എന്താണ് 'ലക്ഷ്യം'? - ജീത്തു ജോസഫ് പറയുന്നു

By Web DeskFirst Published May 2, 2017, 4:37 PM IST
Highlights

മലയാള സിനിമയുടെ ഗതി മാറ്റിയ സിനിമയുടെ സംവിധായകനാണ് ജീത്തു ജോസഫ്. ബോക്സ് ഓഫീസില്‍ മലയാള സിനിമയുടെ വലിപ്പം കൂട്ടിയ സംവിധായകന്‍. ജീത്തു ജോസഫ് ആദ്യമായി മറ്റൊരു സംവിധായകനു വേണ്ടി തിരക്കഥ എഴുതുകയാണ്. അന്‍സാര്‍ സംവിധാനം ചെയ്യുന്ന ലക്ഷ്യം എന്ന സിനിമയ്‍ക്കു വേണ്ടിയാണ് ജീത്തു ജോസഫ് തിരക്കഥ എഴുതിയിരിക്കുന്നത്. ആറിന് പ്രദര്‍ശനത്തിന് എത്തുന്ന ലക്ഷ്യത്തെ കുറിച്ചും സിനിമാ വിശേഷങ്ങളെ കുറിച്ചും ജീത്തു ജോസഫ് asianetnews.tvയോട് മനസ് തുറക്കുന്നു. സുധീഷ് പയ്യന്നൂര്‍ നടത്തിയ അഭിമുഖം.

2007ൽ തുടങ്ങിയ സിനിമ സംവിധാനത്തിൽ നിന്ന് പത്തു വർഷത്തിനിപ്പുറം മലയാള സിനിമയെ എങ്ങനെ നോക്കിക്കാണുന്നു?

മലയാള സിനിമയ്ക്ക് ടെക്നിക്കലായി വലിയൊരു ചെയ്ഞ്ച് തന്നെ വന്നിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ ഗുണം എന്താണെന്ന് വച്ചാൽ ഒരുപാട് ചെറുപ്പക്കാർക്ക് ഈ മേഖലയിലേക്ക് വരാൻ പറ്റി. സഹസംവിധായകൻ ആകാൻ പറ്റിയില്ലെങ്കിലും അവർക്കു സ്വന്തമായി സിനിമ ചെയ്യാൻ പറ്റുന്നു. സിനിമകൾ ചെയ്യാനും മാർക്കറ്റു ചെയ്യാനുമുള്ള സാഹചര്യങ്ങൾ വന്നു. അവർക്കു അവരെ പ്രൂവ് ചെയ്യാനുള്ള ഒരു നല്ല സ്‌പേസ് തന്നെ ഉണ്ടായിട്ടുണ്ട്. സോഷ്യൽ മീഡിയയുടെ വളർച്ചയും അവരുടെ സിനിമയെ ജനങ്ങളിൽ എത്തിക്കാനും സാധിക്കുന്നു. മാർക്കറ്റിങ്ങ് രീതി തന്നെ വലിയ രീതിയിൽ മാറിയിട്ടുണ്ട്. സിനിമയ്ക്ക് ഗുണകരമായ മാറ്റങ്ങൾക്കൊപ്പം തന്നെ ചില പ്രശ്നങ്ങളും ഉണ്ട്. സിനിമയെ അല്ലെങ്കിൽ  വ്യക്തിയെ ഒക്കെ തേജോവധം ചെയ്യുക എന്ന നിലയിലേക്കും കാലഘട്ടം മാറിയിട്ടുണ്ട്. എങ്കിലും പുതിയ ചിന്തകളുമായി ചെറുപ്പക്കാർക്ക് മുൻ നിരയിലേക്ക് വരാൻ പറ്റുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം എന്ന് കരുതുന്നു. മുൻപത്തെ സാഹചര്യം അങ്ങനെ ആയിരുന്നില്ല. ഇപ്പോള്‍ ഫിലിം മേക്കിങ് എന്നത് സാധാരണക്കാർക്കും അപ്രാപ്യം അല്ല എന്ന നിലയിലേക്ക് കാര്യങ്ങൾ മാറി.

മലയാള സിനിമ വ്യവസായത്തിൽ 'ദൃശ്യം' തുറന്നു വച്ചതു വലിയ വാതിലുകളാണ്. സിനിമ വ്യവസായത്തെ അത് എത്രത്തോളം സ്വാധീനിച്ചു.? പുതിയ ചിത്രങ്ങൾ ചെയ്യുമ്പോൾ 'ദൃശ്യം' ഒരു വെല്ലുവിളി ആയി തോന്നുന്നുണ്ടോ? അല്ലെങ്കിൽ പ്രേക്ഷകർ അങ്ങനെ ഒരു മുൻധാരണ വയ്ക്കുന്നതായി തോന്നുന്നുണ്ടോ?

ഉണ്ടാവാം. ഞാൻ 'ദൃശ്യം' ചെയ്ത ശേഷം ബോധപൂർവം ചെയ്ത സിനിമ ആണ് "ലൈഫ് ഓഫ് ജോസൂട്ടി". ദൃശ്യത്തിന് മുന്നേ ഈ സിനിമ ചെയ്തിരുന്നെങ്കിൽ അത് നല്ലൊരു വിജയം ആയേനെ. ദൃശ്യം ശരിക്കും ഒരു ബെഞ്ച് മാർക്ക് സെറ്റ് ചെയ്തു വച്ചിട്ടുണ്ട് എന്റെ ലൈഫിൽ. പക്ഷെ ഞാൻ അതിനെക്കുറിച്ചു വറീഡ് ആവുന്നില്ല. ഞാൻ എന്റേതായ രീതിയിൽ സിനിമ ചെയ്തു പോവുന്നു. കുറച്ചു നാൾ കഴിയുമ്പോൾ പ്രേക്ഷകർ അത് മറക്കും, മറന്നേ പറ്റു. ഇതിൽ അഭിപ്രായ വ്യത്യാസം ഉള്ള കാര്യം എന്നത് സിനിമ അന്നും ഇന്നും ബോക്സ് ഓഫീസ് കളക്ഷനിൽ മാത്രം വിലയിരുത്തപ്പെടേണ്ട ഒന്നല്ല. നൂറു കോടിയിലേക്കും ഇരുന്നൂറു കോടിയിലേക്കും മത്സരിക്കുന്ന സിനിമകളേക്കാൾ നല്ലതു നല്ല ആശയങ്ങൾ കൊണ്ട് നല്ല സിനിമകൾ വരുന്നതാണ്. കൂടുതൽ ഓടിയത് കൊണ്ട് നല്ല സിനിമ ആവണം എന്നില്ല, അതേസമയം ഓടാത്ത ചിത്രം മോശം സിനിമ ആണെന്നും. എങ്കിലും നല്ല സിനിമകൾ ഓടണം എന്നതാണ് ഏതൊരാളെപ്പോലെ എന്റെയും ആഗ്രഹം. എപ്പോഴും ക്വാളിറ്റി കണക്കാക്കിയായിരിക്കണം സിനിമയെ വിലയിരുത്തേണ്ടത്.

ദൃശ്യത്തിന് ശേഷം വന്ന സിനിമകളെ ദൃശ്യം പോലെ ആയില്ല എന്ന് പരാമർശിക്കുമ്പോൾ ഞാൻ അതിനു ചെവി കൊടുക്കാറില്ല എന്നതാണ് സത്യം.

കുടുംബ ചിത്രം, തമാശ ചിത്രം, ത്രില്ലർ.. അങ്ങനെ ഒരു പ്രത്യേക ടൈപ്പിലേക്കു ഒതുങ്ങാതെ സിനിമകളിലെ വൈവിധ്യം മനപ്പൂർവം തെരഞ്ഞെടുക്കുന്നതാണോ?


വ്യത്യസ്ത സിനിമകൾ ചെയ്യണം എന്നത് തന്നെയാണ് ആഗ്രഹം. പലപ്പോഴും ഇതിന്റെ ക്യാറ്റഗറി ഫിക്സ് ചെയ്യുന്നത് തന്നെ കൺഫ്യുഷൻ ഉണ്ടാക്കിയിട്ടുണ്ട്. ത്രില്ലർ എന്ന നിലയ്ക്ക് ചെയ്തത് "മെമ്മറീസ്" ആണ്. ദൃശ്യം ശരിക്കും ഒരു ഫാമിലി ഡ്രാമ ആണ്, അതേസമയം ഊഴം ഒരു ആക്ഷൻ മൂഡിലുള്ള റിവഞ്ച് സ്റ്റോറി ആണ്. ആൾകാർ പക്ഷെ ഇതിനെയൊക്കെ ത്രില്ലർ എന്ന് തന്നെയാണ് വിളിക്കുന്നത്. "ലക്‌ഷ്യം" ഇതിൽ നിന്നൊക്കെ മാറി നിൽക്കുന്നൊരു കഥ ആണ്. പിന്നെ സബ്ജക്ട് എടുക്കുന്നതിൽ  ത്രില്ലർ ടൈപ്പ് എടുക്കുന്നതിൽ കുറച്ചു കൂടെ കംഫർട് ആണെന്ന് തോന്നുന്നു. തമാശ ചിത്രങ്ങളോ ഫാമിലി ചിത്രങ്ങളോ ആകുമ്പോൾ കുറച്ചു സ്‌ട്രെയിൻ എടുക്കേണ്ടി വരുന്നു. എന്നാലും എല്ലാ തരത്തിലും ഉള്ള വ്യത്യസ്തമായ ചിത്രങ്ങൾ എടുക്കുക എന്നത് തന്നെ ആണ് സന്തോഷം.

എഴുത്തുകാരൻ തന്നെ സംവിധായകൻ ആകുന്നതു കൊണ്ടുള്ള ഗുണങ്ങൾ?

തീർച്ചയായും. ഇതിന്റെ ഏറ്റവും വലിയ ഗുണം എന്ന് വച്ചാൽ, എഡിറ്റു ചെയ്ത സ്ക്രിപ്റ്റ് റെഡി ആയി കഴിഞ്ഞാൽ  ഞാൻ ശരിക്കും ആ സിനിമ കണ്ടതിനു തുല്യം ആണ്. പിന്നീട് ഷൂട്ട് ചെയ്യുമ്പോൾ ആയാലും കൃത്യമായി അത് സ്‌ക്രീനിൽ എത്തിക്കാൻ സാധിക്കും, പക്ഷേ അതേസമയം വേറൊരാൾ കൂടെ വരുമ്പോൾ രണ്ടു തലച്ചോറുകൾ വരുന്നുണ്ട്. അപ്പോള്‍ ചില തലങ്ങളിലേക്ക് പോകാൻ അത് അനിവാര്യം ആയിരിക്കാം. രണ്ടിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്.

ലൈഫ് ഓഫ് ജോസൂട്ടി വേറൊരാളുടെ കഥയിൽ സംവിധാനം ചെയ്ത ചിത്രം ആയിരുന്നു. ഇപ്പോൾ സ്വന്തം കഥയിൽ വേറൊരു സംവിധായകൻ വരുന്ന ലക്‌ഷ്യം. എന്തുകൊണ്ടാണ് സംവിധാനം വേറൊരാളെ ഏല്‍പ്പിച്ചത്?

ഇത് ശരിക്കും അൻസാർ എന്നോട് പറഞ്ഞ കഥയാണ്, അങ്ങനെ ഞാൻ എഴുതി കൊടുത്തതാണ്. 'ഡിറ്റക്ടീവ്' ഇറങ്ങിയ സമയത്തു ഉള്ള പരിചയം ആണ് ഞങ്ങൾ തമ്മിൽ. ഈ കഥ സിനിമ ആകാൻ തന്നെ അൻസാർ ഒരുപാട് കഷ്‍ടപ്പെട്ടിട്ടുണ്ട്, അഭിനേതാക്കളെ കിട്ടാനും പ്രൊഡ്യൂസറെ കിട്ടാനും ഒക്കെ. സിനിമയുടെ ചിന്ത വളരെ നല്ലതായി തോന്നിയത് കൊണ്ട് ഞാൻ തന്നെ എഴുതിക്കൊടുക്കാം എന്ന് പറഞ്ഞതാണ്. എഴുതിക്കഴിഞ്ഞും ഒരുപാട് ക്ലേശങ്ങൾ ഉണ്ടായിട്ടുണ്ട്. അങ്ങനെ നമ്മൾ തന്നെ നിർമിക്കാൻ തീരുമാനിച്ചു. പിന്നീട് ബിജു മേനോനും ഇന്ദ്രജിത്തും ഈ സിനിമയുടെ ഭാഗമായി. ഒരുപാട് നാളത്തെ കഷ്ടപ്പാടാണ് ഈ സിനിമ. അൻസാർ ഈ സിനിമ നല്ല രീതിയിൽ  തന്നെ ചെയ്തിട്ടുണ്ട് എന്ന് പൂർണ വിശ്വാസവും ഉണ്ട്.

ലക്‌ഷ്യം എത്തരത്തിൽ ഉള്ള സിനിമയാണ്?

ലക്‌ഷ്യം ഒരു അഡ്വഞ്ചർ ഡ്രാമ ആണ്. ഒരു കാട്ടിൽ അകപ്പെടുന്ന വ്യത്യസ്ത സ്വഭാവക്കാരായ രണ്ടു പേര്‍. അവർക്കു പിറകിൽ വരുന്ന പൊലീസ്. അങ്ങനെ ഒക്കെ ആണ് കഥ പോകുന്നത്. പുറമെ കാണുമ്പോൾ തീർച്ചയായും ഇത് ഒരു യൂഷ്വൽ സിനിമ ആയി തോന്നുമെങ്കിലും  ഇത് ഒരു അൺ യൂഷ്വൽ സിനിമ തന്നെ ആണ്. എത്ര കാലം ഓടും എന്ന് കൃത്യമായി പറയാൻ കഴിയില്ലെങ്കിലും ഇത് നല്ല സിനിമ ആണെന്ന് എനിക്ക് പൂർണ വിശ്വാസം ഉണ്ട്. ഒരു ക്ളീൻ എന്റർടെയ്നർ ആയി തന്നെ നിങ്ങള്ക്ക് ഈ സിനിമയെ സമീപിക്കാം.

സിനിമ ചർച്ചകൾ വലിയ രീതിയിൽ നടക്കുന്നുണ്ട് സമൂഹ മാധ്യമങ്ങളില്‍. ഇതൊക്കെ ശ്രദ്ധിക്കാറുണ്ടോ? ഇടപെടലുകൾ നടത്തണം എന്ന് തോന്നിയിട്ടുണ്ടോ?

ചർച്ചകൾ ഒരുപാട് നടക്കുന്നുണ്ട് എന്നറിയാം. പക്ഷെ യഥാർത്ഥ പ്രശ്‍നനങ്ങൾ ചർച്ച ചെയ്യപ്പെടുന്നില്ല എന്നതാണ് പ്രശ്നം. അതിൽ ഏറ്റവും പ്രധാനം തിയേറ്ററിന്റെ ക്വാളിറ്റി തന്നെ ആണ്. നല്ല രീതിയിൽ ചെയ്ത സിനിമകൾ പലപ്പോഴും തിയേറ്ററിൽ എത്തുമ്പോൾ വളരെ മോശം കാഴ്ച അനുഭവം ആണ് ലഭിക്കുന്നത്. ഒരു നാഥനില്ലാ കളരി പോലെ ആണ് ഈ പ്രശ്നങ്ങൾ നിലനിൽക്കുന്നത്. ഇത് ചാനലിൽ ചർച്ച  ചെയ്തത് കൊണ്ട് ഗുണം ഉണ്ടാകും എന്ന് തോന്നുന്നില്ല, ഒരു മേശയ്ക്കു ചുറ്റും ഇരുന്നു സംസാരിച്ചു തീരുമാനങ്ങൾ നടപ്പിലാക്കേണ്ട കാര്യം ആണ്. അത്തരം ചർച്ചകളിൽ എന്റെ പ്രാധിനിധ്യവും ഉണ്ടാകും. പ്രവൃത്തിയിൽ വിശ്വസിക്കുന്നത് കൊണ്ട് ഇത്തരം വാചക കാസർത്തുകളിലേക്കു ഞാൻ പോകാറില്ല എന്നതാണ് സത്യം.

ഇത്തവണ 'ലക്ഷ്യ'ത്തിന്റെ 'ഊഴ'ത്തിൽ ഒരു ദൃശ്യ വിരുന്നു പ്രതീക്ഷിക്കാമോ?

ദൃശ്യ വിരുന്നു എന്ന് പറയുന്നത് കൊണ്ട് ദൃശ്യം പോലൊരു ചിത്രം ആണെങ്കിൽ തീർച്ചയായും അല്ല. കുറച്ചു വ്യത്യസ്‍തമായ നല്ലൊരു കഥ പറയുന്ന എന്റർടെയ്നർ തന്നെ ആയിരിക്കും ഈ ചിത്രം.

 

click me!