സംവിധായകനാകാന്‍ വേണ്ടി തിരക്കഥാകൃത്തായ നജീം

സി. വി സിനിയ |  
Published : Feb 13, 2018, 10:31 AM ISTUpdated : Oct 04, 2018, 06:05 PM IST
സംവിധായകനാകാന്‍ വേണ്ടി തിരക്കഥാകൃത്തായ നജീം

Synopsis

നല്ല തിരക്കഥയുടെ പിന്‍ബലമുള്ള സിനിമകള്‍  കണ്ടുശീലിച്ച പ്രേക്ഷകര്‍ക്ക് "കളി' ഒരു ഹരം പകരുന്ന ചിത്രമാണ്. വലിയ താരങ്ങളുടെ അകമ്പടിയില്ലാതെ തീര്‍ത്തും പുതുമുഖ താരങ്ങളെ ഉള്‍പ്പെടുത്തിയ ചെയ്ത നല്ല ചിത്രം. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ തിരക്കഥാകൃത്ത് നജീം കോയ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കളി. തന്റെ ആദ്യ സിനിമയെ കുറിച്ച് നജീം കോയ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി സംസാരിക്കുന്നു.

സിനിമയ്ക്കുള്ള പ്രതികരണം

സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.നിലവാരമുള്ള ഒരു സിനിമ എന്ന് പറയിപ്പിക്കുന്നതില്‍ ഒരു സംവിധായകനെ സംബന്ധിച്ച് വലിയ ടെന്‍ഷനുള്ള കാര്യമാണ്. അവരുടെ സംതൃപ്തി എന്നത് സിനിമ നല്ലതാണെന്ന് പ്രേക്ഷകര്‍  പറയുകയെന്നതാണ്. എന്റെ ആദ്യ സിനിമയ്ക്ക് അത് ലഭിച്ചു, അതില്‍ ഞാന്‍ സംതൃപ്തനാണ്. നിര്‍മാതാവിന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ ചിത്രം കാണാന്‍ പ്രേക്ഷകന്‍ ഉണ്ടാകുകയെന്നതാണ്. ഇനി അറിഞ്ഞും കേട്ടും ആളുകള്‍ വരണം. കാരണം ഇത് വലിയ താരങ്ങളുടെ സിനിമയല്ലാത്തതിനാല്‍ മുന്‍ഗണന കിട്ടാന്‍ സാധ്യത കുറവാണ്.

 താരങ്ങളില്ലാത്ത സിനിമ

 സിനിമ ചെയ്യുമ്പോള്‍ വെല്ലുവിളി ഒന്നും എനിക്ക് ഉണ്ടായിട്ടില്ലെങ്കിലും ഇപ്പോഴാണ് ആ വെല്ലുവിളി ഞാന്‍ നേരിടുന്നത്. എപ്പോഴും ഏറ്റവും വലിയ വെല്ലുവിളി  കഥ നിര്‍മാതാവിനോട് പറഞ്ഞ് മനസ്സിലാക്കുകയെന്നുള്ളതാണ്. എന്റെ നിര്‍മാതാവ് അതിന് തയാറായിരുന്നു. വലിയ ആര്‍ട്ടിസ്റ്റുകളെ വച്ച് സിനിമ ചെയ്യേണ്ട ബഡ്ജറ്റിലാണ് ഞാന്‍ ഈ സിനിമ പുതിയ ആളുകളെ വച്ച്  സംവിധാനം ചെയ്തത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഞാനും നിര്‍മാതാവും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നം നമുക്ക് മുന്‍ഗണന കിട്ടുന്നില്ലയെന്നതാണ്. എന്നിരുന്നാലും എനിക്ക് നൂറ് ശതമാനം സന്തോഷമുണ്ട്. മിക്ക പ്രേക്ഷകരില്‍ നിന്നും നല്ല ചിത്രമാണെന്ന പ്രതികരണമാണ് ലഭിക്കുന്നത്. 

 സിനിമയുടെ ആശയം

ഞാന്‍ ചെയ്യാനിരുന്നത് വലിയ ക്യാന്‍വാസിലുള്ള സിനിമകളായിരുന്നു. പക്ഷേ പുതുമുഖ സംവിധായകനായ എന്നെ വിശ്വസിച്ച് അഭിനയിക്കാനും പണം മുടക്കാനും എനിക്ക് ആളുകള്‍ വേണമായിരുന്നു. മാത്രമല്ല എന്നെ വിശ്വസിച്ച് സിനിമയ്ക്ക് വേണ്ടി അവരൊക്കെ തയാറാകുമോയെന്ന്  സംശയമുണ്ടായിരുന്നു.  അങ്ങനെ അത് തെളിയിക്കാന്‍ വേണ്ടി ചെയ്ത സിനിമയാണ് കളി. ഓഗസ്റ്റ് ഫിലിംസിന്റെ ബാനറില്‍ ഷാജി നടേശനാണ് കളി നിര്‍മിച്ചത്. തിരക്കഥ കേള്‍പ്പിച്ചപ്പോള്‍ തന്നെ അവര്‍ക്ക് ഇഷ്ടമായിരുന്നു. സന്തോഷ് ശിവന്‍, തമിഴ് നടന്‍ ആര്യ, പൃഥ്വിരാജ്, എന്നിവര്‍ക്കും കഥ ഇഷ്ടപ്പെട്ടു. മാത്രമല്ല വലിയ താരങ്ങളില്ലാതെ ഈ ചിത്രം അവര്‍ ചെയ്തുവെന്നതും ശ്രദ്ധേയമാണ്.

സംവിധായകനാകാന്‍ വേണ്ടി തിരക്കഥാകൃത്തായി

 ഞാന്‍ സംവിധായകനാകാന്‍ വേണ്ടി തിരക്കഥാകൃത്തായ വ്യക്തിയാണ്. ഒരു സംവിധായകന്‍ എപ്പോഴും തിരക്കഥാകൃത്ത് കൂടിയായിരിക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാന്‍. എന്റെ ആദ്യ ചിത്രം അപൂര്‍വരാഗം 2010 ലാണ് പുറത്തിങ്ങുന്നത്. 2004 മുതല്‍ നിര്‍മാതാവിനെ കിട്ടാന്‍ വേണ്ടി കാത്തിരുന്നു. സിബി മലയില്‍ എന്റെ ഗുരുവാണ്. അദ്ദേഹമാണ് അപൂര്‍വ രാഗം സംവിധാനം ചെയ്യുന്നത്. ഞാന്‍ എഴുതിയതൊക്കെ പല നിലവാരത്തിലുള്ള സിനിമകളാണ്. അപൂര്‍വരാഗത്തിലൂടെ ആസിഫ് അലി, നിഷാന്‍ എന്നിങ്ങനെയുള്ള യുവനടന്മാരെ കൊണ്ടുവരാന്‍ സാധിച്ചു എന്നതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. ഫ്രൈഡേ, ലുക്കാച്ചുപ്പി, ടു കണ്‍ട്രീസും ഏറെ വിജയിച്ച സിനിമയാണ്.  പിന്നീടാണ് എന്റേതായി സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായത്. അങ്ങനെയാണ് ഈ സിനിമ ചെയ്യുന്നത്.

തിരക്കഥയും സംവിധാനവും

 സംവിധാനമാണ് എനിക്ക് ഏറ്റവും ഇഷ്ടം. തിരക്കഥയും സംവിധാനവും രണ്ടും രണ്ടാണ്. തിരക്കഥ എഴുതുന്നത് നല്ല ത്രില്ലില്ലാണ്. കാരണം തിരക്കഥയ്ക്ക് ഒരു സമയപരിമിതി ഇല്ലല്ലോ. സംവിധാനത്തില്‍ എപ്പോഴും ഒരു സമയത്തിനുള്ളില്‍ തീര്‍ക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ സംവിധാനം എപ്പോഴും വെല്ലുവിളി നേരിടുന്ന ഒന്നാണ്. നമ്മള്‍ കാണുന്ന അത്ര ലളിതമല്ലെന്ന് ചുരുക്കം. പക്ഷേ ഞാന്‍ ഇനിയും സിനിമ ചെയ്യണമെന്നത് കളി എന്ന ചിത്രത്തെ അടിസ്ഥാനപ്പെടുത്തിയിരിക്കും. സിനിമയ്ക്ക് നല്ല പ്രതികരണം ലഭിച്ചാല്‍ മാത്രമേ ഇനിയും സംവിധാനം ചെയ്യാനുള്ള ആര്‍ജവം എനിക്ക് ഉണ്ടാവുകയുള്ളു.

കളി പ്രചോദനമാവണം

നല്ല തിരക്കഥ ലഭിക്കാത്തതിനാല്‍ സിനിമ ചെയ്യാന്‍ കഴിയാതെ പോയ ഒട്ടേറെ നല്ല സംവിധായകര്‍ നമുക്ക് ചുറ്റിലുമുണ്ട്. ഇതുപോലെ കഴിവുള്ള പുതുമുഖ താരങ്ങളുമുണ്ട്. ഇനി വരുന്ന പുതിയ തലമുറയെ വച്ച് സിനിമ ചെയ്യാന്‍ നിര്‍മാതാക്കള്‍ക്ക് കളി ഒരു പ്രചോദനമാവണം എന്നാണ് ആഗ്രഹം. 

പുതിയ പദ്ധതികള്‍

 മുന്ന് സിനിമയ്ക്ക് വേണ്ടി ഞാന്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. ലിജോ ജോസഫ് പല്ലിശ്ശേരി, ലിബിന്‍ ജോസ്, ഷാഫി എന്നിവരുടെ ചിത്രങ്ങളാണ്. അതിന് ശേഷമായിരിക്കും എന്റെ സിനിമ എന്നതിലേക്ക് തിരിച്ച് വരുന്നത്. എന്റെ കൂടെ എഴുതിയിരുന്ന അറബ് സുല്‍ത്താന്‍ വേണ്ടി ഒരെണ്ണം എഴുതിയിട്ടുണ്ട്. ഒരു പക്ഷേ അതായിരിക്കും ഇനി ചിത്രീകരണം തുടങ്ങാന്‍ പോകുന്ന സിനിമ.

 വ്യത്യസ്തമായ സിനിമകള്‍ 

 വ്യത്യസ്തമായ സിനിമകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്. പക്ഷേ ചെയ്യുന്ന സിനിമകള്‍ വിലയിരുത്തപ്പെടണം. അടുത്ത സിനിമ പൂര്‍ണമായും ഒരു പ്രണയകഥയാണ്. പലരീതിയിലുള്ള സിനിമകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്.
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മോഹൻലാല്‍ നായകനായി വൃഷഭ, ഗാനത്തിന്റെ വീഡിയോ പുറത്ത്
ആമിര്‍, പ്രഭാസ്, ഷാരൂഖ്, ഇനി രണ്‍വീര്‍ സിംഗും, ആ മാന്ത്രിക സംഖ്യ മറികടന്ന് ധുരന്ദര്‍, ഒഫിഷ്യല്‍ കണക്കുകള്‍ പുറത്തുവിട്ടു