Latest Videos

ആ കാത്തിരിപ്പ് അവസാനിക്കുന്നു; ജഗതി ശ്രീകുമാർ വീണ്ടും അഭിനയരംഗത്തേക്ക്

By Web TeamFirst Published Feb 19, 2019, 1:05 PM IST
Highlights

 ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് ജഗതി വീണ്ടും അഭിനയിക്കാൻ എത്തുന്നത്. തൃശ്ശൂർ ചാലക്കുടിയിലെ വാട്ടർ തീം പാർക്കിന്‍റെ പരസ്യചിത്രത്തിലൂടെയാകും ജഗതി വീണ്ടും ക്യാമറയ്ക്ക് മുമ്പിൽ എത്തുക. 

കൊച്ചി: ആരാധകരുടെ ഏഴുകൊല്ലം നീണ്ട കാത്തിരിപ്പിന് ഒടുവിൽ വിരാമം ആകുകയാണ്. മലയാളിയുടെ പ്രിയപ്പെട്ട ജഗതി ശ്രീകുമാർ അഭിനയരംഗത്തേക്ക് മടങ്ങിവരുന്നു. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ജഗതി ശ്രീകുമാറിന്‍റെ മകൻ രാജ്കുമാറാണ് ഈ ശുഭവാർത്ത അറിയിച്ചത്.

ജഗതിയുടെ രണ്ടാം വരവ് സിനിമയിലൂടെയല്ല. തൃശ്ശൂർ ചാലക്കുടിയിലെ വാട്ടർ തീം പാർക്കിന്‍റെ പരസ്യചിത്രത്തിലൂടെയാകും ജഗതി വീണ്ടും ക്യാമറയ്ക്ക് മുമ്പിൽ എത്തുക. അടുത്തവർഷം സിനിമയിലും ജഗതി ശ്രീകുമാർ അഭിനയിക്കുമെന്ന് രാജ്കുമാർ പറഞ്ഞു. ജഗതിയുടെ തന്നെ ബാനറായ ജഗതി ശ്രീകുമാർ എന്‍റർടെയ്ൻമെന്‍റ്സ് കമ്പനിയാണ് പരസ്യചിത്രം നിർമ്മിക്കുന്നത്.

നിരവധി പരസ്യചിത്രങ്ങൾ ഒരുക്കിയ സിധിനാണ് ജഗതി അഭിനയിക്കാനിരിക്കുന്ന പരസ്യചിത്രത്തിന്‍റെ സംവിധായകൻ. പുതിയ പ്രൊജക്ടിന്‍റെ സ്വിച്ച് ഓൺ കർമ്മവും ജഗതി ശ്രീകുമാർ എന്റർടെയ്ൻമെന്റ് പരസ്യ കമ്പനിയുടെ ഉൽഘാടനവും 27ന് വൈകിട്ട് ഏഴിന് ചാലക്കുടിയിലെ വാട്ടർ തീം പാർക്കിൽ നടക്കും.  ജഗതിയുടെ സുഹൃത്തുക്കളും ചലച്ചിത്രരംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുമെന്നും രാജ്കുമാർ അറിയിച്ചു.

ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് ജഗതി വീണ്ടും അഭിനയിക്കാൻ എത്തുന്നത്. സിനിമാലോകവുമായി വീണ്ടും ഇടപഴകുന്നതും സിനിമയിലെ സുഹൃത്തുക്കളോടൊപ്പം പ്രവർത്തിക്കുന്നതും ജഗതിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടാക്കുമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് സുഹൃത്തുക്കളായ താരങ്ങളും സിനിമയിലെ സഹപ്രവർത്തകരും നേരം കിട്ടുമ്പോഴൊക്കെ ജഗതിയെ കാണാൻ എത്തുന്നുണ്ടായിരുന്നു.

സിനിമാഗാനങ്ങൾ പാടിക്കേൾപ്പിക്കാൻ പിന്നണി ഗായകരും പ്രിയനടനെ പലവട്ടം സന്ദർശിച്ചു. ജഗതിയുടെ ശാരീരിക, മാനസിക ആരോഗ്യത്തിൽ ഇത് കാര്യമായ പുരോഗതി ഉണ്ടാക്കി. ഇടയ്ക്ക് ചില ഷൂട്ടിംഗ് സൈറ്റുകളും ജഗതി സന്ദർശിച്ചു. ഏറ്റവും ഇഷ്ടമുള്ള അന്തരീക്ഷത്തിൽ വീണ്ടും ഇടപഴകുന്നത് ജഗതിയെ സാധാരണ ജീവിതത്തിലേക്ക് കൂടുതൽ മടക്കിക്കൊണ്ടുവരുമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.

2012 മാര്‍ച്ച് മാസം മലപ്പുറം തേഞ്ഞിപ്പലത്ത് വച്ചുണ്ടായ വാഹനാപകടത്തെ തുടർന്നാണ് ജഗതി അഭിനയരംഗത്തുനിന്ന് പിൻവാങ്ങിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജഗതി വർഷങ്ങൾ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. അന്നുതൊട്ടിന്നോളം മഹാനടന്‍റെ മടങ്ങിവരവിനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകരും കലാലോകവും.

click me!