ഇന്ദ്രന്‍സിന്റെ 'ആളൊരുക്കം' അഭിനയത്തിന്റെ പുതിയൊരിടം

By Vipin PanappuzhaFirst Published Apr 6, 2018, 3:16 PM IST
Highlights
  • ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് ആളൊരുക്കം. മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ വി സി അഭിലാഷ് സംവിധാനം ചെയ്‍ത ചിത്രം ഇന്ന് തീയറ്ററുകളില്‍ എത്തി

ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് ആളൊരുക്കം. മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ വി സി അഭിലാഷ് സംവിധാനം ചെയ്‍ത ചിത്രം ഇന്ന് തീയറ്ററുകളില്‍ എത്തി. തിരുവനന്തപുരം കലാഭവന്‍ തീയറ്ററില്‍ ചിത്രത്തിന്റെ ആദ്യപ്രദര്‍ശനത്തിന് ഇന്ദ്രന്‍സും എത്തിയിരുന്നു. പതിഞ്ഞ താളത്തില്‍ ആദിമാധ്യന്തം കഥ പറഞ്ഞ് പോകുന്ന ചിത്രമാണ് ആളൊരുക്കം. കഥാപാത്രങ്ങള്‍ക്ക് അപ്പുറം, അവരുടെ പ്രകടനപരതയ്‍ക്കപ്പുറം പ്രേക്ഷകനോട് സമകാലികമായി സംവദിക്കാന്‍ ഒരു വിഷയവും നല്‍കുന്നുണ്ട് ചിത്രം.

നഗരത്തില്‍ സ്വന്തം മകനെ തേടി എത്തുകയാണ്, പപ്പു പിഷാരടി. ഫ്യൂഡലായ തന്റെ ഭൂതകാല ജീവിതവും, ഒരു തുള്ളല്‍കലാകാരന്റെഎല്ലാ സഹൃദയത്വവും സ്വഭാവത്തില്‍ ചാലിച്ച ഒരു വ്യക്തി. താന്‍ ഒറ്റയ്‍ക്കാണെന്ന ബോധം നല്‍കുന്ന ഏകാന്തതയാണ്, പതിനാറുകൊല്ലം മുന്‍പ് വീടുവിട്ടിറങ്ങിയ മകനെ തേടി നഗരത്തില്‍ എത്താന്‍ പപ്പു പിഷാരടി എന്ന എഴുപത്തിയഞ്ചുകാരനെ പ്രേരിപ്പിക്കുന്നത്. അന്വേഷണം നടത്തി, തളര്‍ന്ന് വഴിയരികില്‍ വീണുപോയ പപ്പു പിഷാരടി ഒരു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നു. അവിടെയുള്ള വനിത ഡോക്ടറുടെ സുഹൃത്തായ മാധ്യമപ്രവര്‍ത്തകന്റെ സഹായത്തോടെ അവര്‍ വീണ്ടും അന്വേഷണം തുടരുന്നു.

ഒടുവില്‍ അവര്‍, പപ്പു പിഷാരടിയുടെ മകന്റെ ഭൂതകാലത്തില്‍ നിന്ന് ചികഞ്ഞെടുത്ത കാര്യങ്ങള്‍ മനസ്സിലാക്കി അവനെ കണ്ടെത്തുന്നു. പപ്പു പിഷാരടി മകനെ എങ്ങനെ സ്വീകരിക്കും, അവര്‍ക്കിടയിലെ ബന്ധം എങ്ങനെയായിരിക്കും തുടങ്ങിയ സംഘര്‍ഷകമായ അവസ്ഥയിലാണ് സംവിധായകന്‍ പിന്നീട് ചിത്രത്തെ നയിക്കുന്നത്.

ഇന്ദ്രന്‍സ് എന്ന നടന്റെ അപാരമായ പ്രകടനത്തിന്റെ പേരില്‍ ശ്രദ്ധേയമായ ചിത്രം എന്ന നിലയില്‍ തീയറ്ററില്‍ പ്രേക്ഷകന് പുത്തന്‍ അനുഭവമാകുന്നുണ്ട്. ഇന്ദ്രന്‍സ് തന്നെയാണ് സാധാരണമായ ഒരു ചിത്രത്തെ മറ്റൊരു രീതിയിലേക്ക് ഉയര്‍ത്തുന്നത് എന്ന് പറയാം.  ജീവിത പ്രതിസന്ധിയിലും,  ഏതൊരു വ്യക്തിയെയും വാചകസാമര്‍‌ഥ്യത്തില്‍‌ മലര്‍ത്തി അടിക്കുന്ന, കാല്‍ കുത്തി നടക്കാന്‍ കഴിയാഞ്ഞിട്ടും മനസിന്റെ വേഗതയില്‍ ഊര്‍ജ്ജസ്വലമായി ഓടുന്ന പപ്പു പിഷാരടിയെ ചിത്രത്തിന്റെ ആദ്യ പകുതിയില്‍ കാണാം. 

രണ്ടാം പകുതിയില്‍ പപ്പു പിഷാരടി മൗനത്തിലാണ്. മൗനത്തില്‍ പോലും നടത്തുന്ന ആ സൂക്ഷ്‌മാഭിനയത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്  ജൂറിയും കയ്യടിച്ചതാണല്ലോ. ആത്മസംഘര്‍ഷത്തെ രണ്ട് രീതിയില്‍ അവതരിപ്പിക്കുന്നതില്‍ ഇന്ദ്രന്‍സ് വിജയിക്കുന്നു. മകനെ പ്രതീക്ഷിക്കുന്ന പപ്പു പിഷാരടിയും, മകനെ കണ്ടെത്തിയ ശേഷമുള്ള പപ്പു പിഷരടിയും സമാന്തര രേഖയില്‍ സഞ്ചരിക്കുന്ന രണ്ട് കഥാപാത്രങ്ങളെപ്പോലെ തോന്നിപ്പിക്കും. ഭാവ തീവ്രമായ ഘട്ടങ്ങളില്‍ ഒരിക്കലും കെട്ടുകള്‍ വിട്ടുപോകാത്ത മുറുക്കമുള്ള അഭിനയമാണ് അദ്ദേഹം കാഴ്‍‌ചവച്ചിരിക്കുന്നത്.

ഇന്ദ്രൻസിനെ മാറ്റിനിര്‍‌ത്തിയാല്‍‌ പുതുമുഖങ്ങളാണ് ചിത്രങ്ങളില്‍ ഏറെയും. അവരില്‍ മികച്ച പകര്‍ന്നാട്ടം തന്നെ പപ്പുപിഷാരടിയുടെ മകനായി അവതരിപ്പിച്ച അഭിനേതാവ് കാണിക്കുന്നു. പപ്പു പിഷാരടിയും പുതിയ ലോകക്രമവും തമ്മിലുള്ള സംഘര്‍ഷമാണോ, അല്ല ഒറ്റപ്പെടുന്ന ഒരു വ്യക്തിയുടെ ഏകാന്തതയിലെ പ്രശ്‍നങ്ങളാണോ തിരക്കഥയില്‍ പ്രാമുഖ്യം നല്‍കേണ്ടത് എന്നതില്‍ വ്യക്തതക്കുറവ് തിരക്കഥയില്‍ ഉണ്ടെന്ന് ചിലപ്പോള്‍ തോന്നിയേക്കാം. സാങ്കേതികമായി ഒരു കൊച്ചു ചിത്രമാണെങ്കിലും ഭാവിയിലേക്ക് മികച്ച പടവുകള്‍ സംവിധായകനെ കാത്തിരിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ആകെത്തുക.

click me!