Latest Videos

കാന്‍സര്‍ ചികിത്സയ്ക്കിടെ ഹൃദയഭേദകമായ കുറിപ്പുമായി ഇര്‍ഫാന്‍ ഖാന്‍

By Web DeskFirst Published Jun 19, 2018, 11:21 AM IST
Highlights
  • ''ഞാന്‍ ആശങ്കയിലായിരുന്നു, എന്‍റെ ലക്ഷ്യസ്ഥാനം എത്താറായില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു''
  • ഹൃദയഭേദകമായ കുറിപ്പുമായി ഇര്‍ഫാന്‍ ഖാന്‍

മാസങ്ങള്‍ക്ക് മുമ്പാണ് ഇര്‍ഫാന്‍ ഖാന്‍ തനിക്ക് ന്യൂറോ എന്‍ഡോക്രെയിന്‍ ക്യാന്‍സറാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയത്. താന്‍ തിരിച്ചുവരുമെന്നും ഇര്‍ഫാന്‍ ഖാന്‍ ആരാധകര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്‍റെ ചികിത്സാഘട്ടത്തില്‍ അനുഭവിക്കുന്ന വേദനയും അതേസമയം പ്രതീക്ഷയും പങ്കുവച്ചിരിക്കുയാണ് ഇര്‍ഫാന്‍ ഖാന്‍. താരം ഇപ്പോള്‍ ലണ്ടനില്‍ ചികിത്സയിലാണ്. 

ലോകത്തെമ്പാടുമുള്ള ആരാധകര്‍ തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്യുന്നുണ്ടെന്ന് ഇര്‍ഫാന്‍ ഖാന്‍ പറയുന്നു. ''എനിക്ക് ന്യൂറോ എന്‍റോക്രൈന്‍ ക്യാന്‍സറാണെന്ന് കണ്ടെത്തി കഴിഞ്ഞു. ഇത് എന്‍റെ നിഘണ്ടുവിലെ പുതിയ വാക്കാണ്. വളരെ അപൂര്‍വ്വമായ രോഗമാണിതെന്ന് തിരിച്ചറിയുന്നു. ഇപ്പോള്‍ ഞാന്‍ തുടര്‍ച്ചയായ ചികിത്സയിലാണ്'' 

''ഞാന്‍ വ്യത്യസ്തമായ ഒരു കളിയിലായിരുന്നു. ഒരു അതിവേഗ ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്നു. സ്വപ്നങ്ങളും പദ്ധതികളും ലക്ഷ്യങ്ങളുമെല്ലാം ഉണ്ടായിരുന്നു. പെട്ടന്ന് ആരോ വന്ന് തോളില്‍ തട്ടി. നിങ്ങളുടെ ലക്ഷ്യ സ്ഥലം എത്താറായെന്നും ഇറങ്ങണമെന്നും ആവശ്യപ്പെട്ടു. ഞാന്‍ ആശങ്കയിലായിരുന്നു. എന്‍റെ ലക്ഷ്യസ്ഥാനം എത്താറായില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു...''

ചികിത്സയുടെ ഒരു ഘട്ടത്തില്‍ അര്‍ദ്ധ ആബോധാവസ്ഥയില്‍ താന്‍ മകനോട് പറഞ്ഞ വാക്കുകള്‍ ഓര്‍ത്തെടുക്കുന്നു ഇര്‍ഫാന്‍. ''പേടിയും അസ്വസ്ഥതയും തന്നെ ഭരിക്കരുതെന്നും ദുഃഖത്തിലാഴ്ത്തരുതെന്നുമായിരുന്നു എന്‍റെ നിര്‍ബന്ധം. എന്നാല്‍ അസുഖത്തിന്‍റെ വേദനയില്‍ ഒരു പ്രോത്സാഹനവും പ്രവര്‍ത്തിക്കില്ല. ഈ ലോകം മുഴുവന്‍ ഒറ്റ കാര്യത്തില്‍ കേന്ദ്രീകരിക്കപ്പെടും; അതാണ് വേദന. ദൈവത്തേക്കാള്‍ ബൃഹത്താണ് വേദനയെന്ന് തോന്നിപ്പോകും"

ചികിത്സയുടെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകവെ നേരിട്ട മാനസ്സിക സംഘര്‍ഷങ്ങളും അദ്ദേഹം തുറന്ന് പറയുന്നു. ''ഈ ആശുപത്രിയില്‍ ഒരു കോമ വാര്‍ഡുണ്ട്. എന്‍റെ മുറിയുടെ ബാല്‍കണിയില്‍ നില്‍ക്കുമ്പോള്‍ അതിന്‍റെ പ്രത്യേകത എന്നെ ഞെട്ടിക്കുന്നു. മരണത്തിന്‍റെയും ജീവിതത്തിന്‍റെയും കളികള്‍ക്കിടയില്‍ ഒറ്റ റോഡാണുള്ളത്. ഒരു വശത്ത് ഒരു ആശുപത്രിയും മറുവശത്ത് ഒരു സ്റ്റേഡിയവും. ഏതിന്‍റെയെങ്കിലും ഭാഗമാണെന്ന് ഒരിക്കലും ആര്‍ക്കും അവകാശപ്പെടാനാകില്ല എന്നത് എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. 

അസുഖത്തിന്‍റെ കാഠിന്യത്തില്‍നിന്നുള്ള തിരിച്ചുവരവിലാണ് ഇര്‍ഫാന്‍ ഖാനിപ്പോള്‍.. ''ഇപ്പോള്‍ ഞാന്‍ എന്‍റെ ശക്തി തിരിച്ചറിയുകയും കളിയില്‍ മെച്ചപ്പെടുകയും ചെയ്ത് തുടങ്ങി. ഈ തിരിച്ചറിവ്, 
ഭാവിയോ എവിടെയെത്തുമെന്നതോ കണക്കിലെടുക്കാതെ എന്നെ വിട്ടുകൊടുക്കാനും കീഴടങ്ങാനും വിശ്വസിക്കാനും പ്രാപ്തനാക്കി. ആശങ്കകള്‍ പിറകിലേക്ക് മാറുകയും മായാന്‍ തുടങ്ങുകയും മനസ്സില്‍നിന്ന് പതിയെ ഇല്ലാതവുകയും ചെയ്തു. ആദ്യമായി എന്താണ് സ്വാതന്ത്ര്യം എന്ന് ഞാനറിഞ്ഞു'' ആരാധകരുടെ പ്രാര്‍ത്ഥനയും ആശംസയും തന്നെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുകയാണെന്നും ഇര്‍ഫാന്‍ വ്യക്തമാക്കി..

'' എന്‍റെ യാത്രയിലുടനീളം ഞാനറിയുന്നതും അറിയാത്തതുമായ നിരവധി പേര്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇരുന്ന് എന്നെ ആശംസിക്കുകയും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. അവരുടെ പ്രാര്‍ത്ഥനകളെല്ലാം ഒന്നായതായി എനിക്ക് തോനുന്നു. ആ ശക്തി എന്‍റെ ഉള്ളിലെത്തുകയും അതെനിക്ക് ഊര്‍ജ്ജമാകുകയും ചെയ്തു. അത് ഒരു പൂമൊട്ട് പോലെയോ ഇല പോലെയോ തളിര് പോലെയോ, ചില്ലപോലെയോ എന്നില്‍ മുളച്ചു. ഞാന്‍ അതില്‍ നോക്കിക്കൊണ്ടേ നിന്നു. പ്രാര്‍ത്ഥനകളില്‍ മുളച്ച ഓരോ പൂവും ചില്ലയും ഇലയും എന്നില്‍ വിസ്മയവും സന്തോഷവും കൗതുകവും നിറച്ചു''- ഇര്‍ഫാന്‍ കുറിപ്പില്‍ പറയുന്നു.
 


 

click me!