Latest Videos

റോള്‍ മോഡല്‍സിലെ വില്ലനെ കണ്ടിട്ട് മനസ്സിലാകാത്തവരോട്!

By Sudhish PayyanurFirst Published Jun 28, 2017, 6:41 PM IST
Highlights

റാഫിയുടെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായി വന്ന 'റോൾ മോഡൽസ്' മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. സിനിമ കണ്ടവരെല്ലാം ഓർത്തു വയ്ക്കുന്ന ഒരു കഥാപാത്രം ആണ് അതിലെ വില്ലനും. തമിഴ് സിനിമകളിൽ മാത്രം കണ്ടിരുന്നതരത്തില്‍ ഒരു വില്ലനെ ഇവിടെയും കാണാം. അനായാസമായ മെയ്‌വഴക്കത്തോടെ സ്‌ക്രീനിൽ നിറഞ്ഞു കൈയ്യടി വാങ്ങിയ ആ വില്ലൻ നമുക്കൊക്കെ സുപരിചിതനായ ആളാണ്.. 'അമർ അക്ബർ അന്തോണി', 'കട്ടപ്പനയിലെ ഋത്വിക് റോഷൻ' എന്നെ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ ബിബിൻ ജോർജ്. ബിബിന്‍ ജോര്‍ജ് asianetnews.tvയോട് സംസാരിക്കുന്നു. സുധീഷ് പയ്യന്നൂര്‍ നടത്തിയ അഭിമുഖം

എങ്ങനെ ആയിരുന്നു 'റോൾ മോഡൽസി'ൽ എത്തിയത്?

ദിലീപേട്ടന്റെ 'വെൽകം ടു സെന്റർ ജയിലി'ൽ അഭിനയിച്ചത് കണ്ടിട്ടാണ് റാഫി സാർ സിനിമയിലേക്ക് വിളിച്ചത്. അതിൽ വളരെ ചെറിയ സീനിൽ ആയിരുന്നു. പാലത്തിനടുത്തു വച്ച് ദിലീപേട്ടന്റെ കഥാപാത്രം ഒരു വികലാംഗനെ തല്ലാൻ പോകുന്നതും, ഒടുവിൽ അദ്ദേഹത്തിന്റെ അടുത്ത് നിന്നും തല്ലു വാങ്ങി വരുന്നതും. ആ സീനായിരുന്നു 'റോൾ മോഡല്‍സി'ല്‍ എത്തിച്ചത്.

വളരെ റിസ്ക് ആയിട്ടുള്ള ഫൈറ്റ് സീനുകൾ താങ്കൾക്കു സിനിമയിൽ ഉണ്ടല്ലോ. തന്റെ ശരീരം അത്രയും കൃത്യമായി ഉപയോഗിക്കാൻ പറ്റുന്ന ഒരാൾക്ക് മാത്രമേ അത് ഫലവത്തായി ചെയ്യാൻ പറ്റുകയുള്ളു. എന്തൊക്കെ ആയിരുന്നു കഥാപാത്രത്തിനുള്ള മുൻകരുതലുകൾ?

നന്നായി വഴങ്ങുന്ന ശരീരം തന്നെ ആണ്. സ്റ്റേജിൽ ഡാൻസ് ചെയ്യാനും കളിക്കാനും ഒക്കെ വലിയ താല്‍പര്യം ഉള്ള കക്ഷിയാണ് ഞാൻ. സിനിമയിലേക്ക് വിളിച്ചപ്പോഴും ഫൈറ്റ് ഉണ്ടാകും എന്ന് സൂചിപ്പിച്ചിരുന്നു, ഞാൻ എത്തിയപ്പോഴേക്കും പരുത്തിവീരൻ ഒക്കെ ചെയ്ത് റിയലിസ്റ്റിക് ഫൈറ്റിന്റെ ഉസ്താദ് ആയ രാജശേഖരൻ ആർ ആയിരുന്നു. അദ്ദേഹത്തിന്റെ പ്രത്യേകത എന്താണെന്ന് വച്ചാൽ ആർട്ടിസ്റ്റുകളെ വച്ചിട്ട് തന്നെ ആണ് മെയിൻ ആയി ചെയ്യുക. ഡ്യൂപ്പുകൾ വളരെ കുറവായിരിക്കും, അല്ലെങ്കിൽ ഇല്ല എന്ന് തന്നെ പറയാം. സിനിമയിൽ ആ ചാട്ടമൊക്കെ ഒരു ധൈര്യത്തിൽ അങ്ങ് ചെയ്തതാണ്. എല്ലാം നന്നായി തന്നെ വന്നിട്ടുണ്ടെന്നതിൽ സന്തോഷം ഉണ്ട്. ഗോവയിൽ വച്ച് മൂന്നു ദിവസം എടുത്താണ് അതൊക്കെ ഷൂട്ട് ചെയ്തത്.

ഫഹദിന്റെ കൂടെയുള്ള അഭിനയം എങ്ങനെ ഉണ്ടായിരുന്നു?

ഭയങ്കര കംഫര്‍ട്ട് ആയിരുന്നു. ഓരോ ഷോട്ട് കഴിയുമ്പോഴും എന്റെ അടുത്ത് വന്നു ഓക്കേ ആണോ ഓക്കേ ആണോ എന്ന് ചോദിച്ചുകൊണ്ടിരിക്കും. എന്റെ കാര്യത്തിൽ ഭയങ്കര ശ്രദ്ധ തന്നെ ആയിരുന്നു. ഒറ്റക്കാലിൽ ബലം വച്ച് ചെയ്യുന്നത് കൊണ്ട് അങ്ങോട്ടോ ഇങ്ങോട്ടോ ഒക്കെ വീഴാനുള്ള ചാൻസ് കൂടുതലാണ്. പിന്നെ ഇത് ഷൂട്ട് ചെയ്തത് ഒരു പഴയ കപ്പലിലും ആയിരുന്നു. ശരീരത്തിൽ അവിടിവിടൊക്കെ പൊട്ടലൊക്കെ ഉണ്ടായിരുന്നു, അത് പിന്നെ ടി ടി ഒക്കെ എടുത്തു ഒക്കെ ആക്കി. കൂടെ വർക്ക് ചെയ്യുന്ന എല്ലാരേയും കെയർ ചെയ്യുന്ന ആളാണ് ഫഹദിക്ക, പ്രത്യേകിച്ച് എന്നോട്. അവസാനത്തെ കടലിൽ വച്ചുള്ള സീനുകളിൽ ഒക്കെ ഫഹദിക്കയുടെ സഹായം കൊണ്ട് തന്നെ ആണ് അത്രയും നന്നാക്കാൻ പറ്റിയത്.

സിനിമ കണ്ട പ്രേക്ഷകരും സുഹൃത്തുക്കളും വിളിച്ചില്ലേ?

സത്യം പറഞ്ഞാൽ വളരെ കുറവാണ്. ആർക്കും എന്നെ മനസിലായില്ല എന്ന് തോന്നുന്നു. സിനിമ കണ്ടു കഴിഞ്ഞു സിനി പോൾസ് തിയേറ്ററിന്റെ മുന്നിൽ നിന്നിട്ടും ഒരാളും എന്നെ തിരിച്ചറിഞ്ഞില്ല. അമ്മയ്ക്കും പെങ്ങന്മാർക്കും ഒക്കെ വലിയ സന്തോഷം ആയി. പപ്പ എന്തായാലും സ്വർഗത്തിൽ ഇരുന്നു ഇതൊക്കെ കണ്ടു സന്തോഷിക്കുന്നുണ്ടാകും.

പുതിയ സിനിമ എന്ന് തുടങ്ങും?

വിഷ്‍ണു ഉണ്ണിക്കൃഷ്‍ണനും ഞാനും തന്നെ ആണ് എഴുതുന്നത്. ഏകദേശം കഴിഞ്ഞു. എഴുത്തൊക്കെ കഴിഞ്ഞു മാത്രം അഭിനേതാകകളെ തീരുമാനിക്കാം എന്നുവിചാരിച്ചു. അടുത്ത മാസം പകുതിയോടെ തന്നെ അനൗൺസ് ചെയ്യാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.

അഭിനയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്ലാൻ ഉണ്ടോ?

അങ്ങനെ പറയാൻ പറ്റില്ല. അവസരങ്ങൾ കിട്ടിയാൽ ചെയ്യും. എഴുത്തു എന്തായാലും ഉണ്ട്. വർഷത്തിൽ ഒരു സിനിമ വച്ച് എന്തായാലും ചെയ്യണം എന്ന് തന്നെ ആണ് എന്റെയും വിഷ്ണുവിന്റെയും ആഗ്രഹം. പിന്നെ രണ്ടിലും ഒരുപോലെ ശ്രദ്ധ കൊടുക്കുന്നതിനേക്കാൾ നല്ലതു എഴുത്തിനു തന്നെ ആണ് പ്രാധാന്യം കൊടുക്കുന്നത്.

 

click me!