദിര്‍ഷയെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. രണ്ടാഴ്ചക്കുള്ളില്‍ അന്വേഷണം അവസാനിപ്പിക്കുമെന്ന് ഡി.ജി.പി വ്യക്തമാക്കി. പ്രതിചേര്‍ക്കാത്ത ഒരാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എന്തിന് എതിര്‍ക്കുന്നുവെന്നും കോടതി ചോദിച്ചു. 

click me!