
1978 ല്‍ എ ഭീം സിംഗ് സംവിധാനം ചെയ്ത മാറ്റൊലി എന്ന സിനിമയിലൂടെയാണ് ജഗന്നാഥ വര്‍മ്മ ചലച്ചിത്ര രംഗത്ത് എത്തിയത്. മാറ്റൊലിക്ക് ശേഷം 1979ല്‍ നക്ഷത്രങ്ങളേ സാക്ഷി, 1980ല്‍ അന്തഃപ്പുരം, 1984ല്‍ ശ്രീകൃഷ്ണപ്പരുന്ത്, 87 ല്‍ ന്യൂഡെല്‍ഹി തുടങ്ങി 2012ൽ പുറത്തിറങ്ങിയ ഗോൾസുവരെ 108 ചിത്രങ്ങളില്‍വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍. സംവിധായകരായ ഐ വി ശശിയുടെയും ജോഷിയുടെയും മിക്ക ചിത്രങ്ങളിലും ജഗന്നാഥ വര്‍മ്മയെ തേടി വേഷങ്ങളെത്തി. ലേലത്തിലെ ബിഷപ്പും പത്രത്തിലെ പത്രമുതലാളിയും നായര്‍ സാബിലെ സൈനികോദ്യോഗസ്ഥനുമൊക്കെ അത്തരം വേഷങ്ങളില്‍ ചിലതുമാത്രം.
മിക്ക സിനികളിലും ജഡ്‍ജിയുടെയോ കുടുംബത്തിലെ കാരണവരുടെയോ ഒക്കെ വേഷമാണ് ജഗന്നാഥ വര്‍മയ്ക്ക് ലഭിച്ചിരുന്നത്. നരസിംഹം, ആറാം തമ്പുരാന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമായിരുന്നു. ആറാം തമ്പുരാനിലെ വേഷവും ലേലത്തിലെ വികാരിയുടെ വേഷവും ചെറുതെങ്കിലും ഏറെ ശ്രദ്ധ പിടിച്ചുപറ്റി.
ആലപ്പുഴയിലെ ചേര്‍ത്തല വാരനാട്ടായിരുന്നു ജനനം. പതിനാലാം വയസ്സില്‍ കഥകളി അഭ്യസിച്ചു തുടങ്ങിയ ജഗന്നാഥ വര്‍മ്മ കളിയരങ്ങിലെ പ്രശസ്ത നടന്മാരോടൊപ്പം നിരവധി വേദികള്‍ പങ്കിട്ടുണ്ട്. കഥകളി ആചാര്യന്‍ പള്ളിപ്പുറം ഗോപാലന്‍ നായരായിരുന്നു കഥകളിയില്‍ അദ്ദേഹത്തിന്റെ ഗുരു. ചെണ്ട വിദ്വാന്‍ കല്ലൂര്‍ ഉണ്ണിക്കൃഷ്ണന്റെ കീഴില്‍ ചെണ്ടയില്‍ പരിരിശീലനം നേടിയ അദ്ദേഹം തന്റെ 74ാം വയസ്സില്‍ ചെണ്ടയിലും അരങ്ങേറ്റം കുറിച്ചു.
ഔദ്യോഗിക ജീവിതത്തിൽ പോലീസ് ഉദ്ദ്യേഗസ്ഥൻറെ വേഷത്തിൽ തിളങ്ങിയ ജഗന്നാഥ വർമ്മ സിനിമയിലും നിരവധി തവണ ഇതേ വേഷത്തിലെത്തി. 1963ല്‍ കേരള പൊലീസില്‍ ചേര്‍ന്ന വര്‍മ്മ എസ്‍പി പദവിയിൽനിന്നാണ് വിരമിച്ചത്.
പ്രമുഖ സീരിയൽ താരം മനുവർമ്മ മകനാണ്. സംവിധായകൻ വിജി തമ്പിയാണ് മകൾ പ്രിയയെ വിവാഹം ചെയ്തിരിക്കുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ