എന്തുകൊണ്ട് ദിലീപ്?

By സി.വി.സിനിയFirst Published Mar 30, 2018, 4:58 PM IST
Highlights

കമ്മാരസംഭവം എപ്പിക് ലെവലിലുള്ള സട്ടയര്‍ സിനിമയാണ്

സി.വി.സിനിയ

ദിലീപ് നായകനാകുന്ന പുതിയ സിനിമ റിലീസിന് ഒരുങ്ങുകയാണ്. 'കമ്മാരസംഭവം'. ഒറ്റവാക്കില്‍ പറഞ്ഞാല്‍ മൂന്ന് കാലഘട്ടങ്ങളുടെ കഥപറയുന്ന ഒരു സറ്റയര്‍ ചിത്രം. കമ്മാരസംഭവം എന്ന  ചിത്രത്തെ കുറിച്ച്  തിരക്കഥാകൃത്ത് മുരളീ ഗോപി  ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു. 

കമ്മാരസംഭവം എന്ന ചിത്രത്തിന്റെ പ്രത്യേകതകള്‍?

 കമ്മാരസംഭവം എപ്പിക് ലെവലിലുള്ള സട്ടയര്‍ സിനിമയാണിത്. ചരിത്രം, രാഷ്ട്രീയം, സിനിമ എന്നിങ്ങനെ സമൂഹത്തിലുള്ള എല്ലാകാര്യങ്ങളും  ഉള്‍പ്പെടുത്തിയാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. വ്യത്യസ്തമായ തരത്തിലാണ് ഈ സിനിമ അണിയിച്ചൊരുക്കിയത്. ദിലീപിന്റെ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളുണ്ട്. ആ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകള്‍ക്കും ഓരോ കാരണവുമുണ്ട്.  ഞാന്‍ ചെയ്തതും ചെയ്യാനിരിക്കുന്നതുമായ സിനിമകളുടെ കാര്യമെടുത്താല്‍, എന്റെ മനസ്സിനോട് അടുത്തു നില്‍ക്കുന്ന തിരക്കഥകളിലനൊന്നാണ് കമ്മാരസംഭവം. വളരെ സമയമെടുത്താണ് ഇതിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. 

താങ്കളുടെ മറ്റു സിനിമകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കമ്മാരസംഭവത്തിനെ വ്യത്യസ്തമാക്കുന്നത് എന്താണ്?

 ഈ ചിത്രത്തിന്റെ സംഗീതം, കോസ്റ്റ്യൂം, സെറ്റ് ഡിസൈനിങ്, മേക്കപ്പ്  എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങളും വളരെ വ്യത്യസ്തമായ രീതിയിലാണ് ചെയ്തിരിക്കുന്നത്. സൗണ്ട്  ഡിസൈനിംഗ്  റസൂല്‍ പൂക്കുട്ടിയാണ് നിര്‍വഹിച്ചിരിക്കുന്നത്.  ഗോപീ സുന്ദറാണ് ഗാനങ്ങള്‍ ഒരുക്കിയത്. ഇതില്‍ ഞാനും ഒരു ഗാനം ആലപിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ഒരുപോലെ സംഭാവന ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള ചിത്രം. വിഷുവിനോട് അനുബന്ധിച്ചാണ് റിലീസ് തിരൂമാനിച്ചിരിക്കുന്നത്. കൊച്ചി, തേനി, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍.

ദിലീപിനെ നായകനാക്കിയതിന് പിന്നില്‍? 

 ദീലീപ് അത്രയും നല്ലൊരു നടനാണ് എന്ന്  എനിക്കറിയാവുന്നത് കൊണ്ടാണ് ആ കഥാപാത്രത്തെ ഞങ്ങള്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചത്. പ്രേക്ഷകര്‍ ഇതുവരെ കണ്ട ദിലീപ് എന്ന നടന്റെ മുഖമായിരിക്കില്ല ഈ ചിത്രത്തിലൂടെ കാണുന്നത്. ദിലീപ് ചെയ്തിട്ടുള്ള ഏറ്റവും നല്ല കഥാപാത്രങ്ങളിലൊന്നായിരിക്കും കമ്മാരസംഭവം. 

ദിലീപ് എന്ന നടന്‍ വിവാദങ്ങളില്‍പ്പെടുന്നതിന് മുന്‍പാണോ അതിന് ശേഷമാണോ കമ്മാരസംഭവം എന്ന ചിത്രത്തില്‍ അദ്ദേഹത്തെ നായകനാക്കാന്‍ തീരുമാനിച്ചത്?

 വിവാദങ്ങള്‍ക്ക് വളരെ മുന്‍പ് തന്നെ ദിലീപിനെ നായകനാക്കാന്‍ തീരുമാനിച്ചിരുന്നു. അദ്ദേഹത്തെ ഒരു നടന്‍ എന്ന നിലയിലാണ് ഞാന്‍ കാണുന്നത്. അദ്ദേഹവുമായി ബന്ധപ്പെട്ട വിവാദങ്ങളും നിയമപരമായ കാര്യങ്ങളെ കുറിച്ചൊന്നും എനിക്ക് അറിയില്ല.

 ഈ ചിത്രം ചെയ്യുമ്പോള്‍ താങ്കളെ  കൂടുതല്‍ ടെന്‍ഷനടിപ്പിച്ചത് എന്തായിരുന്നു?

 ഒരു സിനിമ ചെയ്യുന്നത് ക്രിയേറ്റീവായിട്ടാണ്. അതിന്റെതായ ടെന്‍ഷന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നെ സംബന്ധിച്ച് കമ്മാരസംഭവം ചിത്രീകരിക്കുമ്പോള്‍ ടെന്‍ഷനൊന്നും തോന്നിയിരുന്നില്ല. പിന്നെ എല്ലാ സിനിമയ്ക്കും ഉണ്ടാകുന്നത് പോലെയുള്ള ടെന്‍ഷന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. നല്ല പ്രൊഡക്ഷനായിരുന്നു ഈ ചിത്രത്തിന്‍റേത്. ഗോകുലം മൂവിസാണ് ചിത്രം നിര്‍മിച്ചത്. വളരെ നല്ല നിര്‍മാതാക്കളായിരുന്നു അതുകൊണ്ട് തന്നെ ടെന്‍ഷനടിക്കുന്ന തരത്തിലുള്ള സംഭവങ്ങളൊന്നുമില്ലായിരുന്നു.

 നവാഗതനായ രതീഷ് അമ്പാട്ടിനെ ചിത്രം സംവിധാനം ചെയ്യാന്‍ തിരഞ്ഞെടുത്തതിന് പിന്നില്‍?

 രതീഷ് അമ്പാട്ട് ഒരു ആര്‍ട്ട് ഫിലിം സംവിധായകനാണ്. മലയാളത്തില്‍ പ്രഗത്ഭരായ അസോസിയേറ്റ് സംവിധായകാരിലൊരാളിയിരുന്നു. 
അതിലുപരി എന്റെ സുഹൃത്തുമാണ് അദ്ദേഹം. അദ്ദേഹത്തെ എന്റെ സിനിമ ഏല്‍പ്പിക്കുന്നതില്‍ നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. ഒരു വലിയ പ്രൊജക്ടാണിത്. അദ്ദേഹം അത് നന്നായി ചെയ്തിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.

ദീലീപ് തന്‍റെ  ഇതുവരെയുള്ള വേഷങ്ങളില്‍ നിന്നും ഭാവങ്ങളില്‍ നിന്നും വ്യത്യസ്തമായിട്ടാണ് കമ്മാരസംഭവത്തില്‍ എത്തുന്നത്. കമ്മാരനെ പ്രേക്ഷകര്‍ കാത്തിരിക്കുന്നത് പോലെ ഞാനും കാത്തിരിക്കുകയാണ്.

click me!